ഇവിടെ തൊട്ടരികിലായ്-കാണാമറയത്തായൊരു മുറിയുണ്ട്. അവിടേക്കായിരുന്നു എന്റെ വിധി എന്നെ കൊണ്ടെത്തിച്ചത്. ആദ്യമായി കണ്ടത് മനോഹരമായ ഒരു കവാടമായിരുന്നു. ആരും ഒന്ന് കയറി നോക്കാൻ ആഗ്രഹിക്കുന്ന ഒരാരംഭം. ആ കാവടത്തിന് വല്ലാത്തൊരു മനോഹാരിതയുണ്ടായിരുന്നു.അങ്ങനെ ആ കവാടം എനിക്കായ് തുറക്കപ്പെട്ടു…! അതിനധികം സമയമൊന്നും ആവശ്യം വന്നില്ലായിരുന്നു.. എന്നാൽ അതിനകത്തു കയറിയ ഞാൻ കണ്ടത് ആ കവാടം എന്നോട് നിശബ്ദമായി മൊഴിഞ്ഞ കഥകളൊന്നുമായിരുന്നില്ല. ആ കവാടത്തിൽ നിന്നുമെന്നിലണഞ്ഞ ആകർഷണമൊന്നും എന്റെ സങ്കൽപ്പത്തിനരികെ പോലും കണ്ടുകിട്ടിയതുമില്ല…!! പാടെ ഇരുൾ മൂടിയൊരു മുറി.അങ്ങനെ എന്റെ കയ്യിലുണ്ടായിരുന്ന വെളിച്ചം പരത്തി അവിടം ഞാൻ അത്ഭുതത്തോടെ പരതുവാൻ തുടങ്ങി. എന്നാൽ,അതിന്റെ അറ്റം എവിടെയെന്ന് പോലും കാണാനാകുന്നില്ലായിരുന്നു. അത്രമാത്രം വിശാലമായൊരു മുറി. അവിടമാകെ ചിന്നിച്ചിതറിയ ഇരുൾ പരപ്പിനെ കീറിമുറിച്ചുകൊണ്ട് എന്റെ കയ്യിലെ പ്രകാശകിരണങ്ങൾക്കു പിന്നാലെ ഞാൻ മുന്നോട്ടു നീങ്ങി..
കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ അവിടെ രക്തം നൃത്തമാടിയ അനേകം ഭിത്തികൾ കണ്ടു. ആകമാനം ആണികൾ തറച്ചു വച്ച വികൃതമായ ഒരു ലോകമായ്..എന്തോ..എനിക്കവിടം അങ്ങനെയെല്ലാമാണ് തോന്നിയത്. പിന്നീടങ്ങോട്ട് എന്റെ പാദങ്ങൾ മുന്നോട്ട് വെയ്ക്കാൻ കഴിയാത്ത തലങ്ങളായിരുന്നു. എവിടുന്നെല്ലാമോ രക്തം ഇറ്റിറ്റു വീഴുന്നുണ്ട്. തറയിലാകെ ഉപ്പുരസമുള്ള രക്തതുള്ളികളാണ്. എന്നിരുന്നാലും ഞാൻ മുന്നോട്ടു തന്നെ പോയി. പിന്നീട് എന്റെ കാലുകളിൽ എന്തോ തടഞ്ഞു നിന്നതായ് ഞാൻ ശ്രദ്ധിച്ചു. മറ്റൊന്നുമല്ല, ഈ ചുറ്റുപാടിനുതകുന്ന കുറച്ച് പച്ചയായ മാംസ കഷ്ണങ്ങൾ, തൊട്ടപ്പുറത്തായി രണ്ട് മനോഹരമായ കണ്ണുകൾ.. ആരോ പിഴുതെറിഞ്ഞതാണെന്നു തോന്നുന്നു. അതിൽ നിന്നുമാണ് ഇവിടമാകെ ഉപ്പുരസമുള്ള രക്തച്ചാലൊഴുകുന്നത്! കുറച്ചു ദൂരം കൂടെ സഞ്ചരിച്ചപ്പോൾ എന്റെ മുഖഭാവം പാടെ മാറി. ആദ്യം കണ്ടയാ കവാടം.. അതെന്നിലേകിയ പ്രതീക്ഷയുടെ സൂര്യൻ ഉദിച്ചതായിരുന്നേക്കാം..
എന്റെ കണ്ണുകളെ തണുപ്പിച്ചു കൊണ്ട് ആ പൂന്തോപ്പ് പുഞ്ചിരി വിടർത്തി.
പതിയെ ആ പൂന്തോപ്പിലൂടെ ഞാൻ നടന്നു നീങ്ങിയപ്പോൾ അതിലെ ഏറ്റവും മനോഹരമായ വേറിട്ടു നിന്നിരുന്ന ചില പൂക്കളിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു. അവയെല്ലാം ഓരോ മനുഷ്യ മുഖങ്ങളായാണ് എന്റെ കണ്ണുകളിലൂടെ ഞാൻ കണ്ടത്. അങ്ങനെ നടന്ന് നടന്ന് അൽപനേരംകൊണ്ട് ആ പൂന്തോപ്പവസാനിച്ചു. അവിടെ നിന്നുമിറങ്ങിയപ്പോഴാണ് ആ പൂന്തോപ്പിന്റെ പേര് ഞാൻ ശ്രദ്ധിച്ചത് ‘ മരീചിക ‘..! പെട്ടെന്ന് ഒരിക്കൽ കൂടി ആ പൂന്തോപ്പിലേക്കായ് ഞാനൊന്ന് തിരിഞ്ഞു നോക്കി. അപ്പോൾ അതൊരു പൂന്തോപ്പായിരുന്നില്ല.അതൊരു ശവപ്പറമ്പായിരുന്നു! നിരാശ പടർന്ന്, പ്രതീക്ഷ പുതച്ച്.. ഞാൻ വീണ്ടും നടക്കാനാരംഭിച്ചു…
ഇത്തവണ കാഴ്ചകളായിരുന്നില്ല. മറിച്ച് , ആർത്തുവിളിച്ചുകൊണ്ടെവിടെ നിന്നെല്ലാമോ കുറെ കരച്ചിൽ കേൾക്കുന്നു… കുറച്ചു കൂടെ നടന്നു നീങ്ങിയപ്പോൾ ഉള്ളുനീറിക്കൊണ്ടനേകം തേങ്ങലുകൾ എന്നെയലട്ടി. ഇത്തവണ ഞാൻ മുന്നോട്ടു നോക്കിയപ്പോൾ കണ്ടത്, മറ്റൊരു കവാടമായിരുന്നു. ഇതിൽ നിന്നും പുറത്തു കടക്കാൻ… എന്നാൽ അതിനു മുമ്പായി.. എന്തോ എന്നെ തിരിച്ചു വിളിക്കുന്നുണ്ട്… ഈ മുറിക്കുള്ളിൽ മറ്റനേകം ഉള്ളറകളുണ്ട്. അതൊന്നും പരതാനപ്പോളെനിക്ക് തോന്നിയില്ല. പക്ഷെ ആ മുറി കണ്ടിട്ട് വർഷങ്ങളായ് മനുഷ്യസാന്നിധ്യമില്ലെന്നത് തീർച്ച.
പതിയെ കണ്ണുകളടച്ച് ആ ഭിത്തിയിലൂടെ ഞാൻ വിരലുകൾ കടത്തി. സഹതാപത്തിന്റെ തലോടൽ.. എന്റെ കണ്ണുകൾ തുറന്നതും പിന്നീട് ഞാൻ കണ്ടതൊരു പറുദീസ തന്നെയായിരുന്നു! സ്വയം നെയ്ത ഒരു മറയാകുന്ന കവാടത്തിനുള്ളിൽ വിതുമ്പുന്ന ഒരു ഹൃദയത്തെ സൂക്ഷിച്ചയാ മനുഷ്യ മനസ്സിലൂടെ- നിമിഷങ്ങൾ കൊണ്ടാണ് ഞാൻ അയാളുടെ ഒരുപാട് വർഷങ്ങൾ നടന്നു കണ്ടത്.. എന്നാൽ ആരുമറിയാതെ പോയ ആ മനസ്സിന്, ഉള്ളറിഞ്ഞുകൊണ്ടുള്ളൊരു തലോടൽ മാത്രം മതിയായിരുന്നു അതൊരു സ്വർഗ ലോകമായിത്തീരാൻ..
ഇന്നും നമ്മുടെ തൊട്ടരികിലായുള്ള, എന്നാൽ നമ്മൾ കാണാതെ പോകുന്ന ചില കവാടങ്ങൾക്കു പിന്നിലെ കാണാമറയത്തെ അജ്ഞാത മുറികൾ.. നമുക്കായ് നമ്മുടെ തലോടലിനായ് സദാ കാക്കുന്നു.
Nice