‘എടാ , നിന്റെ ഉപ്പാക്ക് ചെറിയൊരു ആക്‌സിഡന്റ് , നീ പെട്ടെന്നൊന്ന് ആശുപത്രി വരെ വരണം’ കൂട്ടുകാരൻ നിഹാലിന്റെ പെട്ടെന്നുള്ള വിളി കേട്ട് ഒന്ന് ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച് ഷഹീർ വേഗം ഉമ്മയെയും കൂട്ടി ആശുപത്രിയിലേക്ക് കുതിച്ചു.
ഇരുചക്രവാഹനത്തിലുള്ള ആ യാത്രയിൽ മുഴുവൻ ആലോചനയായിരുന്നു. അല്ലാഹ്… ഉപ്പാക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ …. നിഹാൽ എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല . സാധാരണ പറയേണ്ടതാണ്, അവൻ ഇനി വല്ലതും ഒളിപ്പിക്കുന്നുണ്ടോ?
എന്താണെന്നറിയില്ല വല്ലാത്തൊരു ബേജാർ. ഇത്രയും കാലം ഉപ്പ പറയുന്നതൊന്നും മര്യാദക്ക് കേട്ടിട്ടുമില്ല, അനുസരിച്ചിട്ടുമില്ല. ഖുർആൻ പഠിക്കാൻ വിട്ടപ്പോൾ വെറുതെ തെണ്ടിനടന്ന് സമയം കളഞ്ഞു. കോളേജ് പഠനമെത്തിയപ്പോൾ ഉപ്പ നിർദ്ദേശിച്ച കോഴ്സ് എടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം കൂട്ടുകാരുടെ കൂടെ ഒരു കോഴ്സ് തെരഞ്ഞെടുത്തു.
അല്ലാഹ് ….. ഇന്നലെയും കൂടി ‘ബൈക്കിൽ ഒന്ന് അങ്ങാടി വരെ കൊണ്ട് വിടുമോ’ എന്ന് ഉപ്പ ആവശ്യപ്പെട്ടപ്പോൾ ‘ഫ്രണ്ടിന്റെ വീട്ടിൽ ഒരു പാർട്ടിയുണ്ട്’ എന്ന് പറഞ്ഞു തിരിഞ്ഞുകളഞ്ഞതാണ്.
ഉപ്പക്കെന്തെങ്കിലും സംഭവിച്ചാൽ ഉമ്മയെയും സഹോദരങ്ങളെയും താൻ നോക്കേണ്ടി വരുമല്ലോ. ഇങ്ങനെ തുടങ്ങി പലവിധ ചിന്തകളും അവന്റെ മനസ്സിലൂടെ കടന്നുപോയി. ആശുപത്രിയിൽ എത്തി റിസെപ്ഷനിൽ അന്വേഷിച്ചപ്പോഴാണ് ICU വിലാണെന്ന് അറിയാൻ സാധിച്ചത്.
വേഗം ഓടി ICU വിന്റെ മുമ്പിലെത്തിയപ്പോൾ ഡോക്ടർ വാതിൽ തുറന്ന് പുറത്തിറങ്ങുന്നത് കണ്ടു. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ക്രിട്ടികൽ ആണ് ഞങ്ങളാൽ കഴിയുന്നത് ഞങ്ങൾ ചെയ്തിട്ടുണ്ട് ഇനി ദൈവത്തോട് പ്രാർത്ഥിച്ചോളൂ എന്നുള്ള മറുപടി കിട്ടി. ഉമ്മ കരയാൻ തുടങ്ങി. എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ നോക്കി നിൽക്കാനേ അവന് സാധിച്ചുള്ളൂ. മെല്ലെ കൈയും തലയും മുകളിലേക്കുയർത്തി പ്രാർത്ഥിച്ചു
‘യാ അല്ലാഹ്… നീ ഉപ്പയെ കാത്തുകൊള്ളണേ …….’. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ വെള്ളതുണി പുതപ്പിച്ച ഉപ്പയുടെ ചേതനയറ്റ ശരീരമാണവൻ കണ്ടത്. ഉമ്മ തലകറങ്ങി നിലത്തുവീണത് കണ്ട് ഒന്നും ഉരിയിടാൻ സാധിക്കാതെ നൂറുകണക്കിന് ചിന്തകളുമായി അവൻ അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ചാഞ്ഞു.
‘ ഷഹീറേ. .. എഴുന്നേൽക്. എത്ര നേരായി നിന്റെ ഫോൺ ബെല്ലടിക്കുന്നു. സമയെത്രയായെന്നറിയോ. …. കോളേജിൽ പോണ്ടേ. ……..‘
ഉമ്മയുടെ ശബ്ദം കേട്ടാണ് ഷഹീർ എണീറ്റത്. ഇത്രയും നേരം താൻ സ്വപ്നലോകത്തായിരുന്നെന്ന് അപ്പോഴാണ് അവന് മനസ്സിലായത്. രണ്ടാമതൊരു ജന്മം കിട്ടിയ സന്തോഷത്തിൽ വേഗം അവൻ ഓടി ഉപ്പാടെ അടുത്തേക്ക് ഓടി ഉപ്പയെ കെട്ടിപ്പിടിച്ചു. എന്താണ് നടക്കുന്നതെന്നറിയാതെ ഉമ്മയും ഉപ്പയും നോക്കി നിൽക്കെ കവിളിലെത്തിയ കണ്ണുനീർ തുടച്ച് അവൻ മെല്ലെ കോളേജിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങി.