ജനനത്തിന്റെ
രേഖയെന്താണ്..?
ജീവിക്കുന്നുവെന്നതല്ലേ..
ജീവിച്ചതിന്റെ
രേഖയെന്താണ്…?
മരിക്കുന്നുവെന്നതല്ലേ…
കടലാസ് രേഖ വേണമെന്ന്..
ഒരു തുള്ളി വെള്ളം
ഒരു ചെറു തീ നാളം
അതിലപ്പുറം കടലാസിന്
ആയുസെവിടെ…
നിയമങ്ങളാണതറിയരുതോ..
സ്വാതന്ത്ര്യത്തിന്റെ നിയമങ്ങളോ…?
കടലാസുകെട്ടുകളിൽ,
കൊരുത്തിട്ട
മനുഷ്യനെയെങ്ങനെ
സ്വതന്ത്ര്യനെന്ന് വിളിക്കും..
പൗരത്വം വേണോ വേണ്ടയോ..
മനുഷ്യനുണ്ടായതിൽ
പിന്നല്ലേ
അതിരുകൾ തീർത്തത്,
രാഷ്ട്രങ്ങളായി
പിരിഞ്
പൗരനായി ചമഞ്ഞത്.
നിങ്ങൾക്ക് പോകാം,
പൗരത്വമില്ലാത്തൊരാനാഥനായലയാം.
അമ്മയുണ്ടച്ചനുണ്ട്
കൂടെപ്പിറപ്പുകളത്രയുണ്ട്
എന്നിട്ടും….
ഞാനൊരനാഥനോ.
ശവമടക്കിനാറടി
ഭൂമി കിട്ടാത്തൊരനാഥൻ.
ജനിച്ചതിനും
ജീവിച്ചതിനും
മരിച്ചതിനും
രേഖയില്ലാത്തൊരാനാഥ
ജഡം, അല്ലെ…?
ചെറു പുഞ്ചിരിയോടെയാ
അനാഥ ജഡത്തിനുടമ
പടിയിറങ്ങി.
അനേകം അനാഥ
ജഡമുടമകളിലേക്ക്
ലയിച്ചു ചേർന്നു.
എത്ര അനാഥ
ജഡങ്ങളെയാണിവിടെ
നിയമം സൃഷ്ടിച്ചു വെച്ചതെന്ന്
ഞാനുമൊരു നെടുവീർപ്പിട്ടു.