ആത്മഹത്യയില്‍ അഭയം തേടുന്നവര്‍

151

പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും സ്വാഭാവികവും നേരിടേണ്ടതുമാണ്. എന്നാല്‍ പുതിയ കാലത്ത് ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ വര്‍ധിച്ചുവരികയാണ്. കുട്ടികളിലെ ആത്മഹത്യാ വര്‍ധനവിന്റെ പ്രകടമായ തെളിവുകള്‍ വാര്‍ത്തകളില്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. ഭര്‍തൃവീട്ടില്‍ വെച്ചുള്ള കൊലപാതകവും ആത്മഹത്യയും പുതിയ സംഭവങ്ങളല്ലാതായിരിക്കുന്നു. മനക്കരുത്ത് കുറഞ്ഞ യുവത്വമാണിന്ന് വളരുന്നത്. ദുരിതങ്ങളെ അതിജയിക്കാനുള്ള കരുത്ത് ആര്‍ജിക്കുന്നത് പല ഘടകങ്ങളിലൂടെയാണ്. വിദ്യാഭ്യാസം, മതവിശ്വാസം, കുടുംബ പശ്ചാത്തലം തുടങ്ങിയവ അതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.

രാജ്യത്തെ കുട്ടികളിലെ ആത്മഹത്യയില്‍ ഉത്കണ്ഠാജനകമായ വര്‍ധനവ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമര്‍ശിച്ചതോടെയാണ് ആത്മഹത്യ വീണ്ടും ചര്‍ച്ചകള്‍ക്ക് വിധേയമായി തുടങ്ങിയത്. ഒറ്റപ്പെടുകയും വിഷാദരോഗവും ഡിജിറ്റല്‍ ഉപയോഗവും പ്രണയനൈരാശ്യവുമെല്ലാം വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് പ്രധാന കാരണങ്ങളാണ്. സ്‌കൂളില്‍ പോയി തുടങ്ങുമ്പോള്‍ കൂട്ടുകാര്‍ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ സംതൃപ്തി അടങ്ങുന്നു. സൗഹൃദം പങ്കുവെക്കുന്നതിനും മാനസികോല്ലാസം നല്‍കുന്നതിനും സ്‌കൂള്‍/ക്യാമ്പസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ ഒരു ക്ലാസില്‍ രണ്ടോ മൂന്നോ ഗ്യാങ്ങുകള്‍ക്കിടയില്‍ തികച്ചും ഒറ്റപ്പെട്ടവരെ കാണാന്‍ സാധിക്കുന്നത് നല്ലൊരു ക്ലാസ് അന്തരീക്ഷമല്ല. കുട്ടികളില്‍ സമൂഹത്തില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട അംഗീകാരങ്ങളും പരിഗണനയും ലഭിക്കാതെ വന്നാല്‍ അപകടകരമായ ഏകാന്തത അവര്‍ക്ക് അനുഭവപ്പെടും. അപകര്‍ഷതാബോധം ഉടലെടുക്കും. സാമൂഹിക ചിന്തകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും നടുവില്‍ നിന്ന് പിരിമുറുകുന്ന മനസ്സുകള്‍ക്ക് വിവേചന ബുദ്ധിയോടെ പെരുമാറാന്‍ സാധിക്കണമെന്നില്ല. ട്രോമാ ബോര്‍ഡിംഗ് വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഭര്‍തൃവീട്ടിലെ ആത്മഹത്യയില്‍ ഇരയും പീഡകനും തമ്മിലുണ്ടാകുന്ന വൈകാരികമായ ബന്ധമാണ് ട്രോമാ ബോഡിംഗ്. സമീപകാല പഠനപ്രകാരം ഇരക്കു പിന്തിരിയാനുള്ള തന്റേടം ഇല്ലാത്തതിന്റെ പ്രധാന കാരണമായി ട്രോമാ ബോര്‍ഡിംഗ് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അങ്ങേയറ്റം ഉപദ്രവിക്കുകയും ബുദ്ധിമുട്ടാകുകയും ചെയ്ത പീഡകന്‍ അടുത്തദിവസം തന്നെ സ്‌നേഹം കൊണ്ടു പൊതിയുകയും ചെയ്യുമ്പോള്‍ ഇര സംശയാലുവാകുകയും ചിന്താശേഷിയെയും വിവേകത്തെയും തകിടം മറിക്കുകയും ചെയ്യുന്നു. സമൂഹവുമായും കൂട്ടുകാരുമായും ബന്ധമുണ്ടാകണം. വീട്ടുകാരുടെ പിന്തുണയും അത്യാവശ്യമാണ്. പ്രണയ തകര്‍ച്ചയുടെ സമയത്തുണ്ടാകുന്ന വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍ തീര്‍ക്കാനാകാത്ത പകയിലേക്ക് നയിക്കുമ്പോള്‍ സ്വന്തത്തിലേക്ക് അതിനെ തിരിച്ചുവിടുന്നതാണ് വിഷാദരോഗവും ആത്മഹത്യയുമായി പ്രതിഫലിക്കുന്നത്. മറിച്ച് മുന്നോട്ടുള്ള ജീവിതത്തില്‍ കരുത്താര്‍ജിക്കുകയാണ് വേണ്ടത്. തോല്‍ക്കാനും കരയാനും അറിയുകയും ജീവിക്കാന്‍ പ്രാപ്തരാകുകയും വേണം. സമൂഹത്തില്‍ നിന്നും ഉള്‍വലിയല്‍, അമിതമായ ഉറക്കം, വിശപ്പില്ലായ്മ, അമിതാഹാരം, അമിതമായ ദേഷ്യം, വാശി തുടങ്ങിയവ കാണുന്നപക്ഷം കൗണ്‍സലിംഗിന് വിധേയമാക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമാണ് അഭികാമ്യം.