അഗ്നിവീര്‍ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടത്

144
1

അഗ്നിവീര്‍ പദ്ധതിയില്‍ അസംതൃപ്തിയുണ്ടെന്നും പദ്ധതി
പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എന്‍.ഡി.എ സഖ്യകക്ഷികള്‍ തന്നെ രംഗത്ത് വന്നതോടെ അഗ്നിവീര്‍ പദ്ധതി വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും നേരത്തെ തന്നെ ഈ പദ്ധതിക്ക് എതിരായിരുന്നു. യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു അഗ്നിവീര്‍.

എന്നാല്‍ പ്രതീക്ഷിച്ച ലക്ഷ്യങ്ങളൊന്നും കൈവരിക്കാനാവാത്തതോടെ പദ്ധതിയെ പറ്റി പുനരാലോചനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, പദ്ധതിക്കെതിരെ രാജ്യവ്യാപകമായി, വിശിഷ്യാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, വലിയ പ്രതിഷേധങ്ങളുമുണ്ടാവുകയും അത് അക്രമത്തിലും തീവെപ്പിലുമാണ് കലാശിച്ചത്. യു.പി, ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ആയുധമായി മാറുകളും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കാനും ഇത് കാരണമായി.

യുവാക്കളെ നാല് വര്‍ഷത്തേക്ക് താത്കാലികമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ 2022ല്‍ ആരംഭിച്ച പദ്ധതിയാണ് അഗ്നിവീര്‍. യുവരക്തങ്ങളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെങ്കിലും ഈ പദ്ധതിക്ക് നിരവധി പോരായ്മകളുണ്ട്.

പോരായ്മകള്‍

● അഗ്നിവീര്‍ വഴി സൈന്യത്തില്‍ പ്രവേശിക്കുന്നവരില്‍ 75% പേരും നാല് വര്‍ഷത്തിന് ശേഷം പുറത്ത് പോകണം. ഇവര്‍ക്ക് പെന്‍ഷനോ ഗ്രാറ്റ്വിവിറ്റിയോ മറ്റു ആനുകൂല്യങ്ങളോ ഒന്നും ലഭിക്കില്ല.
● സൈന്യത്തില്‍ കരാര്‍/താത്കാലിക നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് രാജ്യസുരക്ഷയെ അപകടത്തിലാക്കും.
● സൈനിക പരിശീലനം ലഭിച്ച് കുറഞ്ഞ കാലയളവില്‍ തന്നെ തൊഴില്‍രഹിതരാകുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ സാരമായി ബാധിക്കും.
● സാധാരണ സൈനികര്‍ക്ക് രണ്ട് രണ്ടര വര്‍ഷങ്ങത്തെ പരിശീലനം നല്‍കിയതിന് ശേഷമാണ് സൈന്യത്തിലേക്ക് എടുക്കാറുള്ളത്. എന്നാല്‍ അഗ്നീപഥ് വഴി കയറിയവര്‍ക്ക് കേവലം ആറ് മാസത്തെ പരിശീലനം മാത്രമാണ് നല്‍കുന്നത്. ഇത് സൈന്യത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും.
● രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിരനിയമനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് സൈന്യം. എന്നാല്‍ അഗ്നീപഥ് നടപ്പിലാക്കിയത് മുതല്‍ സൈന്യത്തിലെ സ്ഥിരം തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമാകും.

ഒട്ടേറെ പോരായ്മകള്‍ ഉള്ളത്കൊണ്ട് തന്നെയാവണം പ്രതീക്ഷിച്ചത്ര അപേക്ഷകര്‍ അഗ്നീപഥിന് ഇല്ലാത്തത്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടാവണം പുതിയ സര്‍ക്കാര്‍ ഈ പദ്ധതി പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടത്. പദ്ധതി പരിഷ്കരിക്കുക എന്ന പേരും പറഞ്ഞ് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ കൊണ്ടുവരുന്ന ഒരവസ്ഥ ഉണ്ടാകരുത്. പദ്ധതി ഉപേക്ഷിക്കുന്നതിന് തന്നെയാവണം പ്രഥമ പരിഗണന. അതുവഴി സേനകളിലെ സ്ഥിരനിയമനങ്ങളുടെ വസന്തകാലം തിരികെ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *

One thought on “അഗ്നിവീര്‍ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടത്

  1. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.