നമ്മള്‍ പലപ്പോഴും ഓര്‍ക്കുന്നില്ല; പലരും അപ്രതീക്ഷിതമായി നല്‍കിയ സമ്മാനങ്ങളാണ് ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്ന്!
പ്രിയപ്പെട്ടവർക്ക് നമ്മള്‍ ഇഷ്ടപ്പെട്ടൊരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുമ്പോള്‍ അത് ലഭിക്കുന്ന വേളയില്‍ ആളിന്റെ കണ്ണൊന്ന് സങ്കല്‍പിച്ചു നോക്കിയിട്ടുണ്ടോ…?
അതില്‍ നിന്നുള്ള പ്രകാശത്തിന് ചുറ്റുമുള്ളവയിലെല്ലാം സൗന്ദര്യം കാണാനുള്ള ശക്തിയുണ്ട്!
അന്വേഷിച്ചിട്ടും കണ്ടെത്താതെ പോയ സര്‍പ്രൈസുകളുടെ ഉറവിടങ്ങളെ ചൊല്ലി പരിഭവിക്കേണ്ടതില്ല. അജ്ഞാതമായ അത്തരം ഉറവിടങ്ങളും അതിനെച്ചൊല്ലിയുള്ള ഉത്തരമില്ലാത്ത ഒട്ടനേകം അന്വേഷണങ്ങളും മാത്രമാണ് ഈ പ്രപഞ്ചോത്പത്തിയുടെ സിദ്ധാന്തത്തെ പോലും നില നിര്‍ത്തുന്നത്!
അതിജീവനത്തിന്റെ രുചിയറിഞ്ഞിട്ടുള്ള ഓരോ വ്യക്തിയിലും നിറഞ്ഞിരിക്കുന്നതും അത്തരമൊരു രഹസ്യമാണ്. പക്ഷെ തന്റെ ബോധത്തിനു പോലും അവ ചിലപ്പോള്‍ അജ്ഞമായി തുടരുന്നു എന്ന് മാത്രം.
ഒരര്‍ത്ഥത്തില്‍ മറ്റാരോ വായിച്ചു കൊണ്ടിരിക്കുന്ന കഥയിലെ സാങ്കല്‍പിക കഥാപാത്രങ്ങളുടെ സംസാരങ്ങളില്‍ ഇടയ്ക്കു കയറി വരുന്ന ചില പേരുകള്‍ മാത്രമാണ് നമ്മളും നമ്മുടെ പ്രപഞ്ചവും എന്ന് ധാരണ പോലെയാണത്!
സങ്കല്‍പങ്ങള്‍ക്കുള്ളിലെ സങ്കല്‍പങ്ങള്‍…!
തിളച്ചു തൂവിക്കൊണ്ടിരിക്കുന്ന ഓരോ പാനപാത്രങ്ങള്‍ക്കും ഒരേ താളമാണ്. ഉള്ളില്‍ നിന്ന് നല്‍കൂ..നല്‍കൂ എന്നാരോ വിളിച്ചു പറയുന്നത് പോലെ..!
സാഹിത്യത്തിലെ ഏറ്റവും സുന്ദരമായ സര്‍പ്രൈസായി ഓര്‍ക്കാവുന്നത് ഒരു ബിഷപ്പ് പറഞ്ഞ നുണയാണ്!
”ആ വെള്ളിക്കരണ്ടികള്‍ ജീന്‍ വാള്‍ ജീന്‍ മോഷ്ടിച്ചതല്ല, ഞാനവന് സമ്മാനിച്ചതാണ്…!”
ചില വാക്കുകള്‍ പോലും ഒരായുസ്സിന് വേണ്ട സമ്മാനമായി മാറുന്ന നിമിഷങ്ങള്‍…!
ചിലപ്പോള്‍ ഒരേയൊരു വാക്കു പോലും…!
അത് നേരെ തിരിച്ചുമാവാം. വീഴുന്ന വാക്കുകളില്‍ ശ്രദ്ധ വേണം..
ദാനത്തെ പോലും ഏറ്റവും മഹത്തായ സമ്മാനമായി നല്‍കി മുന്നിലുള്ളവനെ പുഞ്ചിരിപ്പിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും. ദാനത്തില്‍ ഞാന്‍ നിന്നെ പരിഗണിക്കുന്നു എന്നൊരു കരുതലുണ്ട്. എന്നാല്‍ നല്ലൊരു സ്നേഹോപഹാരത്തില്‍ അതിനുമപ്പുറം നീയെനിക്ക് വിലപ്പെട്ടവനാണെന്നും ഞാന്‍ നിന്നെ അംഗീകരിക്കുന്നു എന്നുംകൂടി കൂടി പറയുന്നുണ്ട്. തനിക്കേറ്റവും ഇഷ്ടമുള്ളതിനെ പൂര്‍ണ സന്തോഷത്തോടെ മറ്റൊരുവന് സമ്മാനിക്കുമ്പോള്‍ മാത്രമേ ഒരാള്‍ സത്യത്തില്‍ വിശ്വസിക്കുന്നുള്ളൂ എന്ന് പറഞ്ഞ മനുഷ്യനെ കാലങ്ങള്‍ക്കിപ്പുറം തിളങ്ങുന്ന രത്നക്കല്ലിനോടാണ് നാരായണഗുരു ചേര്‍ത്ത് വായിച്ചത്!
ചില്ലലമാരയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉപഹാരങ്ങള്‍ക്കു പിന്നില്‍ ‘ഇതു കാണുമ്പോള്‍ നീ എന്നെ ഓര്‍ക്കുമല്ലോ’ എന്നൊരു ധ്വനി എവിടെയോ മുഴങ്ങുന്നുണ്ട്. ഓര്‍മിക്കപ്പെടാന്‍ എപ്പോഴും അത്തരം ബിംബങ്ങളുടെ ആവശ്യമില്ല. അദൃശ്യമായ ചിലതും നമുക്ക് സമ്മാനിക്കാനാകുമല്ലോ…
അല്ലെങ്കിലും ഞാന്‍ നല്‍കിയ ചിലതിന്റെ പേരില്‍ നീയെന്നെ ഓര്‍ത്തു കൊള്ളണമെന്ന് ഞാന്‍ കരുതുന്നത് സ്വാര്‍ത്ഥതയല്ലേ..?
സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ തിരിച്ചൊന്നും പ്രതീക്ഷിക്കരുത് എന്ന് അറിവുള്ളവര്‍ പറയുന്നതിന് കാരണം നമുക്ക് നിരാശയോ ഇച്ഛാഭംഗമോ ഉണ്ടാകുമെന്ന് കരുതിയാവില്ല. ദൈവമാകുന്ന മഹാശക്തി അപരിചിതമായൊരു വഴിയിലൂടെ അത്യാവശ്യ ഘട്ടത്തില്‍ അതിലും മികച്ചൊരു സമ്മാനം തിരിച്ചു തന്നിരിക്കുമെന്നൊരു ഉറപ്പാണത്!
ആ അത്ഭുതങ്ങളെ ഏറ്റു വാങ്ങുമ്പോള്‍ നമ്മളതത്ര ശ്രദ്ധിക്കാറില്ലെന്ന് മാത്രം.
സര്‍പ്രൈസുകളെക്കുറിച്ച് വായിച്ചതിലേറെയിഷ്ടമായൊരു വരി വിശുദ്ധ ഖുര്‍ആനിലെ അധ്യായം ‘സജദ’യിലെ വാക്കുകളാണ്…
”അവര്‍ ചെയ്ത നന്മകള്‍ക്കെല്ലാം സമ്മാനമായി നാം കണ്‍കുളിര്‍ക്കുന്ന എന്തൊക്കെയാണ് രഹസ്യമായി കരുതി വച്ചിരിക്കുന്നതെന്ന് അവരറിയുന്നില്ലല്ലോ.. (32:17).!”
എന്തൊരു സര്‍പ്രൈസാണ്! അപ്രതീക്ഷിത സമ്മാനങ്ങളെക്കുറിച്ച് ഈ ആശുപത്രിമുറിയില്‍ വച്ച് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ യാദൃശ്ചികമായി എന്റെ കയ്യിലേക്കൊരു മിഠായി! അപ്പുറത്തെ മുറിയിലൊരു കുഞ്ഞ് പിറന്നിരിക്കുന്നു!! ഒരു പക്ഷെ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം ഞാനൊരു Eclairs മിഠായി ആസ്വദിച്ചു കഴിക്കുകയാണ്. പശ്ചാത്തലത്തില്‍, ജനിച്ചപ്പോള്‍ തന്നെ മറ്റൊരുവന്‍ തന്നെ കഥാപാത്രമാക്കിക്കളഞ്ഞതൊന്നുമറിയാതെ, ആദ്യമായി ഭൂമി കണ്ട ആവേശത്തില്‍ തന്റെ മാത്രമായ ഭാഷയില്‍ അവള്‍ കരയുന്നതെനിക്ക് വ്യക്തമായി കേള്‍ക്കാം…!