“ഷർട്ടാകെ വിയർപ്പിനാൽ കുളിച്ചിരുന്നു ഇന്ന്.
ഇനി എത്ര ദൂരം താണ്ടണം?
എത്ര പേരെ കാണണം?
ഓരോ സ്ഥാപനങ്ങളിലും കയറിയിറങ്ങി കയ്യിലെ കടലാസ് പേപ്പറുകളും കഴിഞ്ഞു തുടങ്ങി. സന്ധ്യാ സൂര്യൻ കടലിനോട് ചേർന്നലിയാൻ വ്യഗ്രത പെട്ടിരുന്നു, ഞാൻ കൂടണയാനും.
മൂന്നു ദിവസം കഴിഞ്ഞാൽ ഇവിടുത്തെ കാലാവധി തീരും. പുതുക്കിയ വിസയുമായി ഇനിയും കയറിയിറങ്ങണം ഒരോരോ സ്ഥാപനങ്ങളിലേക്ക്; ഒരു പണിയാകും വരെ.
ആരൊക്കെയോ പറഞ്ഞു അവിടെ ചെന്നെത്തിപ്പെട്ടാൽ മതി എല്ലാം ശെരിയാകുമെന്ന്. പലരുടെയും കയ്യിൽ നിന്നും കടം വാങ്ങി ഇങ്ങോട്ടേക് കയറി.
കുടുംബത്തിന്റെ പട്ടിണി മാറ്റണം, പെങ്ങളെ കെട്ടിക്കണം, ഉപ്പാനെ വീട്ടിൽ ഇരുത്തണം, അനിയന്മാരെ പഠിപ്പിക്കണം, ഒരു ദിവസമെങ്കിൽ ഒരു ദിവസം ഉമ്മാക്ക് സുഖമായി ഉറങ്ങാൻ കഴിയണം.
“ഒന്നും ആയില്ലല്ലേ… ഇതു വരെ?”
നാട്ടിലും, ഇവിടെയുമായി കേട്ട ഒറ്റ ചോദ്യം ഇതു മാത്രം. ഇന്നത്തെ വിശേഷങ്ങൾ ഇതൊക്കെയാണ്”.
കയ്യിലെ കുഞ്ഞു ഡയറിയിൽ കുത്തിക്കുറിച്ചു അവൻ ബെഡിലേക്ക് നീങ്ങി. അടുത്ത പ്രഭാതത്തെ വരവേൽക്കാൻ അവൻ നിന്നില്ല.
അതിനു മുന്നേ അവൻ പോയി.
ഉള്ളിലെ നോവുകൾ നീറി നീറി ഹൃദയം പൊട്ടി നിലച്ചപ്പോഴും അവനെ പുറമെ എങ്ങനെയാണോ മറ്റുള്ളവർ നോക്കി കണ്ടത് അതു തന്നെയായിരുന്നു ഡോക്ടമാരും വിധി എഴുതിയത്
“സൈലന്റായിരുന്നു”.