ബിറ്റ് കണക്റ്റ് ക്രിപ്റ്റോ കോയിന്‍ സ്കാം

95

സൈബർ ലോകത്തെ കാണാപ്പുറങ്ങൾ (ഭാഗം 8)

ലോകം കണ്ട ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകളിലൊന്നായിരുന്നു ബിറ്റ് കണക്റ്റ് ക്രിപ്റ്റോ സ്കാം (BitConnect Crypto Currency Scam). 2016-ൽ ആരംഭിച്ച് 2018-ൽ തകരുന്നതുവരെ ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്ന് ഏകദേശം 2.4 ബില്യൺ ഡോളർ (ഏകദേശം 2,078 കോടി രൂപ) തട്ടിയെടുത്തു എന്നാണ് കണക്കാക്കുന്നത്. ഈ തട്ടിപ്പിന്റെ മാസ്റ്റര്‍ മൈന്‍ഡ് ഒരു ഇന്ത്യക്കാരനാണ് എന്നതാണ് ശ്രദ്ധേയം.

ബിറ്റ് കണക്റ്റ് ഒരു ഹൈ യീല്‍ഡ് ഇൻവെസ്റ്റ്മെൻ്റ് പ്രോഗ്രാം (High-Yield Investment Program – HYIP) ആയിട്ടാണ് സ്വയം അവതരിപ്പിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതൊരു പൊന്‍സി സ്കീം (Ponzi Scheme) ആയിരുന്നു.

എന്താണ് പൊന്‍സി സ്കീം?
പുതുതായി നിക്ഷേപകരെ സ്കീമിലേക്ക് കൊണ്ടുവന്ന് അവരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ആ പണത്തില്‍ നിന്ന് ചെറിയൊരു ശതമാനം പഴയ നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കുന്ന തട്ടിപ്പിനെയാണ് പൊന്‍സി സ്കീം (Ponzi Scheme) എന്ന് പറയുന്നത്. പുതിയ നിക്ഷേപകര്‍ വരുന്ന മുറയ്ക്ക് സ്കീം വലുതാകുകയും അത് നിലനില്‍ക്കുകയും ചെയ്യും. പക്ഷെ എപ്പോള്‍ പുതിയ നിക്ഷേപകരുടെ വരവ് കുറയുന്നുവോ, അപ്പോള്‍ സ്കീം തകരാന്‍ ആരംഭിക്കും. ഇന്ത്യയിൽ പൊൻസി സ്കീമുകൾ നിയമവിരുദ്ധമാണ്.

സ്വപ്നതുല്യമായ വാഗ്ദാനങ്ങള്‍..!!
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബിറ്റ്കണക്ടിന്റെ പ്രൊമോട്ടര്‍മാര്‍ വാഗ്ദാനം ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന ലാഭമായിരുന്നു. പ്രതിമാസം 40% വരെയാണ് ലാഭം വാഗ്ദാനം ചെയ്തത്. മാത്രമല്ല, കൂടുതൽ നിക്ഷേപകരെ കൊണ്ടുവരുന്നവർക്ക് വലിയ കമ്മീഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു മൾട്ടി-ലെവൽ മാർക്കറ്റിംഗ് (MLM) ഘടനയും അവർ ഉപയോഗിച്ചു. ഇത് സ്കീമിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി. ലോകത്തെ നാനാഭാഗങ്ങളില്‍ നിന്നും ഈ സ്കീമിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തി.

നിക്ഷേപകരുടെ പണം ക്രിപ്റ്റോകറൻസി വിപണിയിലെ വിലവ്യതിയാനങ്ങൾ മുതലെടുക്കാൻ കഴിവുള്ള ഒരു പ്രത്യേക ട്രേഡിംഗ് ബോട്ടായ Volatility Software Trading Bot ഉപയോഗിച്ച് വ്യാപാരം ചെയ്യുമെന്നും അതിലൂടെയാണ് ഉയർന്ന വരുമാനം ലഭിക്കുന്നതെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അധികാരികൾ നടത്തിയ അന്വേഷണത്തിൽ അത്തരമൊരു ട്രേഡിംഗ് ബോട്ട് പ്രവർത്തിച്ചിരുന്നില്ല എന്നും യഥാർത്ഥത്തിൽ വ്യാപാരമൊന്നും നടക്കുന്നില്ലായിരുന്നു എന്നും കണ്ടെത്തി.

തട്ടിപ്പ് പുറംലോകമറിയുന്നു
2018-ഓടെ ബിറ്റ് കണക്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയങ്ങൾ ഉയർന്നതോടെ യു.എസ് അടക്കമുള്ള പല രാജ്യങ്ങളിലെയും അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. യു.എസിലെ ടെക്സാസ്, നോര്‍ത്ത് കരോലിന അടക്കമുള്ള പല സ്റ്റേറ്റിലെയും സെക്യൂരിറ്റീസ് ബോര്‍ഡുകളും ബിറ്റ് കണക്ടിനോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടു. അതോടെ 2018 ജനുവരി 16-ന് ബിറ്റ് കണക്റ്റ് അവരുടെ ലെൻഡിംഗ്, എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.

ബിറ്റ് കണക്റ്റിന്റെ സ്ഥാപകനും ഇന്ത്യക്കാരനുമായ സതീഷ് കുംഭാനി (Satish Kumbhani) ഉൾപ്പെടെയുള്ളവർക്കെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് നീതിന്യായ വകുപ്പ് ക്രിമിനൽ കേസുകൾ ഫയൽ ചെയ്തു. 2024ല്‍ ഇന്ത്യയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കുംഭാനിയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ 1646 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു.

നിക്ഷേപകര്‍ക്ക് സംഭവിച്ചത്
2018ല്‍ ബിറ്റ്കണക്ടിനെതിരെ നടപടി ആരംഭിച്ചതോടെ BCC (BitConnect Coin) എന്ന അവരുടെ ക്രിപ്റ്റോകറൻസിയുടെ മൂല്യം കുത്തനെ ഇടിയുകയും ഒടുവിൽ പൂജ്യത്തില്‍ എത്തുകയും ചെയ്തു. ബിറ്റ് കണക്റ്റിന്റെ തകർച്ച ലക്ഷക്കണക്കിന് നിക്ഷേപകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. നിരവധിപ്പേരുടെ ജീവിതകാല സമ്പാദ്യം ഇതിലൂടെ നഷ്ടപ്പെട്ടു. അധികാരികൾ അവരുടെ ആസ്തികൾ കണ്ടുകെട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നഷ്ടപ്പെട്ട മുഴുവൻ പണവും നിക്ഷേപകർക്ക് തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ബിറ്റ് കണക്റ്റ് ഒരു പാഠമാണ്
ബിറ്റ് കണക്റ്റ് ക്രിപ്റ്റോകറൻസി ലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്നു, ഇത് ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളിലെ അപകട സാധ്യതകളെ തുറന്നുകാട്ടുന്നതാണ്. പണത്തോടുള്ള അമിതമായ ആര്‍ത്തി കാരണം വമ്പിച്ച റിട്ടേണുകള്‍ വാഗ്ദാനം നൽകുന്ന സ്കീമുകളില്‍ തല വെക്കുന്നവര്‍ക്ക് ബിറ്റ് കണക്റ്റ് ഒരു അപായ മണിയാണ്.

(തുടരും)

അടുത്ത ലക്കം: സ്ക്വിഡ് ക്രിപ്റ്റോ കോയിൻ തട്ടിപ്പ്