മഴയുള്ള ഒരു രാവിലായിരുന്നു നീയന്ന് വന്നത്.
മഴമേഘങ്ങൾ കോലായിൽ വെള്ളിനൂലുകൾ
മുടങ്ങാതെ കോർക്കുന്നതും നോക്കി
മിഴിചിമ്മാതെ ഞാനിരുന്ന നേരത്ത്.
ഓർമകൾ ജീവിക്കുന്ന കാലത്തോളം
ഒരു നോവായുള്ളിൽ പടരുന്നയെൻ ജീവനെ
ഒരിക്കലെന്നിൽ നിന്നും പറിച്ചു നട്ടത്
ഓർക്കാപ്പുറത്തുള്ള നിന്റെ ആഗമനമായിരുന്നു.
ഇന്നും ക്ഷണിക്കാത്ത അതിഥിയായായാണ് നീ വന്നത്.
ഇന്നത്തെ പുലരിയുടെ കിരണങ്ങൾ
ഈറനുടുത്ത് വരുന്നതും നോക്കി
ഇമവെട്ടാതെ ഞാനിരുന്ന നേരത്ത്.
നിനച്ചിരിക്കാതെയാണ് നീ വീണ്ടും വന്നത്.
നിനക്കായി ഞാനധികമൊന്നും കരുതിയിട്ടില്ലയെങ്കിലും
നന്മയുടെ തുരുത്തുകൾ തേടി ഞാനലഞ്ഞിരുന്നു.
നീയൊരിക്കൽ വരുമെന്ന ബോധ്യത്തിൽ
നിരന്തരം ഞാനെന്റെ നാഥനെയോർത്തിരുന്നു.
പതിയെ പിടിക്കണേയെന്റെ ആത്മാവിനെ
പരുക്കമാം ജീവിതം ജീവിച്ചു തളർന്നതാണേ..
പരിക്കുകളേൽക്കാതെ നീ തിരിച്ചെത്തിക്കണേ
പാലകനാം ജഗന്നിയന്താവിൻ കരങ്ങളിൽ..