“ഞങ്ങളുടെ B.Voc പാരാമെഡിക്കല്‍ കോഴ്സുകൾക്ക് UGC അംഗീകാരമുണ്ട്” ഇത്തരം കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കുട്ടികളെ ക്യാന്‍വാസ് ചെയ്യാന്‍ പ്രധാനമായും ഉപയോഗിക്കുന്ന പ്രയോഗമാണിത്. യഥാര്‍ത്ഥത്തില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ അംഗീകരിക്കേണ്ടത് യുജിസിയാണോ? നമുക്ക് പരിശോധിക്കാം.
UGCയുടെ B.Voc കോഴ്സ് ലിസ്റ്റില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ ഉണ്ടെന്നത് നേരാണ്. എന്നാല്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് UGC അല്ല, ആരോഗ്യ സര്‍വകലാശാലകളാണ്. ഉദാഹരണത്തിന് കേരളത്തിലെ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാലയായ Kerala University of Health Sciences (KUHS) ആണ്.
രാജ്യത്തെ ഒരു മെഡിക്കല്‍ സര്‍വകലാശാലയും B.Voc പാരാമെഡിക്കല്‍ കോഴ്സുകള്‍ അംഗീകരിച്ചിട്ടില്ല. അതായത് B.Voc പാരാമെഡിക്കല്‍ കോഴ്സുകളെ നമ്മുടെ രാജ്യത്ത് ഒരു പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സായി അംഗീകരിച്ചിട്ടില്ല എന്നും പറയാം. ഡിപ്ലോമയായി പോലും അതിനെ പരിഗണിക്കുമോ എന്നത് സംശയമാണ്. കാരണം കേരളത്തിലെ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനാണ് (DME). B.Voc കോഴ്സുകള്‍ക്ക് DME അംഗീകാരവുമില്ല.

മറ്റൊരു കാര്യം ഓരോ യൂണിവേഴ്സിറ്റിക്കും അതിന് നിര്‍ണ്ണയിച്ചു നല്‍കിയ ഒരു പ്രവർത്തന പരിധിയുണ്ട്. അതിനകത്ത് മാത്രമേ അവര്‍ക്ക് റഗുലറായി കോഴ്സുകൾ നടത്താനാവൂ. അതേസമയം നമ്മുടെ നാട്ടില്‍ B.Voc പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. അവര്‍ ഇഷ്യൂ ചെയ്യുന്നതോ, കേരളത്തിന് പുറത്തുള്ള നോണ്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റാണ്. ഇക്കാരണം മാത്രം മതിയാകും ഇത്തരം കോഴ്സുകള്‍ക്ക് അംഗീകാരം കിട്ടാതിരിക്കാന്‍.
മേല്‍ പറഞ്ഞ കാരണങ്ങളാല്‍ പാരാമെഡിക്കല്‍ ബി.വോക് കോഴ്സ് പൂര്‍ത്തീകരിച്ച ഒരാള്‍ക്ക് പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ കിട്ടാന്‍ സാധ്യതയില്ല. രജിസ്ട്രേഷന്‍ കിട്ടാഞ്ഞാല്‍ നിരവധി പ്രശ്നങ്ങളുണ്ട്.
● കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന് കീഴിലുള്ള ജോലികള്‍, ആര്‍മി, റെയില്‍വേ, എയിംസ്, ജിപ്മെര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മെഡിക്കല്‍ സംബന്ധമായ ജോലികള്‍ എന്നിവയിലേക്കൊന്നും അപേക്ഷിക്കാന്‍ പറ്റില്ല.
● വിദേശത്തെ ജോലിക്ക് അപേക്ഷിക്കാനും പറ്റാത്ത സ്ഥിതിവിശേഷമുണ്ടാകും.
ഒട്ടേറെ തട്ടിപ്പുകള്‍ നടക്കുന്ന മേഖലയാണ് പാരാമെഡിക്കല്‍ വിദ്യാഭ്യാസം. ലക്ഷക്കണക്കിന് രൂപയാണ് പല സ്ഥാപനങ്ങളും ബി.വോക് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം ഫീസായി ഈടാക്കുന്നത്. കോഴ്സ് പൂര്‍ത്തീകരിച്ച് ജോലിക്ക് അപേക്ഷിക്കുന്ന സമയത്താണ് തന്റെ കോഴ്സ് ഒരു പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സായി പരിഗണിക്കപ്പെടുന്നില്ലായെന്ന യാഥാര്‍ത്ഥ്യം പല വിദ്യാര്‍ത്ഥികളും മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ പാരാമെഡിക്കല്‍ രംഗത്തേക്ക് കാലെടുത്തു വെക്കുന്നവര്‍ക്ക് നിതാന്ത ജാഗ്രത അനിവാര്യമാണ്.