സൈബർ ലോകത്തെ കാണാപ്പുറങ്ങൾ (ഭാഗം 5)
• “നിങ്ങള്‍ക്ക് പത്ത് ലക്ഷത്തിന്റെ ലോട്ടറി അടിച്ചിരിക്കുന്നു”
• “ഞങ്ങളുടെ കമ്പനിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ലക്കി ഡ്രോയില്‍ താങ്കള്‍ക്ക് ഐഫോണ്‍ ലഭിച്ചിരിക്കുന്നു”
• “വീട്ടിലിരുന്ന് ജോലി ചെയ്യാം, മാസ ശമ്പളം 30000-40000”
• “ഒറ്റ ക്ലിക്കില്‍ 15,000 രൂപയുടെ പേഴ്സണല്‍ ലോണ്‍”
ഇത്തരം മെസ്സേജുകളും ഫോണ്‍ കോളുകളും മെയിലുകളും വരാത്തവര്‍ വിരളമായിരിക്കും. ഇന്റര്‍നെറ്റും ഇ-മെയിലുമൊക്കെ തുടങ്ങുന്ന കാലം തൊട്ടേ ആരംഭിച്ച് പുതിയ അപ്ഡേഷനുകളോടെ ഇന്നും വ്യാപകമായി കാണുന്ന സൈബര്‍ തട്ടിപ്പുകളിലൊന്നാണ് ഇത്.

സമ്മാനം/ പണം/ ജോലി/ വായ്പ തുടങ്ങിയ വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ഇരകളില്‍ നിന്ന് ചെറിയ തുക ആവശ്യപ്പെടുന്നതാണ് മുന്‍കൂര്‍ പണമടക്കല്‍ തട്ടിപ്പുകള്‍ അഥവാ അഡ്വാന്‍സ് ഫീ തട്ടിപ്പ് (Advance Fee Scam). ഈ തട്ടിപ്പ് നൈജീരിയന്‍ 419 സ്കാം (Nigerian 419 Scam) എന്ന പേരിലും അറിയപ്പെടുന്നുണ്ട്. നൈജീരിയ ക്രിമിനല്‍ കോഡിലെ സെക്ഷന്‍ 419ല്‍ ഈ തട്ടിപ്പിനെക്കുറിച്ചും അതിനുള്ള ശിക്ഷയെക്കുറിച്ചും പ്രതിപാദിക്കുന്നത് കൊണ്ടാണത്.
പേരുകേട്ട് ഒരിക്കലും തെറ്റിദ്ധരിക്കരുത്, ഇത് നൈജീരിയയില്‍ മാത്രം നടക്കുന്ന സൈബര്‍ തട്ടിപ്പല്ല. ലോകമൊട്ടുക്കും വളരെ വ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പാണിത്.

പണം/ സമ്മാനം/ ജോലി/ വായ്പ തുടങ്ങിയ വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇരയെ സമീപിക്കുന്നത്. അത് ഫോണ്‍ കോളിലൂടെയാകാം, SMS സന്ദേശങ്ങളാകാം, ഇ-മെയിലോ സോഷ്യല്‍ മീഡിയ വഴിയോ ഒക്കെ ആകാം. ഈ ചൂണ്ടയില്‍ ചിലരെങ്കിലും കൊത്തിയേക്കാം. ഇതില്‍ വീഴുന്നവരെ ജി.എസ്.ടി/ പ്രൊസ്സസിംഗ് ഫീ/ പാക്കേജിംഗ് ഫീ തുടങ്ങിയവയുടെ പേര് പറഞ്ഞ് ഒരു നിശ്ചിത സംഖ്യ അഡ്വാന്‍സായി അടപ്പിച്ചു കൊണ്ടാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. ക്യാഷടച്ച് സമ്മാനം ലഭിക്കാതിരിക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഇരകള്‍ക്ക് ബോധ്യം വരുന്നത്.

അഡ്വാന്‍സ് ഫീ തട്ടിപ്പാണോ എന്ന് എങ്ങനെ മനസ്സിലാക്കാം?
- ലോട്ടറിയോ സമ്മാനമോ അടിച്ചുവെന്ന് പറഞ്ഞ് മുന്‍കൂര്‍ തുക അടക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ? 100% തട്ടിപ്പ് തന്നെ
- “മറ്റു യോഗ്യതകളൊന്നും വേണ്ട, മുന്‍കൂറായി തുക നല്‍കിയാല്‍ മാത്രം മതി, ജോലി ഉറപ്പാണ്” എന്ന വാഗ്ദാനം നിസംശയം തട്ടിപ്പായിരിക്കും.
- നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയോ സിബില്‍ സ്കോറോ പരിഗണിക്കാതെ വായ്പ വാഗ്ദാനം ചെയ്യുന്നുവോ? സംശയിക്കണ്ട, അത് തട്ടിപ്പാണ്.
- ഓര്‍ഡര്‍ ചെയ്ത വസ്തു/ സേവനം ലഭിക്കുന്നതിന് മുമ്പ് തന്നെ സര്‍വീസ് ചാര്‍ജ് അടക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ തട്ടിപ്പാകാന്‍ സാധ്യതയേറെയാണ്.
(തുടരും)
അടുത്ത ലക്കം: എ.ഐ കാലത്തെ ഡീപ് ഫേക്ക് തട്ടിപ്പ്