ബാല്യപാദം ചവിട്ടിയ പാതയിലെവിടെയോ വളർന്ന മുൾച്ചെടി
കാലിൽ പോറിയിട്ടെന്തോ മന്ത്രിച്ചു
കാലമിത്രയും കഴിഞ്ഞിട്ടെന്തേ
നീ ഈ വഴി വരാൻ മടിച്ചു
ബാല്യാനുഭവങ്ങളെ തൊട്ടുണർത്തുമാ വിളിയിൽ ഞാനൊന്ന് പിടഞ്ഞു
മുങ്ങിക്കുളിച്ചതും മീൻ പിടിച്ചതും ഓർമ്മയിലെവിടെയോ തങ്ങി നിൽക്കുന്നു
ഇനിയുമാ നനവാർന്ന ബാല്യ ഓർമ്മയിൽ
മടങ്ങിയെത്താൻ എന്ത് ചെയ്യണം?
കാപട്യമില്ലാത്ത പ്രായമല്ലോ സുന്ദരം
മരം കയറിയതും നീന്തൽ പഠിച്ചതും മാവിലെറിഞ്ഞതും നെല്ലിക്കയുടെ കൈപ്പറിഞ്ഞതും പിന്നെ മധുരിച്ചതും
ബാല്യചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുമെല്ലാം
ഇനിയെത്ര നാളുകൾ ഇനിയെത്ര യുഗങ്ങൾ
കാത്തു നിന്നെങ്കിലും ഫലമില്ലെന്നത് സത്യം
ചില മധുരം ഓർമ്മകൾ കൊണ്ട് നുണയും
ചില ഓർമ്മകൾ പ്രായം കുറക്കും