ആകാശ വാഹനങ്ങളുടെ ട്രാഫിക്നിയന്ത്രിക്കുന്നവരാകാന്‍ ‘എയര്‍ ട്രാഫിക് കണ്‍ട്രോളിങ് കരിയർ’

405
0

ആകാശത്ത് പറക്കുന്ന വിമാനങ്ങള്‍ പറത്തുന്നത് പൈലറ്റുമാരാണെങ്കിലും അത് എത്രവേഗത്തില്‍ പോകണം, എത്ര ഉയരത്തില്‍ പറക്കണം, എന്നൊക്കെ തീരുമാനിക്കുന്നത് താഴെ ഭൂമിയിലിരിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരാണ് (ATC). തിരക്കേറിയ ഒരു വിമാനത്താവളത്തില്‍ ദിവസവും നൂറുകണക്കിന് വിമാനങ്ങളെയാണ് ഒരു എയര്‍ട്രാഫിക് കണ്‍ട്രോളര്‍ വഴി കാണിച്ചു വിടുന്നത്. ഒരേ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ അവയെ വ്യത്യസ്ത ഉയരങ്ങളിലേയ്ക്ക് മാറ്റുന്നതും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ നിര്‍ദ്ദേശങ്ങളാണ്.

അടുത്തറിയാം എയര്‍ ട്രാഫിക് കണ്‍ട്രോളിങ് കരിയർ

ആകാശത്തിലൂടെ പറന്നു നടക്കുന്ന ആയിരക്കണക്കിന് വിമാനങ്ങളുടെയും മറ്റ് വ്യോമയാനങ്ങളുടെയും സുരക്ഷിതവും ചിട്ടയുള്ളതും വേഗത്തിലുള്ളതുമായ ഒഴുക്കിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരാണ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍. വിമാനത്താവളങ്ങളില്‍ ഉയരത്തില്‍ കാണുന്ന ടവറുകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളാണ് (ATC). ഈ ടവറുകളിലും ഗ്രൗണ്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലും ഇരുന്നുകൊണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനത്തിന്റെ സ്ഥാനം, വേഗത, ഉയരം എന്നിവ നിരീക്ഷിക്കുകയും പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ജോലി ഏറെ ഉത്തരവാദിത്തമുള്ള ഒന്നാണ്. എല്ലാ വിമാനങ്ങളും എല്ലായിപ്പോഴും ഏതെങ്കിലും ഒരു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. ഒരു സെന്ററില്‍ നിന്ന് മറ്റൊരു സെന്ററിലേക്ക് നിയന്ത്രണം കൈമാറി കൈമാറിയാണ് വിമാനങ്ങള്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നത്. തങ്ങളുടെ നിയന്ത്രണമേഖലയില്‍ വിമാനങ്ങള്‍ പരസ്പരം സുരക്ഷിതമായ അകലത്തിലും ശരിയായ വ്യോമാതിര്‍ത്തിക്കുള്ളിലും നിശ്ചിത വ്യോമപാതയിലൂടെയും സഞ്ചരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍മാരുടെ ഉത്തരവാദിത്തമാണ്.

ഒരു എ.ടി.സിക്കു വേണ്ട വ്യക്തി ഗുണങ്ങള്‍: മികച്ച ഹ്രസ്വകാല-ദീര്‍ഘകാല ഓര്‍മ്മശക്തി, സാഹചര്യ അവബോധവും, മികച്ച ആശയവിനിമയ വൈദഗ്ധ്യം, നല്ല ഗണിതശാസ്ത്ര വൈദഗ്ധ്യം, പെട്ടെന്ന് ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ്, സമ്മര്‍ദ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയൊക്കെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ആവശ്യമായ വ്യക്തി ഗുണങ്ങളില്‍ ഉള്‍പ്പെടും.

യോഗ്യത: ഇന്ത്യയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് പോസ്റ്റാണ് എന്‍ട്രി കേഡര്‍. ഫിസിക്സും മാത്തമാറ്റിക്സും വിഷയങ്ങളായി സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗില്‍ മുഴുവന്‍ സമയ റെഗുലര്‍ ബാച്ചിലേഴ്സ് ബിരുദം. (ഫിസിക്സും മാത്തമാറ്റിക്സും ഏതെങ്കിലും സെമസ്റ്ററില്‍ വിഷയങ്ങളായിരിക്കണം). അവസാന വര്‍ഷ ബിരുദ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ കഴിയും. എന്നാല്‍ ആപ്ലിക്കേഷന്‍ വെരിഫിക്കേഷന്‍ സമയത്ത് ഇവര്‍ നിശ്ചിത യോഗ്യത നേടിയിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് 10+2 സ്റ്റാന്‍ഡേര്‍ഡ് ലെവലില്‍ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം. (10 അല്ലെങ്കില്‍ 12 ക്ലാസുകളില്‍ ഒരു വിഷയമായി ഇംഗ്ലീഷ് പാസായിരിക്കണം).

ഉയര്‍ന്ന പ്രായപരിധി 27 വയസ്സാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ ബി സി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി: സെലക്ഷന്‍ പ്രക്രിയയുടെ ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷയാണ്. പരീക്ഷയെ ടെക്‌നിക്കല്‍ എന്നും നോണ്‍ടെക്‌നിക്കല്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ സെഷനില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളും നോണ്‍ടെക്‌നിക്കല്‍ സെഷനില്‍ ജനറല്‍ നോളഡ്ജ്, ഇംഗ്ലീഷ്, റീസണിങ്ങ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. 120 ചോദ്യങ്ങളാണ് ആകെയുള്ളത്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.

ഓണ്‍ലൈന്‍ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അപേക്ഷ വെരിഫിക്കേഷന്‍ / വോയ്സ് ടെസ്റ്റ് / സൈക്കോ ആക്റ്റീവ് സബ്സ്റ്റന്‍സ് ടെസ്റ്റ് / സൈക്കോളജിക്കല്‍ അസസ്മെന്റ് ടെസ്റ്റ് / മെഡിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് വിളിക്കുകയും ചെയ്യും. വോയ്‌സ് ടെസ്റ്റില്‍ ഇംഗ്ലീഷ് പരിജ്ഞാനം – പ്രധാനമായും പൈലറ്റ്മാര്‍ ഉപയോഗിക്കുന്ന പദങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ടോയെന്നാണ് പരിശോധിക്കപ്പെടുക. തുടര്‍ന്ന് നടക്കുന്ന പാനല്‍ അഭിമുഖത്തിന് ശേഷമായിരിക്കും ജോലിയിലേക്ക് തിരഞ്ഞെടുപ്പ്. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയില്‍ എവിടെയും തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

പരിശീലനം: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പരിശീലനം നല്‍കുന്ന രീതിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഉള്ളത്. ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സ്ഥിരം നിയമനം നല്‍കുക.

എന്‍ട്രി കേഡറിലെ നിയമനത്തിന് ശേഷം പ്രൊബേഷന്‍ പിരിയഡുകള്‍ കഴിഞ്ഞാല്‍ വ്യത്യസ്ത വകുപ്പുതല പരീക്ഷകളും ഇന്റര്‍വ്യൂകളും പൂര്‍ത്തിയാക്കി അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജോയിന്റ് ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കു പ്രമോഷന്‍ നേടിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *