ക്യാമ്പസിൽ നമ്മുടെ വ്യക്തിത്വം സംസാരിക്കട്ടെ

ക്യാമ്പസ് എന്നത് വെറും പഠനത്തിനുള്ള ഇടമല്ല; വിശ്വാസവും മൂല്യങ്ങളും സ്വഭാവവും പരീക്ഷിക്കപ്പെടുന്ന ജീവിതവേദിയാണ്. ഒരു വിദ്യാർത്ഥിയുടെ യഥാർത്ഥ വ്യക്തിത്വം ബാഹ്യസൗന്ദര്യത്തിലോ വേഷത്തിലോ അല്ല, മറിച്ച് അവന്റെ സംസ്കാരത്തിലും ജീവിതരീതിയിലുമാണ് പ്രകടമാകേണ്ടത്.
ക്ലാസ് മുറിയിലെ സത്യസന്ധത, അധ്യാപകരോടുള്ള ആദരവ്, സഹപാഠികളോടുള്ള കാരുണ്യവും സ്നേഹവും, കൃത്യമായ പ്രാർത്ഥനകൾ, അനാവശ്യമായ പ്രവണതകളിൽ നിന്നുള്ള അകലം എന്നിവയാണ് ഉത്തമ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ. നമ്മുടെ ചെറുതെന്നു തോന്നുന്ന ഇത്തരം സദ്‌പ്രവൃത്തികൾ പോലും ജീവിതം കൊണ്ടുള്ള നിശബ്ദമായ പ്രബോധനമാണ്.
ക്യാമ്പസിലെ മികവ് എന്നത് പരീക്ഷയിലെ മാർക്കിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സമയനിഷ്ഠ, ഉത്തരവാദിത്തബോധം, വാക്കുപാലിക്കൽ, പൊതുസമ്പത്ത് കാത്തുസൂക്ഷിക്കൽ തുടങ്ങിയ മൂല്യങ്ങളാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിന് തിളക്കമേകുന്നത്. അറിവിനോടുള്ള ആത്മാർത്ഥതയും വിനയവുമാണ് ഒരു പഠിതാവിന്റെ ഏറ്റവും വലിയ അലങ്കാരം.

സഹപാഠികളുടെ സമ്മർദ്ദവും താൽക്കാലിക ട്രെൻഡുകളുടെ സ്വാധീനവും മൂലം സ്വന്തം മൂല്യങ്ങളിലും ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യങ്ങൾ ക്യാമ്പസ് ജീവിതത്തിൽ ഉണ്ടായേക്കാം. എന്നാൽ പ്രലോഭനങ്ങൾക്ക് മുന്നിൽ പതറാതെ, സ്രഷ്ടാവിന്റെ പൊരുത്തത്തിന് മുൻഗണന നൽകുന്നവനാണ് യഥാർത്ഥ വിജയി. അറിവ് നേടുന്നതും അത് സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുന്നതും ഒരു വിശ്വാസിയുടെ അടിസ്ഥാന ബാധ്യതയാണ്.

വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നു: “അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും, ‘തീർച്ചയായും ഞാൻ മുസ്ലിംകളിൽ പെട്ടവനാകുന്നു’ എന്ന് പറയുകയും ചെയ്തവനേക്കാൾ ഉത്തമമായ വാക്ക് പറയുന്ന മറ്റാരുണ്ട്?!” (ഖുർആൻ 41:33)
വാക്കുകളേക്കാൾ ഉച്ചത്തിൽ നമ്മുടെ നിലപാടുകളും സ്വഭാവവും സംസാരിക്കട്ടെ; നമ്മുടെ നല്ല പെരുമാറ്റങ്ങൾ നന്മയുടെ വെളിച്ചമായി ക്യാമ്പസുകളിൽ പടരട്ടെ.