അവൾ അപ്പോഴും കരയുകയായിരുന്നു

108
0


 രാത്രിയുടെ കൂരിരുട്ടിൽ ശക്തമായ് മഴ പെയ്യുമ്പോൾ റാന്തൽ വിളക്കിൻ്റെ അടുത്ത് ഏകയായ് ഇരുന്ന് എന്തിനെന്നില്ലാതെ ഒഴുകി കൊണ്ടേയിരിക്കുകയായിരുന്നു അവളുടെടെ മിഴിനീർ കണങ്ങൾ. ശക്തമായ ഇടിയുടെ ഗർജനം മുഴങ്ങുമ്പോഴും ആ കൂരയിൽ അവൾ തനിച്ചായിരുന്നു..
തന്നെ തനിച്ചാക്കി പോയ ഉമ്മച്ചിയുടെയും ഇതുവരെ കാണാത്ത കുഞ്ഞുവാവയുടെയും അപ്രതീക്ഷിതമായ വേർപാട് ആ പതിനാറുകാരിയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.


‘കാലങ്ങൾക്ക് മുന്നേ എന്തോ തർക്കമുണ്ടാക്കി ഉപ്പ ഉപേക്ഷിച്ചു പോയ ആ ഉമ്മയ്ക്കും മകൾക്കും ഏക ആശ്രയം ഉമ്മയുടെ സഹോദരനായിരുന്നു..
തുണയായ് ആരുമില്ലാതെ നിങ്ങൾ രണ്ട് സ്ത്രീകൾ മാത്രം ആ വീട്ടിൽ നിൽക്കണ്ടന്നും പറഞ്ഞ് അവരെ കൂട്ടികൊണ്ട് വന്ന് തൻ്റെ വീട്ടിൽ താമസിപ്പിച്ചതാണ് അവളെ സഹോദരൻ.. അവളെ മറുതൊന്നും പറയാൻ സമ്മതിച്ചില്ല.


വേലക്കൊന്നും പോവാതെ ഭാര്യ സഹോദരനിൽ നിന്ന് കിട്ടണ കാശിനെല്ലാം കള്ള് കുടിച്ച് അവരെ എന്നും തല്ലുമായിരുന്നു ആ ഉപ്പ. ഒരിക്കൽ പൈസ കൊടുക്കാത്തതിന് തർക്കമുണ്ടാക്കി ഇറങ്ങി പോയതാണ്.. പിന്നെ അവിടേക്ക് വന്നിട്ടില്ല.


അതിനിടയിൽ ഉമ്മച്ചി രണ്ടാമത് ഗർഭിണിയായി ‘….
ഉമ്മയുടെ സങ്കടം കണ്ട് സഹിക്കാനാവാതെ ഉപ്പയെ തിരഞ്ഞിറങ്ങിയ മാമൻ ഒരു പാട് സ്ഥലത്ത് തിരഞ്ഞെതിലും കണ്ടെത്താനായില്ല.. നിരാശയോടെ അവിടുന്ന് മടങ്ങുമ്പോൾ റോഡരികിൽ ഒരു ആൾകൂട്ടം ,അതിൽ താൻ ഇതുവരെ തിരഞ്ഞോണ്ടിരുന്ന ഒരു രൂപം കണ്ടതും സന്തോഷത്തോടെ അയാൾ ഡോർ തുറന്നതും എതിരെ വന്നിരുന്ന ഒരു പാണ്ട് ലോറി ഇടിച്ചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു.. ആരൊക്കെയോ കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം ഒരുപാട് പോയിരുന്നു.


തൻ്റെ പ്രിയതമയേയും പിഞ്ചു മോനേയും, ആശ്രയിക്കാൻ താൻ മാത്രമുള്ള ഉദരത്തിൽ കുഞ്ഞു തുടിക്കുന്ന തൻ്റെ സഹോദരിയെയും മകളെയും തനിച്ചാക്കി അവൻ ഇഹ ലോകത്തോട് വിട പറഞ്ഞു.
ആഞ്ഞടിക്കുന്ന കാറ്റിൽ വലിയൊരു ശബ്ദം കേട്ട് ചിന്തകളിൽ നിന്നവൾ ഞെട്ടിയുണർന്നു…
ശബ്ദം കേട്ട ഭാഗത്തേക്ക് റാന്തൽ വിളക്കുമെടുത്ത് പേടിയോടെ മെല്ലെയവൾ നടന്നു.


കാറ്റ് ശക്തമായി വീശിയപ്പോൾ മരത്തിൻ്റെ കൊമ്പ് പൊട്ടി ഓടിന്മേൽ വീണപ്പോൾ രണ്ടു മൂന്ന് ഓട് പൊട്ടി താഴെ വീണതാണ്.. മഴവെള്ളം വാത്ക്കലകത്തേക്ക് വീഴുന്നുണ്ട് ഇപ്പോൾ..
വെള്ളം നിലത്തേക്ക് വീഴുന്നത് കണ്ട് അടുക്കളയിൽ ചെന്ന് ഒരു വലിയ പാത്രമെടുത്തവൾ നിലത്ത് വെച്ച് കൊടുത്തു, ഇപ്പോൾ ആ പാത്രത്തിലേക്കാണ് വെള്ളം വീഴുന്നത്.
അവൾ റാന്തൽ വിളക്കുമെടുത്ത് റൂമിലേക്ക് നടന്നു.. മഴക്ക് ഒട്ടും കുറവില്ല, ശക്തമായ് പെയ്യുന്ന മഴക്കൊപ്പം ഉച്ചത്തിൽ മുഴങ്ങുന്ന ഇടിയും തീ പാളുന്നത് പോലുള്ള മിന്നലും അവളെ ഭയപ്പെടുത്തിയിരുന്നു.
മഴ കുറച്ചു ശാന്തമായപ്പോൾ അവൾ ജനൽ പാതി തുറന്നു ചുമരിനോട് അടുപ്പിച്ചിട്ടിരിക്കുന്ന കട്ടിലിൽ ഇരുന്നു.
ഇടിയും മിന്നലും ആരുടേയോ ആർത്തനാദം പോലെ വ്യാപിക്കുന്ന തണുപ്പ് എന്തോ ഓർമിപ്പിക്കുന്ന പോലെ ഈ നിശബ്ദതയും ഇരുണ്ട ആകാശവും.
അവളുടെ കണ്ണിലെ നനവ് അപ്പൊഴും വറ്റിയിട്ടുണ്ടായിരുന്നില്ല.. മനസ്സ് പിന്നെയും ഓർമ്മകളിലേക്ക് സഞ്ചരിച്ചു.


മാമൻ്റെ മരണത്തോടെ മാമിക്ക് അവരെ കാണുന്നത് തന്നെ വെറുപ്പായി. എൻ്റെ കുഞ്ഞിനെ യതീമാക്കിയതിൻ്റെ കാരണക്കാരി നീയും നിൻ്റെ മോളും മാത്രമാണെന്ന് പറഞ്ഞ് വാക്ക് കൊണ്ട് എത്രത്തോളം നോവിക്കാനാവൂ അത്രയും നോവിക്കുമായിരുന്നു..
“ഉമ്മച്ചി എന്തിനാ കരയുന്നെ.. വാ നമുക്ക് നമ്മുടെ വീട്ടിൽ പോവ.. ഇനിയും ഇവിടെ നിന്നാൽ ഉമ്മച്ചിക്ക് കൂടുതൽ വേദനിക്കേയുള്ളു… അത് നമ്മുടെ വാവയ്ക്ക് ബാധിക്കില്ലേ.. “
കൂട്ടിന് മറ്റൊരാളും തുണയില്ലാതെ ഉമ്മയ്ക്ക് മോളും മകൾക്ക് ഉമ്മയും മാത്രമായി ആ കൊച്ചു കൂരയിലുള്ള പിന്നീടുള്ള ദിനരാത്രങ്ങൾ…..
അടുത്തുള്ള വീട്ടിൽ എന്നും കൂലിവേല ചെയ്തായിരുന്നു ഗർഭിണിയായ ഉമ്മ മകളെ പോറ്റിയിരുന്നത്.. നാട്ടുകാരും മറ്റും പരിഹസിച്ചിരുന്നപ്പോഴും
” ഉടയവൻ കൂടെയുണ്ട് “
എന്നതിൽ ഉറച്ചു വിശ്വസിച്ചു..
പത്താം ക്ലാസുകാരിയായ തൻ്റെ മകളെ സ്കൂളിലയച്ചതിനു ശേഷമാണ് അവര് ജോലിക്കു പോയിരുന്നത്..
ജോലി ചെയ്ത് കൊണ്ടിരിക്കുമ്പേൾ ആരോ എന്തോ അടക്കം പറയുന്നത് പോലെ തോന്നി, അവൾ അത് ശ്രദ്ധിച്ചു കേട്ടു നോക്കി..
“എടീ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളെ ഇവിടുന്ന് പറഞ്ഞ് വിടാൻ.. പണ്ടെത്ത പോലെയല്ല ഇപ്പൊ.. അവൾക്കിപ്പൊ തികഞ്ഞിരിക്കുകയാണ്.. എപ്പൊഴാ വേദന വരുവാന്ന് അറിയില്ല.. ഇനിയിപ്പൊ ഇവിടുന്നാ വന്നതെങ്കിൽ നമ്മളല്ലേ ആശുപത്രിയിൽ കൊണ്ടു പോവേണ്ടത്!!
ഞാൻ അന്നേ പറഞ്ഞത, ഭർത്താവ് ഉപേക്ഷിച്ച അവളെയൊന്നും ഇവിടെ നിൽപ്പിക്കരുതെന്ന്… അപ്പൊ നീയെന്താ പറഞ്ഞെ, ‘പാവല്ലേ.. വേറാരും ഇല്ലാലോ.. ആരും ജോലി കൊടുക്കുന്നില്ല, ഒന്നൂല്ലേലും ഗർഭിണിയല്ലേന്നൊക്കെയല്ലെ..’
എന്നാ പിന്നെ നീ തന്നെ അവളുടെ കൂടെ പോയ്ക്കൊ..
അല്ലേലും ആരുമില്ലാത്ത, ഗർഭിണിയായവൾക്ക് ആര് ജോലി കൊടുക്കാനാ.. അവരെ തലേലായില്ലേ പിന്നെ ആ ഭാരം..!
ഇതൊക്കെ കേട്ട് നിറഞ്ഞൊഴുകി വരുന്ന കണ്ണീര് തുടച്ചു കൊണ്ട് ആ ഉമ്മ അവിടെ ഇരുന്നു..


വീട്ടുകാരി ഉമ്മയുടെ അടുത്തേക്ക് വന്നു പുഞ്ചിരിച്ചു..
അവർ എന്താ പറയാൻ പോവുന്നതെന്ന് കൃത്യമായി അറിയുന്നത് കൊണ്ട് അവര് പറഞ്ഞ് തുടങ്ങും മുന്നേ ഉമ്മ പറഞ്ഞു: ”നിങ്ങടെ നല്ല മനസ്സാ.. അത് കൊണ്ടല്ലേ എനിക്കിവിടെ ജോലി തന്നെ.. നിങ്ങൾക്ക് പടച്ചോൻ പ്രതിഫലം നൽകും… എനിക്കിപ്പോൾ തീരെ വയ്യ.. അത് കൊണ്ട് ഞാൻ ഇനി ഇവിടെ ജോലിക്ക് വരില്ല.. എന്ന് പറയുമ്പോഴും മിഴിനീർക്കണങ്ങൾ ആ ഉമ്മയുടെ കവിളിനെ തലോടിയിരുന്നു…
ഇനി എന്ത് എന്ന ചോദ്യ ചിഹ്നമായിരുന്നു അവരുടെ മനസ്സിൽ…!
എന്ത് പറണമെന്നറിയാതെ നിസ്സഹായതതോടെ നോക്കി നിൽക്കാനേ ആ വീട്ടുകാരിക്ക് കഴിഞ്ഞുള്ളു… ഇത് വരെ ജോലി ചെയ്ത ശമ്പളം വാങ്ങി അവർ വീട്ടിലേക്ക് മടങ്ങി..
വൈകുന്നേരമായപ്പോൾ മാനം നല്ലപോലെ കറുത്തിരുണ്ടിരിക്കുന്നു.. ‘മഴ പെയ്യൂന്നാ തോന്നണെ’ മുറ്റത്ത് പോയി അയലിൽ വിരിച്ചിട്ട തുണികളൊക്കെ എടുത്ത് വരുമ്പോഴേക്കും മഴ പെയ്തു..
“നീ എപ്പോഴെത്തി മോളേ?
ഞാൻ ഇപ്പൊ വന്നതേയുള്ളു ഉമ്മച്ചീ.. അല്ല.. ഇങ്ങള് വരുന്ന സമയം ആവുന്നതല്ലേയുള്ളു.? ഇന്നെന്താ നേരത്ത..!?
മകളുടെ മുന്നിൽ സങ്കടത്തിൻ്റെ കെട്ടയിച്ചു വിട്ടു ആ മതാവ്…
“ഉമ്മച്ചി എന്തിനാ കരയുന്നെ ഞാനില്ലേ എന്നും കൂടെ.. “
അതല്ല മോളേ നമ്മളിനി എങ്ങനെ കഴിയൂ..?
കുറച്ചു ദിവസം കഴിഞ്ഞാൽ അവർ തന്ന ഈ പണം തീരും.. അപ്പൊ നമ്മൾ എന്ത് ചെയ്യും..?


“അത് അപ്പൊഴല്ലേ..
എൻ്റ പരീക്ഷ ഇന്നത്തോടെ കഴിഞ്ഞില്ലേ.. ഞാൻ പോവും ജോലി ചെയ്യാൻ.. ഉമ്മച്ചി വിഷമിക്കണ്ട.. പിന്ന തൊട്ടപ്പുറം ജാനു ചേച്ചിയില്ലേ.. മക്കൾ ഇട്ടേച്ചു പോയങ്കിലും അവർ സ്വന്തം മോളെ പോലെയാ ഉമ്മച്ചിയെ കാണുന്നെ. എന്ത് സഹായം വേണങ്കിലും മടി കൂടാതെ ചോദിക്കണം എന്ന് പറഞ്ഞില്ലേ.. അത് കൊണ്ട് ഞാൻ ജോലിക്കു പോയാൽ ഉമ്മച്ചിയെ അവർ നോക്കിക്കോളും.. ” അതോണ്ട് ൻ്റെ ഉമ്മച്ചി സമാധാനത്തോടെയിരിക്ക്.
അപ്പൊഴേക്കും ഇരുട്ട് വന്ന് പ്രബഞ്ചത്തെ മൂടിയിരുന്നു…
മോളേ.. “നീ നല്ലോണം പഠിച്ച് ജോലിയൊക്കെ വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായാൽ മാത്രമേ വിവാഹം കഴിക്കാവൂ.. എങ്കിലേ നിനക്ക് ഭയമില്ലാതെയും അഭിമാനത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയൂ.. എന്നിട്ട് പടച്ചോനിൽ പേടിച്ചു ജീവിക്കുന്ന ദീനീയായ ഒരു ഇണയെ മാത്രമേ വിവാഹം കഴിക്കാവൂ.. എന്നാൽ നിൻ്റെ അവസാനം വരെ സ്നേഹിച്ചും സംരക്ഷിച്ചും അവൻ കൂടെ തന്നെയുണ്ടാവും.. പണത്തിലോ പ്രതാപത്തിലോ സൗന്ദര്യത്തിലോ അല്ല കാര്യം, അള്ളാഹുവും ഹബീബ് ﷺ യും കാണിച്ചു തന്ന ദീൻ അറിഞ്ഞ് അത് ജീവിതത്തിൽ പകർത്തുന്ന ഒരു ഇണയെ നിനക്ക് കിട്ടിയാൽ ഈ ലോകത്തും പരലോകത്തും നീ സന്തോഷവതി ആയി തീരും..
പുറത്ത് മഴ തകർത്ത് പെയ്യുകയാണെങ്കിലും അകത്തേക്ക് വീശുന്ന തണുത്ത കാറ്റിലും ഉമ്മയെ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു അവൾ…
പിന്നേ.. നീ അറിഞ്ഞോ ഈ വർഷം പത്താം ക്ലാസിൽ മുഴുവർ വിഷയത്തിലും എ പ്ലസ് നേടി 100 % വിജയം കരസ്ഥമാക്കിയ വിദ്യാർതികൾക്ക് തുടർ പഠനത്തിനാവശ്യമായ പണം പഞ്ചായത്ത് ഏറ്റെടുത്തു.. അത് നമുക്ക് കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടു മോളേ..
ഉമ്മാ.. ” വിശ്വാസിയുടെ ആയുധമാണ് ദുആ.. നമുക്ക് ദുആ ചെയ്യാം..
പടച്ചോൻ കേൾക്കാതിരിക്കില്ല..
നന്മ ഉപദേശിച്ചും കളിച്ചും ചിരിച്ചും സ്നേഹം പങ്കിട്ടും വരാനിരിക്കുന്ന കുഞ്ഞുവാവയോടുമൊക്കെ സംസാരിച്ചിരിക്കെ നേരം പോയതവരറിഞ്ഞില്ല…..
രണ്ടാളും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഉമ്മച്ചിയോടൊരുമിച്ചു കഴിക്കുന്ന അവസാനത്തെ അന്നമാണെന്നവൾ അറിഞ്ഞിരുന്നില്ല…..

കാലിൽ നനവ് പോലെ തോന്നിയപ്പോൾ ചിന്തകൾ വിട്ട് താഴെക്ക് നോക്കി, പാത്രം കവിഞ്ഞൊഴുകി വെള്ളം റൂമിലേക്ക് ഒഴുകി വന്നോണ്ടിരിക്കുകയാണ്…
മിഴി രണ്ടും തുടച്ച് വിളക്കുമെടുത്തവൾ നിറഞ്ഞിരിക്കുന്ന പാത്രം അടുക്കളയിൽ കൊണ്ട് പോയി മൂടി വെച്ചു.. പകരം മറ്റൊരു വലിയ പാത്രം അവിടെ വെച്ചു കൊടുത്തു.. കാവി വിരിച്ചിട്ടിരിക്കുന്നതിനു മുകളിൽ പരന്നു കിടക്കുന്ന മഴ വെള്ളം ഒരു തുണിയിൽ തുടച്ചെടുത്തു വൃത്തിയാക്കി, അടുക്കളയിൽ ചെന്നു തുണി മുറുക്കി പിഴിഞ്ഞു അവിടെയിരിക്കുന്ന തിണ്ണയിൽ വിരിച്ചു..
നേരം ഒരുപാട് വൈകിയിട്ടുണ്ട് ഉറക്കം അവളുടെ അടുത്തേക്ക് പേലും അടുക്കുന്നില്ല.. വിളക്കുമെടുത്ത് റൂമിലേക്ക് വന്നു തുറന്നിരിക്കുന്ന ജനൽ അടച്ചു കട്ടിലിൽ കിടന്നു..പുറത്ത് നിന്ന് എന്തൊക്കെയോ മൂളുന്നതും കരയുന്നതുമൊക്കെ ശബ്ദം കേൾക്കുന്നുണ്ടങ്കിലും അതൊന്നും അവളെ ഭയപ്പെടുത്തിയില്ല..!


കാരണം അവളെ ചിന്ത അവിടെയൊന്നുമല്ലായിരുന്നു.. നാളെ പുലരാൻ ഏതാനും മണിക്കൂറുകൾ മാത്രം.. നാളെയാണ് അവളുടെ എസ് എസ് എൽ സി ഫല പ്രഖ്യാപനം. ഉമ്മയുടെ ആഗ്രഹം പോലെ
തനിക്ക് മുഴുവൻ വിയങ്ങളിലും മികച്ച വിജയം ഉണ്ടാവുമോ..? ഉമ്മച്ചിയുടെ ആഗ്രഹം സഫലമാകുമോ..?
ഇതുപോലുള്ളൊരു മഴയുള്ള രാത്രിയായിരുന്നു തൻ്റെ ജീവിതത്തെ ഇരുളറയിലേക്കെത്തിച്ചത്..
നിറഞ്ഞു വന്നിരിക്കുന്ന കണ്ണീർ നനവ് വീണ്ടുമവളെ ഓർമ്മയുടെ താഴ്വരയിലേക്ക് കൊണ്ടെത്തിച്ചു…..

അന്ന് ഭക്ഷണമൊക്കെ കഴിഞ്ഞു രണ്ട് പേരും ഉറങ്ങാൻ കിടന്നു.. കാറ്റും മഴയും അതി ശക്തമായ് ചെയ്ത് കൊണ്ടിരിക്കുകയാണ്.. കറൻ്റും പോയിരുന്നു..
ഇടക്കിടെ ഞെട്ടിക്കുന്ന ഇടിനാദവും മിന്നലും…
പെട്ടെന്ന് എന്തോ പൊട്ടിവീഴുന്ന വലിയൊരു ശബ്ദം കേട്ടു ഉമ്മ ഞെട്ടിയുണർന്നു !!

“മോളേ.. എണീക്ക് എന്തോ പൊട്ടിവീണന്ന് തോന്നുന്നു.. എന്താണെന്ന് നോക്കാം “
പക്ഷേ അപ്പോഴേക്കും അവൾ ഉറങ്ങി പോയിരുന്നു… മകൾ നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായപ്പോർ പിന്നെ അവളെ വിളിക്കാൻ നിന്നില്ല.. അടുത്തുള്ള മെഴുകുതിരിയിൽ തീ പെട്ടി ഉരച്ചു അതുമെടുത്തു മെല്ലെ നടന്നു..ശക്തിയായ് കാറ്റു വീശുന്നതിനാൽ തീ അണയാതിരിക്കാൻ കൈവച്ചു കൊടുത്തു..
അടുത്ത റൂമിൽ ചെന്നപ്പോൾ ജനൽ തുറന്നിട്ടിക്കുന്നത് കണ്ടു കുറച്ചു പേടിയോടെയാണെങ്കിലും അടുത്തേക്ക് ചെന്നു നോക്കി !!!
അപ്പോഴാണ് ഓർമ്മ വന്നെ ആ ജനൽ അടക്കാതെയാണ് ഉറങ്ങാൻ കിടന്നതെന്ന്..!
കാറ്റിൻ്റെ ശക്തി കാരണം ചുമരിൽ അടിച്ചു ചില്ല് പൊട്ടിവീണതാണ്.. ബാക്കിയുള്ള ജനലൊക്കെ അടച്ച് പൂട്ടിയതാണെന്ന് ഉറപ്പു വരുത്തി റൂമിലേക്ക് തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും , ജനൽപാളിയിലൂടെ അടിച്ചു വീശിയ മഴതുള്ളികൾ തറയിൽ പരന്നു കിടക്കുന്നത് കണ്ട് മെല്ലെ മറ്റൊരു സൈഡിലേക്ക് കാൽ വെച്ചതും ഈറനിൽ ചവിട്ടി വഴുതി വീണതും ഒരുമിച്ചായിരുന്നു…
യാ അള്ളാഹ്….
വേദന സഹിക്കാനാവാതെ അവിടെ കിടന്നു പിടഞ്ഞു..
“മോളേ “….
ആരോ വീഴുന്ന ശബ്ദവും മോളേ എന്ന വിളിയും കേട്ട് അവൾ ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നു നോക്കുമ്പോൾ ഉമ്മച്ചിയെ കാണുന്നില്ല.. ഉമ്മാ.. എന്നും വിളിച്ച് വേഗം റൂമിനു പുറത്തേക്ക് ഓടി..
മെല്ലെ ഞരങുന്ന ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും.!! കണ്ണിന് വിശ്വസിക്കാനാവുന്നില്ല.. കണ്ണിൽ ഇരുട്ട് മൂടുന്നത് പോലെ.. രക്തത്തിൽ മുങ്ങി കിടന്ന് പിടയുന്ന ഉമ്മയെ കണ്ടതും “
” ‘ ഉമ്മാ…………… “,,,
പൊട്ടിക്കരഞ്ഞ് അലറി വിളിച്ച് ഓടി ചെന്ന് ഉമ്മയുടെ തല അവളെ മടിയിൽ വെച്ചു..
“ഉമ്മാ.. ഉമ്മാ..എന്താ പറ്റിയെ.. എന്നെ വിളിച്ചൂടായിരുന്നില്ലേ.. ൻ്റു ഉമ്മച്ചിക്ക് ഒന്നും സംഭവിക്കില്ല…
ന്നെ തനിച്ചാക്കി പോവല്ലേ ഉമ്മാ…
നമുക്ക് ആശുപത്രിയിൽ പോവാം.. ഞാൻ ജാനു ചേച്ചിയെ വിളിച്ചിട്ട് ഇപ്പൊ വരാം” എന്ന് കരഞ്ഞോണ്ട് പറഞ്ഞ് അവൾ പോകാൻ തിരിഞ്ഞതും,
“മോ ..ളേ.. ചേചി.. യെ..,
ചേച്ചിയെ വിളി..ച്ചിട്ട്.. കാര്യമില്ല
എനി..ക്ക്.. ഒട്ടും… വയ്യ
ന്നെ…അള്ളാഹ്.. അവ.. ൻ്റടുത്തേക്ക്.. വിളിക്കു.. വാണ്..
എൻക്ക്.. ഇപ്പൊ.. ഒരൊറ്റ.. സങ്കടം… മാത്രേ..ള്ളു….,ആ..
ൻ്റെ.. പൊന്നു മോളെ.. ഒരു.. കരക്കെത്തിക്കാതെ…
ആ…
” ഉമ്മച്ചീ… കണ്ണു തുറക്ക്.. എന്നെ തനിച്ചാക്കി പോവാണോ നിക്ക് വേറെ ആരുമില്ലന്നറിയില്ലേ… ഉമ്മച്ചീ…”
‘ മോ..ളേ.. നീ.. നന്നായി.. പ..ഠിക്കണം.. ദീനുള്ള.. ഒരാള.. തന്നെ.. തിര… തിരഞ്ഞെടുക്കണം..
ആരെയും.. ബുദ്ധിമുട്ടി..പ്പിക്കരുത്.. ഒരിക്കലും ക..ളവ് പറ..യരുത്
നമുക്ക്.. ഇനി.. സ്വർ…ഗ്ഗത്തിൽ വെച്ച്.. കാ..ണാം ഇൻ.. ഷാ.. അള്ളാഹ്.. “
എന്തു ചെയ്യണമെന്നറിയാതെ അവൾ ഉമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…

“യാ.. അള്ളാഹ്……
ലാ..ഇ… ഇലാഹ… ഇല്ലള്ളാ…. ഹ്… “
” ‘ ഉമ്മച്ചീ……!!! ” ‘
രക്തത്തിൽ കുതിർന്ന കയ്യാലെ ഉമ്മയെ അവൾ വാരി പുണർന്നു..
പുറത്ത് തകർത്തു പെയ്യുന്ന മഴയേക്കാളും ശബ്ദത്തിൽ അവളുടെ നാദം വീട്ടിൽ മുഴങ്ങിക്കൊണ്ടേയിരുന്നു…..
”ഉമ്മാ……. “
ഉറക്കത്തിൽ നിന്നവൾ ഞെട്ടിയുണർന്നു…
ഇന്നലെ ഉറക്ക് വന്നവളെ തഴുകിയതവൾ അറിഞ്ഞിരുന്നില്ല..
നേരം പുലർന്നിട്ട് ഒരു പാടായിട്ടുണ്ട്..
കണ്ണുകൾ വിങ്ങി വീർത്തിട്ടുണ്ട്..
മുഖം കഴുകി,വാതുക്കലെ വാതിൽ തുറന്നു പുറത്തു വന്നിരുന്നു..
ജാനു ചേച്ചിയും അയൽവാസികളും മറ്റും വീട്ടിലേക്ക് ഓടി വരുന്നത് കണ്ട് കണ്ണും മിഴിച്ച് എഴുന്നേറ്റ് നിന്നു..
ജാനു ചേച്ചി ഓടിവന്നവളെ കെട്ടിപ്പിടിച്ചു… എന്താണെന്നറിയാതെ അവൾ അവരെ നോക്കി നിന്നു..
അത് മനസ്സിലായെന്നോണം ജാനു ചേച്ചി പറഞ്ഞു തുടങ്ങി,
മോളേ…. നിൻ്റെ SSLC ഫലം വന്നു…
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയെന്ന് മാത്രമല്ല 100 % വിജയം കരസ്ഥമാക്കിയ സ്കൂളിൻ്റെയും നാടിൻ്റേയും അഭിമാനം കാത്ത ഒരേയൊരു വിദ്യാർതിയാ മോള്… ഇവിടെ ആദ്യമായിട്ടാ ഇത്രയും വലിയ വിജയം.. മാത്രമല്ല സ്കൂളിൽ തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർതി മോളാണെന്നാ പറയുന്നെ… നമ്മുടെ ഗ്രാമത്തിൽ മുഴുവൻ മോളെ ഫോട്ടോ ആണ് നിറഞ്ഞിരിക്കുന്നത്…
മാത്രമല്ല മോളെ തുടർ പഠനത്തിൻ്റെ എല്ലാ കാര്യവും അവർ ഏറ്റെടുത്തു കഴിഞ്ഞു…
ടീച്ചർമാരും, നാട്ടുകാരും, വിദ്യാർതികളും, പഞ്ചായത്ത് പ്രസിഡൻ്റും മറ്റും ഇവിടുത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞു…..
എന്ന് വളരെ സന്തോഷത്തോടെയവർ പറഞ്ഞു, കൊണ്ടുവന്നിരിക്കുന്ന പൊതികൾ തുറന്നു അവൾക്ക് മധുരം വായിൽ വെച്ചു കൊടുത്തു..
എല്ലാവരുമവളെ ഒരുപാട് പ്രശംസിച്ചു.. ഒരു പാട് സമ്മാനങ്ങളും പ്രോത്സാഹനവുമൊക്കെ കൊടുത്തെങ്കിലും….
അവൾ അപ്പോഴും കരയുകയായിരുന്നു…!

Leave a Reply

Your email address will not be published. Required fields are marked *