വയ്യ തീർത്തും അവശത പ്രാണവായു നിലക്കുന്ന പോലെ
അകാലവാർദ്ധക്യം എന്നെ കെട്ടു പിണയുന്നു
ജരാനരകൾ എന്നെ വേട്ടയാടുന്നിതാ..
മനസിൻ മാറാല കോണിലേതോ ഗൗളിയും അമാന്തിച്ചു നിൽക്കെ
മസ്തിഷ്ക നാഡികൾ തളർന്നു തുടങ്ങിയിരിക്കുന്നു
കഴിഞ്ഞ കാലത്തെ തോൽപ്പിക്കും പോലെ!
ഇരുട്ടിൻ്റെ ക്ഷുദ്രജന്തുക്കളിലേതോ
തലച്ചോറു കരണ്ടെന്തോ പിറുപിറുക്കുന്നു
എന്തിനിയെന്ന ചോദ്യം എൻ്റെ
ബോധ്യമനസ്സിൻ്റെ ബോധം കെടുത്തുന്നു
ഈ നീണ്ടയടി പാതയിൽ അങ്ങുദൂരെ
ഒരു വെള്ളി വെളിച്ചം കണ്ടിരുന്നു
അടുക്കുന്തോറും അതെന്തോ മങ്ങിതുടങ്ങവേ
സ്വപ്നങ്ങൾ തൻ ധമനി ഭിത്തികൾ സങ്കോചിക്കവേ
തലക്കകത്താരോ മേളം പെരുക്കുന്നു
ഈ കാലം എന്നെ വിഷാദ രോഗിയാക്കുന്നു.
