പൊട്ടികരഞ്ഞുകൊണ്ടാണ് അവൾ ഉറക്കമുണർന്നത്..
മുറിയിലെ നിശബ്ദത അവളുടെ ഹൃദയമിടിപ്പിന്റെ വേഗത അളക്കുന്നുണ്ടായിരുന്നു…..നിറകണ്ണുക ൾ തുടച്ച് തിടുക്കത്തിൽ അവൾ ഉമ്മറപ്പടി ലക്ഷ്യമാക്കി നടക്കവേ സന്ധ്യ വരവറിയിച്ചിരുന്നു…. പക്ഷികൾ തന്റെ വീട്ടുമുറ്റത്തെ മാവിൻകൊമ്പിൽ അമ്മപക്ഷിയോടൊപ്പം കൂടണയുന്നതുകണ്ട അവളുടെ ആ മൃദുലനയനങ്ങൾ പിന്നെയും കണ്ണീരുപൊഴിച്ചു…. അവൾപോലും അറിയാതെ….
നന്ദു…… കൊള്ളാം ഇവിടെവന്നു നിക്കുകയാണോ…. എവിടെയൊക്കെ നോക്കി…. ഇപ്പോ വരാമെന്ന് പറഞ്ഞ് പോയിട്ട്? ഇത്രനേരം വൈകിയപ്പോഴേ ഞാൻ ഊഹിച്ചു ഇങ്ങോട്ടാകും വന്നതെന്ന്……. നന്ദു…. കുട്ട്യേ നീ ഇത് വല്ലതും കേൾക്കുന്നുണ്ടോ???
കണ്ണുകൾ തുടച്ച് തെല്ലുഞെട്ടലോടെയാണ് അവൾ പിൻതിരിഞ്ഞു നോക്കിയത്….
ആ ചിറ്റേ…..വീട്ടിൽ ഇരുന്ന് മുഷിഞ്ഞപ്പോൾ ചുമ്മാ…ഞാൻ….
കുറെ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട് അതാ പിന്നെ……
ഉം… പോകണ്ടേ…… സന്ധ്യമയങ്ങി…. ഇരുട്ടുപിടിക്കും മുന്നേ അങ്ങ് എത്താനുള്ളതല്ലേ….
ഹാ… ചെറുപുഞ്ചിരിയോടെ അവൾ തുടർന്നു,
ചിറ്റക്ക്യറിയോ ഈ പടിഞ്ഞാറെ ചായിപ്പായിരുന്നു ഞങ്ങളുടെ മുറി…..ഒരുപാട് ഓർമകൾ എനിക്ക് സമ്മാനിച്ച എന്റെ സ്വർഗം.എത്ര പെട്ടന്നാണ് എല്ലാം….. അന്ന് എനിക്ക് അങ്ങനെയൊക്കെ തോന്നിയില്ലായിരുന്നെങ്കിലോ….. ഇന്ന് എന്റെ കൂടെ അവരും…
വാക്കുകൾ പൂർത്തിയാക്കാൻ അവളുടെ ഇടറിയ ശബ്ദം അനുവദിച്ചില്ല….. നിശബ്ദതയുടെ മുഖം മൂടിയണിയുവാനേ അവരും ശ്രമിച്ചുള്ളൂ…. ഇരുവരും തിരിച്ചുള്ള വണ്ടികയറി…. നന്ദുവിന്റെ ഇരിപ്പിടം ജാലകത്തിനരികിലായിരുന്നു… അവൾ മയങ്ങിപ്പോയി….
ഇത് നന്ദുവിന്റെ കഥയാണ്…..ഗീതാമ്മക്കും സാനുമാഷിനും ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ കിട്ടിയ സ്വത്തിന്റെ കഥ…..കഥനടക്കുമ്പോൾ അവൾ 4 ആം തരം പഠിക്കുകയായിരുന്നു….കൊല്ല വർഷപരീക്ഷയിൽ മുഴുവൻ വിഷയത്തിനും മുഴുവൻ മാർക്കും വാങ്ങിയ സന്തോഷത്തിൽ ആയിരുന്നു അവൾ….. പള്ളികൂടം വിട്ടുവന്നതോ, കഴുത്തിൽ ഒരു മെഡലും,കയ്യിൽ ഒരു ട്രോഫിയും ഓക്കേ കൊണ്ടാണ്.
അമ്മേ……. ഒന്നിങ്ങു വന്നേ… നന്ദൂന് എന്തൊക്കെയാ മാഷ് തന്നേന്ന് നോക്കിക്കേ….
ഉമ്മറത്തുവന്ന അമ്മയെ കണ്ടതും നന്ദു ഓടിപോയി വാരിപ്പുണർന്ന് ഒരായിരം മുത്തം നൽകികൊണ്ട് പറഞ്ഞു…
ദേ അമ്മേ എനിക്കാ സ്ക്കൂളിൽ ഏറ്റവും വലിയ മാർക്ക്…… കേളു മാഷ് പറഞ്ഞല്ലോ,നന്ദുവാ ക്ലാസ്സിലെ മിടുക്കിയെന്ന്… മാഷാ ഇതൊക്കെ തന്നെ….
അച്ഛൻ വരട്ടെ നന്ദൂട്ടിക്ക് നല്ലൊരു സമ്മാനം വാങ്ങിത്തരാൻ പറയുന്നുണ്ട് ഞാൻ…
അമ്മേ…നന്ദുന് സമ്മാനം ഒന്നും വേണ്ട…. പകരം….. എന്റെ ഒരാഗ്രഹം സാധിച്ചു തരാമോ…….
ആറ്റുനോറ്റ് കിട്ടിയ നിധിയുടെ ആവിശ്യമെന്ന് തോന്നുന്ന ആഗ്രഹങ്ങൾ ഒക്കെയും നടത്തികൊടുത്തിരുന്ന ആ അമ്മ മൂളി…
അച്ഛൻ വരട്ടെ….
നേരം സന്ധ്യമയങ്ങി…… കാലവർഷകെടുതി ആയതിനാൽ മാനം നന്നേ ഇരുട്ടിതുടങ്ങിയിരുന്നു …..
ഉമ്മറ പടിക്കലിരുന്ന് അക്ഷമയായി അവൾ ഉറക്കെ വിളിച്ചു ചോദിച്ചു… അമ്മേ സമയം ആറര കഴിഞ്ഞല്ലോ… അച്ഛൻ എന്താ ഇങ്ങ് എത്താത്തത്..?
എന്താ ഇത്ര വൈകുന്നത്?..
നന്ദു,നീ ഇപ്പോഴും ഉമ്മറ പടിയിൽ ഇരിക്കുകയാണോ? എത്ര നേരമായി പറയുന്നു അകത്തു കയറാൻ…
ശബ്ദം അല്പം കടുപ്പിച്ചുകൊണ്ട് അൽപ്പം ശകാരമുനയോടെയാണ് അമ്മയുടെ ആ സംസാരമെന്നവൾക്ക് തോന്നി …
ഹായ്!
അച്ഛൻ വന്നല്ലോ… അമ്മേ..ദാ അച്ഛൻ വന്നു…. അച്ഛാ……
പടിക്കെട്ടിൽ നിന്ന് ഓടിയിറങ്ങി അവൾ അച്ഛന്റെയടുത്തേക്ക് ചെന്നു…
നോക്കി, ഓടല്ലേ പതിയെ….
പതിവു തെറ്റാതെ അന്നും സാനുമാഷ് മകൾക്കായി വാങ്ങിയ ബാലരമ എടുത്തു നീട്ടി…..
ഇന്നാ പിടിച്ചോ നിന്റെ ബാലരമ….
ജോലി കഴിഞ്ഞ് മടങ്ങും വഴി പ്രസ്സിലെ കേശവൻ നായർ ആണ് ഇത് നിനക്കുതരാനായ് എന്നെ ഏൽപ്പിച്ചത്…..
ഗീതുവേ….. ഞാൻ എത്തിട്ടോ……അവൾ പതിവിലും സന്തോഷത്തിൽ ആണല്ലോ?
ചില്ലു ഗ്ലാസിൽ ആവി പറക്കുന്ന ചായയുമായി അമ്മ വീടിന്റെ സൽക്കാരമുറിയിൽ എത്തി….. നന്ദു വിളിച്ചു പറയുന്നത് കേട്ടപ്പോഴേ തോന്നി, എത്തി കാണുമെന്ന്.മാഷിനായുള്ള കാത്തിരിപ്പിലായിരുന്നു അവൾ ഇത്രയും സമയം…. മുറിയിൽ നിന്ന് വളരെ തിടുക്കത്തിൽ തനിക്ക് കിട്ടിയ നിധിയുമായി നന്ദുവും എത്തി…
ഉം…നന്ദുവേ…. എന്റെ മോൾക്ക് ഇന്ന് കൂടുതൽ ഭംഗി തോന്നുന്നല്ലോ….. പതിവിലും ഏറെ സന്തോഷത്തിലും ആണ്…..ന്താ അതിനുകാരണം….? അച്ഛനോടും കൂടി പറ…
കൈകൾ കൊണ്ട് പിന്നിലേക്ക് ഒളിപ്പിച്ചുവെച്ച ഇരു സമ്മാനങ്ങളും അച്ഛനുമുന്നിൽ നീട്ടിക്കൊണ്ട് അവൾ സന്തോഷത്തോടെ പറഞ്ഞു……
എനിക്കാ സ്ക്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക്……അതിന് കേളുമാഷ് സമ്മാനമായി തന്നതാ ഇതൊക്കെ…..
ക്ലാസിലെ കുട്ടികൾ എല്ലാവരും കൈയ്യടിക്കുകയും എന്നെ ഓടി വന്ന് കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തല്ലോ… എല്ലാരും എന്റെ കയ്യിൽ നിന്ന് അതൊക്കെ വാങ്ങി നോക്കി.
വല്ലാത്ത ആത്മനിർവൃതിയോടെയാണ് അവൾ ആ വിശേഷങ്ങളൊക്കെയും പറഞ്ഞത്……
മുഷിഞ്ഞ വേഷം ഒക്കെ ഒന്ന് മാറ്റി വാ മാഷേ…
ഇതും പറഞ്ഞ് ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി അവർ അകത്തേക്ക് പോയി…
അച്ഛാ,അച്ഛാ, എത്ര നേരമായി കുളിക്കാൻ കയറിയിട്ട് ? ഇറങ്ങാറായില്ലേ ഇതുവരെ……
ദാ വരണൂ……
അഹ് വേഗം…..
നന്ദു…….വെറുതെനിന്ന് ചിണുങ്ങാതെ ഇങ്ങ് വന്നേ…..
അടുക്കളയിൽ നിന്ന് അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു….
സമയം ഏഴുമണി….. പള്ളികൂടത്തിലെ മറ്റുവിശേഷങ്ങൾ തെല്ലുതെറ്റാതെ പറയുകയാണ് നന്ദു… പെട്ടെന്നാണ് അവൾക്കത് ഓർമ്മ വന്നത്….
അച്ഛാ, അമ്മ പറഞ്ഞിരുന്നു അച്ഛൻ വരുമ്പോൾ എന്റെ ഒരു ആഗ്രഹം സാധിച്ചു തരാം എന്ന്…… സാധിച്ചു തരാമോ എന്റെ ആഗ്രഹം?
വളരെ ആകാംക്ഷയോടെ ആയിരുന്നു അവളുടെ ചോദ്യം…..
ആഹാ, ഇതുകൊള്ളാമല്ലോ!
ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം?എന്താ ഗീതു…അവൾക്ക് ന്താ വേണ്ടത്? മോള് പറ… കേൾക്കട്ടെ….
അതുണ്ടല്ലോ അച്ഛാ..ക്ലാസിലെ മാളു പറയുകയാ…. അങ്ങ് കുറച്ചകലേ മാറി നമ്മുടെ കാവില്ലേ,അതിനപ്പുറമുള്ള മൈതാനത്ത് സർക്കസ് വന്നിട്ടുണ്ടെന്ന്…. ധാരാളം മൃഗങ്ങളുണ്ട്. സിംഹം,ആന,പുലി,മുയലുകൾ ഇതു മാത്രമല്ല വേറെയുമുണ്ട് ഒരുപാട്…. കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള എന്തൊക്കെയോ കളിക്കോപ്പുകളും അവിടെ വന്നിട്ടുണ്ട്…. അവൾ ഇന്നലെ പോയിരുന്നത്രേ…. ഇതൊക്കെ കേട്ടപ്പോൾ നന്ദുവിന് വലിയ കൊതിയായി…..
അച്ഛാ നമുക്കും പോയാലോ…????
8 മുതൽ 9 മണി വരെയാണ് ഒരു ദിവസത്തെ അവസാനപ്രദർശനം…
വേണ്ട വേണ്ട…നന്നേ ഇരുട്ടിയിരിക്കുന്നു… പോരാത്തതിന് നല്ല മഴക്കാറും ഉണ്ട്. മാനത്ത് കൊള്ളിയാൻ വീശുന്നുണ്ട്.
ഇപ്പോൾ എങ്ങോട്ടും പോകണ്ട…. നാളെ ശനിയാഴ്ചയല്ലേ? നാളെയും ഉണ്ടല്ലോ. നാളെ പോകാം…..അത്താഴം കഴിച്ചുകിടന്നുറങ്ങാൻ നോക്ക്…. പെണ്ണിന്റെ ഒരു പൂതി….
തന്റെ ആഗ്രഹം പറഞ്ഞയുടനെ നിഷേധിച്ച അമ്മയോടുള്ള പരാതി അവൾ കരഞ്ഞു കൊണ്ടാണ് തീർത്തത്. ആ കരച്ചിലിനൊടുവിൽ അവളുടെ വാശി തന്നെ ജയിച്ചു…..
നിന്നു ചിണുങ്ങണ്ട..അച്ഛൻ പറഞ്ഞത് കേട്ടില്ലേ? ചെല്ല്.വേഗം ചെന്ന് ഒരുങ്ങ്.
മാഷേ,കുട്ടിക്ക് വളം വെച്ച് കൊടുക്കുന്നത് നിങ്ങളാണ്… ഇത്ര ചെറുപ്പത്തിലെ അവളുടെ ആഗ്രഹങ്ങളെല്ലാം എന്തിനാണ് ഇങ്ങനെ സാധിച്ചു കൊടുക്കുന്നത്…. യാത്ര നാളെയുമാകാമല്ലോ? നേരം വൈകിയ ഈ നേരത്ത് എന്തിന് വെറുതെ.. ഇത് അത്ര നല്ലതിനല്ല…
ഇത്രയും പിറുപിറുത്തു കൊണ്ട് അവളും പോയി……
നന്ദൂട്ടിയുടെ ആഗ്രഹം പോലെ മൂവരും സർക്കസ് കൂടാരത്തിൽ എത്തുകയും പ്രദർശന വസ്തുക്കൾ കാണുകയും ആസ്വദിക്കുകയും ചെയ്തു…… എന്തെന്നില്ലാത്ത ആകാംഷയും സന്തോഷവുമായിരുന്നു നന്ദുവിന്റെ കണ്ണുകളിൽ കണ്ടത്..
അങ്ങനെ പ്രദർശനം കണ്ടിറങ്ങി… ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു..
മാഷേ, വേഗം പോകാം. മഴ വരുന്നുണ്ട്…
ഇനി മഴ നനഞ്ഞാൽ അതുമതി നന്ദൂന് മടിപിടിച്ച് വീട്ടിൽ ഇരിക്കാൻ…..
കണ്ടോ അച്ഛാ അമ്മ പറയുന്നത്?
നന്ദൂട്ടി ഇനിമുതൽ എല്ലാദിവസവും സ്കൂളിൽ പോകും. എങ്കിലല്ലേ ഇതുപോലെ എനിക്ക് സമ്മാനങ്ങൾ കിട്ടു…..
പെട്ടെന്നാണ് മഴയുടെ ശക്തി കൂടിയത്….. കയറിനിൽക്കുവാൻ ഇടമില്ലാത്തതിനാലും വീടിനടുത്ത് എത്തിയത് കൊണ്ടും അയാൾ വണ്ടി ഒതുക്കിയില്ല…..
ആ വളവ് അങ്ങ് വളഞ്ഞാൽ വീട് എത്തിയില്ലേ…. നമ്മുടെ നന്ദുവും കുറച്ച് മഴയൊക്കെ നനയട്ടെ…. മഴയുടെ കുളിർമ അവളും അറിഞ്ഞുകൊള്ളട്ടെ…….മഴയുടെ മധുരം ആവോളം അവളും നുകരട്ടെ……
പെട്ടെന്നാണ് അത് സംഭവിച്ചത്……
കണ്ണു തുറന്നു നോക്കുന്ന അവൾ കാണുന്നത് ആശുപത്രി മുറിയാണ്….. അരികിൽ ചിറ്റതുടങ്ങി മറ്റെല്ലാവരുമുണ്ട്. അച്ഛനും അമ്മയും ഒഴികെ….
എവിടെ എന്റെ അച്ഛനും അമ്മയും…..? അവരെ കാണാൻ ഇല്ലല്ലോ….? അവർ എവിടെയാണ്…?അവർക്ക് എന്താണ് പറ്റിയത്?
ചോദ്യങ്ങൾ ഏറെയായിരുന്നുവെങ്കിലും എല്ലാവരും സഹതാപം നിറഞ്ഞ കണ്ണുകളോടെയാണ് എന്നെ നോക്കുന്നത്…. ചിറ്റയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. മനപ്പൂർവ്വം ഞാൻ കാണാതിരിക്കാൻ സാരി തുമ്പ് കൊണ്ട് അവരത് തുടയ്ക്കുന്നുമുണ്ട്.അവരുടെ എല്ലാം മുഖം വിളിച്ചു പറയുന്നത് ഒരു നിർവികാ രതയാണ്…..
മയക്കം അവളുടെ കണ്ണുകളെ തേടി എത്തിയിരുന്നു…… ഉത്തരം മുട്ടി നിന്ന ബന്ധുജനങ്ങൾ തെല്ലാശ്വാസത്തോടെ അവളെ നോക്കിനിന്നു…..
ഉറക്കമുണരുന്ന നന്ദു പിന്നീട് കണ്ടത് സക്കറിയ ഡോക്ടറേയാണ്…. കാര്യം എങ്ങനെ അവതരിപ്പിക്കണമെന്ന് അറിയാതെ പകച്ചുനിന്ന അവർക്ക് മുന്നിൽ ഡോക്ടർ അരുൺ ആണ് സക്കറിയയെ അവതരിപ്പിച്ചത്. ആളൊരു മനശാസ്ത്ര വിദഗ്ധനാണ്. മനശാസ്ത്രം എന്നുവച്ചാൽ ശിശുമനശാസ്ത്രം…
ആശുപത്രി വരാന്തയിൽ ഇരുന്ന ബന്ധുജനങ്ങൾ പിന്നീട് കേട്ടത് അലമുറയിടുന്ന നന്ദുവിന്റെ സ്വരമായിരുന്നു……. കാതുകൾക്കും മനസ്സിനും ഒരുപോലെ വേദനാജനകമായ വാവിട്ടുള്ള ആ കരച്ചിൽ,ആശുപത്രി വരാന്തകളിൽ എങ്ങും തളം കെട്ടി നിന്നു……
പെട്ടെന്നാണ് സഞ്ചരിക്കുന്ന വണ്ടി ബ്രേക്ക് ഇട്ടത്………… സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ഗാഢമായ നിദ്രയിൽ മുഴുകിയിരുന്ന നന്ദു ഞെട്ടി എണീറ്റുപുറത്തേക്ക് നോക്കി… ബൈക്കും ടിപ്പറും കൂടിയിടിച്ച്… റോഡിൽ ആകെ ബഹളം….. ചരിത്രം ആവർത്തിച്ചയായി അവൾക്ക് തോന്നി…. നിറകണ്ണുകളോടെ അവൾ ഓർത്തു….
അന്നും ഇത് തന്നെയല്ലേ സംഭവിച്ചത്…. എതിരെ അശ്രദ്ധയോടെ കയറിവന്ന ഒരു ലോറിക്കാരനല്ലേ ഞങ്ങളെ ഇടിപ്പിച്ചിട്ടത്…… അങ്ങനെയല്ലേ എന്റെ അച്ഛനമ്മമാരെ എനിക്ക് നഷ്ടപെട്ടത്…..
അല്ല, ഒരിക്കലുമല്ല.അത് നിമിത്തം…. അച്ഛനമ്മമാരെ നഷ്ടപ്പെട്ടതിനുപിന്നിലെ കാരണം അറിഞ്ഞോ അറിയാതെയോ ഞാൻ തന്നെയായിരുന്നു… അമിതമായ എന്റെ വാശിതന്നെയായിരുന്നു… ഒരു പക്ഷെ ആ യാത്ര അടുത്തദിവസമാക്കിയിരുന്നെങ്കിലോ??
ഇന്നും അവർക്കൊപ്പം തനിക്ക് സ്വർഗ്ഗതുല്ല്യമായ ആ വീട്ടിൽ അന്തിയുറങ്ങാമായിരുന്നു…..
അവൾ ഓർത്തു…
അപ്പോഴും അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…യാത്ര ക്കാരുടെ ശ്രദ്ധയിൽ പെടും മുന്നേ അവളത് തുടച്ചുമാറ്റി……
ഇളം കാറ്റ് വീശുന്നുണ്ട്, ചാറ്റൽ മഴയും. കൊള്ളിയാനുകൂട്ടായി ഇത്തവണ ഇടിമുഴക്കവും ഉണ്ട്… മഴത്തുള്ളികൾ അവളുടെ കവിൾതടത്തെ മുത്തം വെക്കുകയാണ്……..കണ്ണുനീർതുള്ളികൾ കവിളിനോടുള്ള പ്രണയം ശക്തമായി പ്രകട്ടിപ്പിച്ച് മഴത്തുള്ളിയെ അകറ്റുന്നുണ്ട്..
മായാത്ത ഓർമകളുമായി അവൾ യാത്ര തുടരുകയാണ്.