അൽബൈത്ത്

318
0

അതിരറ്റ ആനന്ദം…
അനൽപമായ സന്തോഷം…

പേര് പോലെ കാഴ്ചയ്ക്കും മനോഹരമാണ് കഅ്ബ. ലോകർക്ക് സന്മാർഗവും അനുഗ്രഹവുമായി സൃഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ഭൂമിയിൽ ആദ്യമായി നിർമിക്കപ്പെട്ട ആരാധനാലയം. ആയിരങ്ങളുടെ സംഗമഭൂമിയായ, നിർഭയത്വമുള്ള, പവിത്രമായ, ആഹാരം നൽകപ്പെട്ടതായ മണ്ണാണ് മക്ക. അവിടത്തെ മുൾചെടി പോലും പൊട്ടിക്കരുത്, മരം പിഴുതെടുക്കരുത്, അവകാശിയല്ലാതെ വീണുപോയത് കൈക്കലാക്കരുത്.

ഖത്തർ യൂണിവേഴ്സിറ്റിയിലേക്ക് പഠിക്കുവാൻ പുറപ്പെടുന്ന സമയത്ത് തന്നെ മനസ്സിലെ ആഗ്രഹമായിരുന്നു ഈ തീരത്ത് വന്നെത്തണമെന്നത്, ഉപ്പയുടെ നിർബന്ധ നിർദേശം കൂടിയായിരുന്നു അത്. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് നീണ്ട അവധിക്കാലത്ത് ഉംറക്ക് മനസ്സൊരുങ്ങി, അതിന്റെ വഴികൾ അല്ലാഹു തുറന്ന് നൽകിയത് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്ററിൻ്റെ രൂപത്തിലാണ്, അങ്ങനെ ഒരു സംഘത്തിന്റെ അമീറെന്നെ ഉത്തരവാദിത്വം ഏറ്റെടുത്ത് യാത്ര തുടങ്ങുകയായിരുന്നു. സംഘത്തലവൻ ഞാനായിരുന്നുവെങ്കിലും ആളുകൾക്ക് ഭൗതികമായ നിർദേശങ്ങൾ നൽകുവാനും അവരുടെ ഭക്ഷണം,താമസം തുടങ്ങിയ സകല കാര്യങ്ങളും നിയന്ത്രിക്കാനും കയ്യും മെയ്യും മറന്ന് നിന്നത് കാപ്പാടുകാരൻ മുസ്തഫക്കയായിരുന്നു. ഒരു പരിചയവുമില്ലാത്ത എനിക്ക് അദേഹം വലിയൊരു ആശ്വാസമായിരുന്നു.

ദുൽഹുലൈഫയിൽ നിന്ന് ഇഹ്റാമിൽ പ്രവേശിച്ച് തൽബിയത്ത് ചൊല്ലി കഅ്ബ ലക്ഷ്യമാക്കി നീങ്ങുമ്പോൾ നമ്മൾ അറിയാതെ ഒരു ആത്മീയത ഉള്ളിലേക്ക് പ്രവേശിക്കും. ഒരുപക്ഷേ അത് ഭൂമിയിൽ നിന്ന് ലോകരക്ഷിതാവിനെ തേടിയുള്ളത് കൊണ്ടായിരിക്കാം. ഈ ഭവനത്തിലേക്ക് ആളുകളെ നീ ക്ഷണിക്കുന്ന അവസരത്തിൽ നാനാദിക്കിൽ നിന്നും വാഹനത്തിലും നടന്നും അവരെത്തുമെന്ന അല്ലാഹുവിൻ്റെ ഇബ്രാഹിം (അ) നുള്ള ഉറപ്പാണ് അവിടത്തെ ജനമഹാസാഗരം വിളിച്ചോതുന്നത്. ഒരേ വേഷത്തിൽ ഒരേ മനസ്സോടെ ഒരേയൊരു ദൈവത്തിലേക്കുള്ള ഹിജ്റയാണത്, തേട്ടങ്ങളും സംഭവിച്ച കോട്ടങ്ങളും രാജാധിരാജനായ സർവ്വാധികാരിയായ പടച്ചോൻ്റെ സവിധത്തിലേക്ക് കൈകളുയർത്തി കേഴുന്ന പതിനായിരങ്ങൾ ഒന്നിക്കുന്ന മിനിമഹ്ശറയാണത്.

ബുധനാഴ്ച അർദ്ധരാത്രി ആരംഭിച്ച ഉംറ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ ചക്രവാളത്തിൽ ഫജ്റിന്റെ ബാങ്കൊലി മുഴങ്ങുന്നുണ്ടായിരുന്നു. രണ്ട് ദിവസത്തെ മക്കയിലെ നിമിഷങ്ങൾക്ക് ആരാധനകളുടെ ആഴമുള്ള കഥകളുണ്ട് പറയാൻ. അവിടെ വെച്ച് നാട്ടുകാരായ ശഹീനെയും ഹസീബിനെയും കാണുവാനും ബന്ധം പുതുക്കാനും സാധിച്ചു. ജുമുഅ കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ ഉമ്മുൽഖുറാ സർവ്വകലാശാലയും ഹജ്ജിന്റെ സവിശേഷമായ അറഫയും മീനയും മുസ്ദലിഫയും ജംറകളും അടങ്ങുന്ന പ്രദേശങ്ങളും നയനങ്ങൾക്ക് കുളിരേകിയ കാഴ്ചകളായിരുന്നു.

മക്കത്ത് പൂത്തൊരു ഈന്തമരത്തിലെ ഓരിലയായെങ്കിൽ, എന്ന് കവി പാടിയത് എത്ര അർത്ഥവത്താണ്…

Leave a Reply

Your email address will not be published. Required fields are marked *