അടിമത്തം

79

ഞാനൊരു കഥ പറയട്ടെ!ഭാഗം 3

അടിമത്ത വിരുദ്ധ പോരാളിയും എഴുത്തുകാരനുമായ ഫ്രഡറിക് ഡെഗ്ലസ് 1817ൽ തെക്കേ അമേരിക്കയിലെ മേരിലാൻഡിൽ ജനിച്ചു വീണത് അടിച്ചമർത്തപ്പെട്ട ഒരു അടിമയായിട്ടാണ്. ലോക പ്രശസ്തിയാർജിച്ച “എന്റെ അടിമത്തവും സ്വാതന്ത്ര്യവും”(My Bondage and My Dream) എന്ന പുസ്തകത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി; “ആഴത്തിലുള്ള ഭയം സൃഷ്ടിച്ചുകൊണ്ട് നിലകൊള്ളുന്ന ഒരു ആശയമാണ് അടിമത്തം.”

ഡെഗ്ലസ് എല്ലായ്പ്പോഴും ഒഴുക്കിനെതിരെ നീന്തിക്കൊണ്ടിരുന്നു. വളരെ കഠിനമായ ശിക്ഷാ ഭീഷണികൾ ഉണ്ടായിരുന്നിട്ടും ഏറെ താൽപര്യപൂർവ്വം വായിക്കാനും എഴുതാനും പഠിച്ചു. അനുസരണക്കേടിന് പകരമായി ചാട്ടവാറടി കിട്ടിയപ്പോൾ പണമോ സുഹൃത്തുക്കളോ ബന്ധങ്ങളോ ഇല്ലാത്ത ആ ഇരുപത് വയസ്സുകാരൻ വടക്കേ അമേരിക്കയിലേക്ക് പലായനം ചെയ്തു. വൈകാതെ തന്നെ അമേരിക്കയിലെ അടിമത്ത വിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയ അയാൾ വടക്കൻ സംസ്ഥാനങ്ങൾ കയറിയിറങ്ങി അടിമത്തത്തിന്റെ പ്രത്യാഘാതങ്ങളെയും അതിന്റെ മറവിലെ തിന്മകളെയും കുറിച്ച് ജനങ്ങളോട് സംവദിച്ചു. അടിമകളാക്കപ്പെട്ടവരുടെ വേദനയുടെ കഥകൾ വീണ്ടും വീണ്ടും ലോകത്തോട് വിളംബരം ചെയ്യാൻ പ്രസംഗവേദികളിലെ ഉറച്ച ശബ്ദമായി അയാൾ നിലകൊള്ളണമെന്ന് അവിടുത്തെ പ്രവർത്തകർ ആഗ്രഹിച്ചു. എന്നാൽ അയാളുടെ ലക്ഷ്യങ്ങൾ അതിനുമപ്പുറമായിരുന്നു.

അടിമത്ത വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ സ്വന്തമായി ഒരു പത്രം തുടങ്ങിക്കൊണ്ട് വീണ്ടുമയാൾ സാമ്രാജ്യത്വത്തോട് അനുസരണക്കേട് കാട്ടി. ജനനം മുതൽ അടിമയായി കഴിയേണ്ടി വന്ന ഒരാളെ സംബന്ധിച്ച് അസാധ്യമെന്ന് കരുതിയിരുന്ന പ്രവർത്തി.!
ആ പത്രം വടക്കേ അമേരിക്കയിലെ തെരുവോരങ്ങളെ മഹത്തായ വായന പഠിപ്പിച്ച് വൻ വിജയമായി മാറി.

ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നമ്മൾ വഴിമാറി സഞ്ചരിക്കേണ്ടിവരും. നമുക്കും മറ്റുള്ളവർക്കും പരിചയമുള്ള വഴിയും ചുവടുകളും വേണ്ടവിധത്തിലുള്ള ഫലപ്രാപ്തി നൽകിയേക്കില്ല. ഡെഗ്ലസിനെ സംബന്ധിച്ചിടത്തോളം മുമ്പിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ തുടർച്ചയായി ചാട്ടവാറടിയുടെ വേദന സഹിക്കുക, അല്ലെങ്കിൽ ഓടി രക്ഷപ്പെടുക. അയാൾ ഓടാൻ തീരുമാനിച്ചു.!

അനുസരണയോടെ വാലാട്ടി നിന്നാൽ ലഭിക്കുന്ന സുരക്ഷിതത്വത്തിന്റെ മേമ്പൊടി വിതറിയ അടിമത്തത്തെക്കാൾ സ്വാതന്ത്ര്യവും സാഹസികതയുമുള്ള അജ്ഞാതവാസമാണ് നല്ലതെന്ന് അയാൾ കണ്ടെത്തി.

ഇവിടെ അടിമത്തമെന്നാൽ അടിമത്തം തന്നെ! അതിന് മറ്റൊരു പേരില്ല. ഒരാളെ ബന്ധനസ്ഥനാക്കുന്ന കയറിന് എത്ര നീളമുണ്ടായാലും ശരി!

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒന്നുകിൽ അയാൾ സ്വതന്ത്രൻ ആയിരിക്കും. അല്ലെങ്കിൽ അടിമയായിരിക്കും. രണ്ടിനുമിടയിൽ മറ്റൊരു സ്ഥാനമില്ല. ധൈര്യവാന്മാർക്കും, എന്തും നേരിടാൻ കഴിവുള്ളവർക്കും, കഴുത്തിൽ ഒരുതരത്തിലുള്ള ചങ്ങലയും ആവശ്യമില്ലാത്തവർക്കും വേണ്ടിയുള്ളതാണ് ജീവിതം. അത് സ്വർണം കൊണ്ടുള്ള ചങ്ങലയാണെങ്കിൽ പോലും…

പക്ഷേ അത് അപാരമായ ധൈര്യമായിരിക്കണം. അല്ലെങ്കിൽ എടുത്തുചാട്ടമായിപ്പോകും. വളരെ ഉയർന്ന മൂല്യങ്ങളിൽ നിന്നും തത്വങ്ങളിൽ നിന്നും ഉടലെടുത്ത ധൈര്യമായിരിക്കണം. അല്ലെങ്കിൽ അത് വമ്പിച്ച അധഃപതനമായിപ്പോകും.

ബിലാല് ബ്നു റബാഹ്(റ) ചരിത്രത്തിൽ അനശ്വരനായി. കാരണമദ്ദേഹം ജാഹിലിയ്യത്ത് സ്ഥാപിച്ച അടിമത്ത വ്യവസ്ഥിതിക്കെതിരെ വിപ്ലവം നടത്തി. അടിമ അവന്റെ ഉടമയുടെ സ്വത്താണ് എന്നായിരുന്നു അവരുടെ നിയമം. അടിമയ്ക്ക് ഒരു മതമോ, അഭിപ്രായമോ, യജമാനൻ കൽപ്പിക്കുന്നതിനപ്പുറം ഒരു വികാരം പോലും തിരഞ്ഞെടുക്കാൻ അവകാശമുണ്ടായിരുന്നില്ല. എന്നാൽ ബിലാലിന് ഇതൊന്നുമല്ലാത്ത മറ്റൊരു കാരണം ഉണ്ടായിരുന്നു. മക്കയിലെ ചുട്ടുപൊള്ളുന്ന മണലിൽ കിടത്തി മാറത്ത് പാറക്കല്ല് വെച്ചപ്പോഴാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ പടവുകളിൽ വെച്ചേറ്റവും മുകളിലെത്തിയത്.
പുറമേക്ക് നിസ്സാരമെന്ന് തോന്നിയ ആ നിലപാട് അടിമത്ത വ്യവസ്ഥിതിയെ മൊത്തത്തിൽ ഇളക്കിമറിച്ചു.

സഅദ് ബ്നു അബീ വഖാസ് ചരിത്രത്തിൽ അനശ്വരനായി. അദ്ദേഹം മക്കയ്ക്ക് അറിവുള്ളതിൽ നിന്നും മുഴുവൻ അറബികൾക്കും അറിവുള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടെടുത്തു. “കുടുംബത്തേക്കാൾ വലുതാണ് വിശ്വാസം”, അതായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവത്തിന്റെ തലക്കെട്ട്.

തന്റെ ഉമ്മ, താൻ മതം ഉപേക്ഷിക്കുന്നത് വരെ വെയിലത്ത് നിൽക്കുമെന്നും ഭക്ഷണമോ വെള്ളമോ തൊടില്ലെന്നും ശപഥം ചെയ്തപ്പോൾ അദ്ദേഹം ഉമ്മയോട് പറഞ്ഞു, “എന്റെ പ്രിയപ്പെട്ട ഉമ്മാ.. നിങ്ങൾക്ക് നൂറു ജീവൻ ഉണ്ടായിട്ട് ഓരോന്നോരോന്നായി നഷ്ടപ്പെടുകയാണെങ്കിൽ പോലും ഞാനീ മതം ഉപേക്ഷിക്കില്ല.”

സുഹൈബ് അർ റൂമി ചരിത്രത്തിൽ അനശ്വരനായി. അദ്ദേഹം ഉടമസ്ഥാവകാശത്തിന്റെ സങ്കല്പത്തെ തന്നെ മാറ്റിമറിച്ചു. ധനം ആത്മാവിന് തുല്യമാണെന്നായിരുന്നു അറബികളുടെ സങ്കല്പം. എന്നാൽ അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്യാൻ പുറപ്പെട്ടപ്പോൾ ഖുറൈശികൾ അദ്ദേഹത്തെ പിന്തുടർന്ന് തിരിച്ചയക്കാൻ ശ്രമിച്ചു. അതിനു കഴിയാതെ വന്നപ്പോൾ അവർ അദ്ദേഹത്തിന്റെ സമ്പത്തിനായി വിലപേശി. “ഒന്നുമില്ലാത്ത സാധുവായി ഞങ്ങളുടെ അടുക്കലേക്ക് വന്ന നീ ധനവാനായി ഞങ്ങളെ വിട്ടു പോകാൻ ശ്രമിക്കുന്നു. ഇതെങ്ങനെ ശരിയാകും..?”

അപ്പോൾ അദ്ദേഹം തന്റെ ധനം ഒളിപ്പിച്ച സ്ഥലം അവർക്ക് കാണിച്ചുകൊടുത്തു. അവരത് എടുത്തു. തുടർന്ന് അദ്ദേഹം തന്റെ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് യാത്രയായി. മദീനയിൽ എത്തിയ അദ്ദേഹത്തെ റസൂൽ (സ) പുഞ്ചിരിയോടെ സ്വീകരിച്ചു. സുഹൈബിനും ഖുറൈശികൾക്കുമിടയിൽ നടന്ന കാര്യങ്ങൾ ജിബിരീൽ(അ) റസൂലിനെ അറിയിച്ചിരുന്നു. അങ്ങനെ റസൂൽ (സ) അദ്ദേഹത്തോട് പറഞ്ഞു; “അബൂ യഹ്‌യാ… നിങ്ങളുടെ കച്ചവടം ലാഭകരമായി!”.