അറബി അക്ഷരങ്ങൾ കോർത്ത സൗഹൃദം

116

ഔദ്യോഗികമായി ഏഴ് ഏഴ് വർഷത്തോളം എക്സ്പീരിയൻസുള്ള എന്റെ അധ്യാപന ജീവിതത്തിലെ ഏറ്റവും സന്തോഷവും മറക്കാനാവാത്തതുമായ ചില നിമിഷങ്ങൾക്കാണ് ഇന്ന് (16 ഏപ്രിൽ 26) എറണാകുളത്തെ ലുലുമാൾ സാക്ഷ്യം വഹിച്ചത്.

അതെ, തന്റെ ഒരു വിദ്യാർഥിനിയെ കാണാൻ ഓമശ്ശേരിയിൽ നിന്നും എറണാകുളം വരെ ഒരധ്യാപകൻ സഞ്ചരിക്കുക എന്നത് സങ്കൽപിക്കാനാവുമോ നിങ്ങൾക്ക്‌..! അതും സ്‌ക്രീനിൽ മാത്രം കണ്ടുപരിചയമുള്ള ഒരു കുട്ടിയെ!!

എന്നാൽ ഒരു നല്ല സ്റ്റുഡന്റിന് അത് യാഥാർഥ്യമാക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ എന്റെ യാത്ര..

എല്ലാം അതിന്റെ ഒന്നാം തീയതി മുതൽ പറയാം..

കഴിഞ്ഞ വർഷം മെയ്‌ മാസത്തിലെ ഒരു ദിവസം, ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ക്യാമ്പസ്സിൽ (വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ, കൊടിയത്തൂർ) വെക്കേഷൻ ഡ്യൂട്ടിയിലായിരുന്നു.

അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു വിദേശ നമ്പറിൽ നിന്ന് കോൾ വരുന്നത്. കോൾ എടുത്തപാടെ അദ്ദേഹം എന്റെ പേര് വിളിച്ചാണ് സംസാരം തുടങ്ങിയത്. എന്നിട്ട് സ്വയം പരിചയപ്പെടുത്തി. “ഞാൻ സ്റ്റീഫൻ ജോൺ, ദുബായിൽ നിന്നാണ് വിളിക്കുന്നത്. എന്റെ മോൾക്ക് CBSE 10th അറബിക് ക്ലാസ്സ്‌ ഓൺലൈനായി എടുക്കാൻ പറ്റുമോ?” ഞാൻ പെട്ടെന്ന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായി. അദ്ദേഹം കൂട്ടിച്ചേർത്തു “എന്റെ മോളെ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ വഴിയാണ് നിങ്ങളുടെ നമ്പർ കിട്ടിയത്” അപ്രതീക്ഷിതമായി വന്ന ആ കോളിന് മറുപടി പറയാൻ ഞാൻ വിഷമിക്കുന്നത് മനസ്സിലാക്കിയ അദ്ദേഹം പിന്നെ വിളിക്കാമെന്ന് പറഞ്ഞു കോൾ കട്ട്‌ ചെയ്തു. അവിടെയാണ് എല്ലാത്തിന്റെയും തുടക്കം.

മുമ്പ് LP, UP ക്ലാസ്സുകളിൽ പഠിക്കുന്ന 2 UAE കുട്ടികൾക്ക് ഓൺലൈൻ ആയി ബേസിക് ക്ലാസ്സ്‌ എടുത്ത പരിചയം മാത്രമാണ് പുറത്ത് നിന്നുള്ള കുട്ടികളെ പഠിപ്പിച്ചുള്ള എന്റെ പരിചയം. പോരാത്തതിന് അത് ഒരു ഓൺലൈൻ ട്യൂഷൻ എന്ന നിലക്കായിരുന്നു. പക്ഷേ ഈ വിളിച്ചയാൾ പറഞ്ഞത് “എന്റെ മോൾ Sojia Stephen പഠിക്കുന്ന സ്കൂളിൽ 2nd language ആയിട്ട് അറബിയോ ഫ്രഞ്ചോ തിരഞ്ഞെടുക്കാൻ പറ്റും. മോൾക്ക് അറബിയോടാണ് താല്പര്യം. പക്ഷേ ഇവിടത്തെ സ്കൂളിൽ അറബി പഠിപ്പിക്കുന്നില്ല, അതിനാൽ അധ്യാപകർ ആരും തന്നെയില്ല. സാർ അവൾക്ക് എക്സ്ട്രാ സപ്പോർട്ട് എന്ന നിലക്കല്ല, അവൾക്ക് അറബിയുടെ A to Z പഠിപ്പിച്ചു കൊണ്ട് ബോർഡ്‌ എക്സാമിന് വേണ്ടി റെഡിയാക്കേണ്ടത് സർ ആണ്” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. മുസ്‌ലിം ബാക്ഗ്രൗണ്ടിലെ കുട്ടിയല്ലാത്തതിനാൽ അവൾക്ക് ചെറിയ ക്ലാസ്സുകളിൽ വെച്ച് അറബി ഭാഷ പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു എന്നത് എന്റെ ടെൻഷൻ വർദ്ധിപ്പിച്ചു.

അവൾക്ക് ഞാൻ ഡെമോ ക്ലാസ്സ്‌ എടുത്തപ്പോൾ മാഷാ അല്ലാഹ്, സമയമെടുത്താണെങ്കിലും അവൾ വായിക്കുന്നുണ്ടായിരുന്നു അതിനാൽ അവൾക്ക് അക്ഷരം പഠിപ്പിക്കേണ്ടി വരില്ല എന്ന് ഓർത്തപ്പോൾ എന്റെ ആത്മവിശ്വാസം കൂടി – അവളെ ഞാനങ്ങു ഏറ്റെടുത്തു. ആ മെയ്‌ മാസം മുതൽ ഈ മാർച്ച്‌ വരെ അവളെ ഞാൻ പഠിപ്പിച്ചെടുത്തു. അറബിയോട് നല്ല താല്പര്യമുള്ള മോളായതിനാൽ അവൾ നന്നായി എഫേർട്ട് എടുത്തു. ഒടുവിൽ എക്സാമും എഴുതി അവൾ മാർച്ച്‌ 16 ന് അവളുടെ, ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ വീട്ടിലെത്തി. വന്ന ആദ്യവാരം മുതൽ അവൾക്കെന്നെ നേരിൽ കാണണം. ഞാനാണെങ്കിൽ CBSE 10th ന്റെ evaluation ക്യാമ്പിലും. അതിന് പുറമെ സ്കൂളിൽ yearly എക്സാമും തുടങ്ങിയിരുന്നു. പക്ഷേ ദിവസവും ചാറ്റ് ചെയ്തും കോൾ ചെയ്തും അവൾക്ക് പറയാനുണ്ടായിരുന്നത് അവളെ കാണാൻ ചെല്ലണം എന്ന് മാത്രം ആയിരുന്നു. അതിനിടയിൽ അവളും കുറേ നടക്കാത്ത പ്ലാനുകൾ ചെയ്തു. “കസിൻസിന്റെ കൂടെ വയനാട് കാണാൻ വരാം. അപ്പൊ നിങ്ങളെയും കാണാലോ” ഇതായിരുന്നു ആദ്യത്തെ plan. മറ്റൊരിക്കൽ ഞാൻ സിൽവർ ഹിൽസ് സ്കൂളിൽ evaluate ചെയ്യുമ്പോഴും വിളിച്ചു. “കോഴിക്കോട് മെഡിക്കൽ കോളേജിൽ കസിൻ എംബിബിഎസ് പഠിക്കുന്നുണ്ട്. ഞാനും പേരെന്റ്സും അവിടെ വന്നാൽ നിങ്ങൾക്ക് അവിടെ വരാൻ പറ്റുമോ” ഇതായിരുന്നു രണ്ടാമത്തെ പ്ലാൻ. അതും നടപടിയായില്ല. അവൾ ഇപ്പോൾ നാട്ടിൽ വന്നിട്ട് 1 മാസം തികയുന്നു. ദുബായിൽ അവൾക്ക് പ്ലസ് വൺ ക്ലാസും തുടങ്ങിക്കഴിഞ്ഞു. ഏപ്രിൽ 18 ന് അർദ്ധരാത്രി അവർക്ക് തിരിച്ചുപോവണം. “സാറിനെ കാണാൻ പറ്റാതെ പോവേണ്ടി വന്നാൽ എനിക്കത് ഒത്തിരി വിഷമം ആവും, ഒരു ദിവസമല്ലേ സാറേ ഞാൻ ചോദിക്കുന്നുള്ളൂ? ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾക്ക് കാണാൻ വന്നൂടെ?” എന്നൊക്കെ അവൾ സങ്കടത്തോടെ ചോദിക്കും 🥲. എനിക്കാണേൽ evaluation കഴിഞ്ഞ് സ്കൂളിൽ പുതിയ 10th ന് ക്ലാസ്സ്‌ എടുക്കാനുള്ള ടൈംടേബിൾ റെഡി ആയിരുന്നു. ഒടുവിൽ ഞാൻ ഉറപ്പിച്ചു എനിക്ക് ക്ലാസ്സ്‌ ഇല്ലാത്ത 16 ഏപ്രിൽ വ്യാഴാഴ്ച അവളെ കാണാൻ പോകണമെന്ന്. എന്റെ യാത്രാദൈർഘ്യം കുറക്കാൻ അവർ മാവേലിക്കരയിൽ നിന്ന് ലുലുമാളിലേക്ക് വരാമെന്ന് എന്നെ അറിയിച്ചു. അതിനിടക്ക് 15 ന് റിസൾട്ട്‌ വന്നപ്പോൾ അവളെന്നെ വിളിച്ചു. അറബിയിൽ എക്കാലത്തെയും ബെസ്റ്റ് മാർക്കായ 73/80 കിട്ടിയിട്ടുണ്ട് എന്ന് അറിയിച്ചു. അതുംകൂടി കേട്ടപ്പോ ഞാൻ പോക്ക് ഉറപ്പിച്ചു. എന്റെ ഫാമിലിയെയും കൂടെ കൂട്ടാൻ അവരെന്നെ അറിയിച്ചു. പക്ഷേ നിർഭാഗ്യവശാൽ, 14 ന് ഉച്ച മുതൽ എന്റെ മോൾക്ക് നിർത്താതെയുള്ള ഛർദ്ദിയും അതിനെ തുടർന്ന് കലാശലായ പനിയും ഉണ്ടായി. ശാന്തി ഹോസ്പിറ്റലിൽ അന്ന് ഒബ്സെർവേഷനിൽ കഴിഞ്ഞു, കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് മടങ്ങി. പക്ഷേ അന്ന് പുലർച്ചെയും പിന്നീട് ഉച്ചക്ക് ശേഷവും നന്നായി ഛർദിക്കാൻ തുടങ്ങി, വീണ്ടും ഹോസ്പിറ്റലിൽ പോയി ഡ്രിപ് ഇട്ട് കിടത്തി. അന്ന് രാത്രി 11 മണിയോടെയാണ് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയത്. പിറ്റേന്നാണ് എനിക്കവളെ കാണാൻ പോവേണ്ടത്. മോള് നല്ല ക്ഷീണത്തിലായതിനാൽ അവരെ കൂടെ കൂട്ടാൻ കഴിയാതെ പകരം എന്റെ ഉമ്മയെയും പെങ്ങളെയും കൂടെ കൂട്ടി, അനിയന്റെ കാറിൽ രാവിലെ 7:45 ന് ലുലു മാൾ ലക്ഷ്യമാക്കി യാത്രയാരംഭിച്ചു.

അങ്ങനെ ഒരു 12:30 pm ന് ഞങ്ങൾ അവിടെ എത്തി. Sojia യെയും ഫാമിലിയെയും മീറ്റ് ചെയ്തു. ഞങ്ങളെ കാണാൻ അവൾ മാതാപിതാക്കളും കസിൻസുമടക്കം ഏകദേശം 17 പേർ ഒരു ക്യാരവാനിലാണ് വന്നത്.

ആ ഒത്തുചേരൽ ഒരു ചരിത്രനിമിഷമായിരുന്നു എനിക്ക്. വളരെ സന്തോഷത്തോടെയാണ് അവർ ഞങ്ങളെ സ്വീകരിച്ചത്. അവളുടെ അമ്മ, അതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത എന്റെ ഉമ്മയെയും പെങ്ങളെയും കെട്ടിപ്പിടിച്ചു ഞങ്ങളെ അങ്ങ് പൊതിഞ്ഞു. എന്റെ വിദ്യാർത്ഥിനിക്കാണെങ്കിൽ എന്നെ കണ്ട excitement കാരണത്താൽ കുറെ നേരത്തേക്ക് ഒന്നും മിണ്ടാൻ വാക്കുകൾ കിട്ടിയില്ല. ഞങ്ങൾ അവരോടൊപ്പം ഏകദേശം 3-4 മണിക്കൂറുകൾ ചിലവഴിച്ചു. ഒടുവിൽ ഞങ്ങൾക്കും അവർക്കും പരസ്പരം പിരിയാൻ പോലും പറ്റാത്ത അവസ്ഥ വന്നു. ഇംത്വ കൂടെ ഭാര്യയെയും മക്കളെയും കൂട്ടാൻ പറ്റാത്തതിലെ പരിഭവം അവർ പല ആവർത്തി പറഞ്ഞുകൊണ്ടിരുന്നു.  എന്റെ മക്കൾക്ക് ഒരു സ്നേഹസമ്മാനമായി നിർബന്ധിച്ചു ഡ്രസ് വാങ്ങിച്ചു തന്നു. അവരുടെ മോന് കല്യാണം നോക്കുന്നുണ്ടെന്നും ശരിയായാൽ കുടുംബസമേതം മാവേലിക്കരയിൽ വരണമെന്നും അവർ മുൻകൂറായി ക്ഷണിക്കാനും മറന്നില്ല. യാത്ര പറഞ്ഞിട്ട് അവർക്ക് മതിയാവുന്നുണ്ടായിരുന്നില്ല. അവർ പോയപ്പോൾ അത്രേം സ്നേഹത്തോടെയുള്ള അവരുടെ പെരുമാറ്റം കാരണം ഉള്ളിലൊരു മിസ്സിംഗ്‌, ഒരു നീറ്റൽ. തിരിച്ചു നാട്ടിലേക്കുള്ള വഴിയിൽ എന്റെ ഉമ്മക്കും പെങ്ങൾക്കും വേറൊന്നും പറയാൻ വിഷയം ഉണ്ടായിരുന്നില്ല, അവരെക്കുറിച്ച് നൂറുനാവായിരുന്നു. ഇതുവരെ കണ്ടിട്ടില്ല ഇത്രയും പെട്ടെന്ന് ബോണ്ട്‌ ആവുന്ന ഒഎസ് ഫാമിലിയെ എന്നായിരുന്നു അവരുടെ അവസാന വാക്ക്…