സൈബർ ലോകത്തെ കാണാപ്പുറങ്ങൾ (ഭാഗം 4)
2023 സെപ്റ്റംബറില്‍ എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ദമ്പതിമാരുടെ വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ വായിച്ചത്. മരിച്ച യുവതി ഓണ്‍ലൈന്‍ വായ്പ ആപ്പായ ഹാപ്പി വാലറ്റില്‍ നിന്ന് 9,300 രൂപ കടമെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ആപ്പുകാര്‍ ഇവരെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. ദമ്പതികളുടെ മൊബൈലില്‍ നിന്ന് ചോര്‍ത്തിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ മൂലം ആത്മഹത്യ ചെയ്യുന്ന വാര്‍ത്ത ഇന്നൊരു പുതുമയുള്ള വാര്‍ത്തയല്ല. ലോണ്‍ ആപ്പ് വഴി വായ്പയെടുക്കാന്‍ ശ്രമിച്ച് പണം നഷ്ടപ്പെട്ടവരും ലോണ്‍ ആപ്പ് വഴി അമിത പലിശയ്ക്ക് വായ്പയെടുത്ത് കടക്കെണിയില്‍ കുടുങ്ങിയവരും നിരവധിയാണ്. സൈബര്‍ തട്ടിപ്പുകളെപ്പറ്റി പോലീസില്‍ പരാതിപ്പെടുന്നതിനുള്ള നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 നമ്പറിലേക്ക് ഓരോ വര്‍ഷവും ആയിരത്തിലധികം കോളുകളാണ് വരുന്നത്. ലോണ്‍ ആപ്പ് തട്ടിപ്പുകളുടെ ആഴം എത്രയാണെന്ന് ആലോചിച്ചു നോക്കൂ.
ബാങ്കുകളില്‍ നിന്ന് യഥാസമയം വായ്പ ലഭിക്കാത്തതാണ് പലരും ലോണ്‍ ആപ്പിനെ ആശ്രയിക്കാന്‍ കാരണം. ഈടായി സ്ഥലം, ജാമ്യം നില്‍ക്കാന്‍ ആള്‍, മോശമല്ലാത്ത സിബില്‍ സ്കോര്‍, ലോണ്‍ അനുവദിക്കാനുള്ള കാലതാമസം തുടങ്ങി ഒട്ടനവധി കടമ്പകള്‍ താണ്ടിയിട്ടാണ് വായ്പ പണം ആവശ്യക്കാരന്റെ കൈകളില്‍ എത്തുന്നത്.

അതേസമയം ലോണ്‍ ആപ്പിലാകട്ടെ, ഈടോ, ജാമ്യമോ, സിബില്‍ സ്കോറോ ഒന്നും പരിഗണിക്കാതെ നിമിഷനേരം കൊണ്ടാണ് വായ്പ ലഭിക്കുന്നത്. ബാങ്കുകളുടെ തിണ്ണ കയറിയിറങ്ങുകയും വേണ്ട. ഈയൊരു സൌകര്യത്തില്‍ ആകൃഷ്ടരായാണ് പലരും ലോണ്‍ ആപ്പിന്റെ തട്ടിപ്പിലേക്ക് അറിഞ്ഞോ അറിയാതെയോ എടുത്തു ചാടുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്റര്‍നെറ്റ്, SMS വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പരസ്യം ചെയ്താണ് ഓണ്‍ലൈന്‍ തട്ടിപ്പിന് കളമൊരുക്കുന്നത്.
ലോണ്‍ ആപ്പ് വഴിയുള്ള തട്ടിപ്പുകള്‍ പലവിധമാണ്. ആദ്യമായി, ലോണ്‍ ആപ്പുകള്‍ മൊബൈലില്‍ ഇന്റസ്റ്റാള്‍ ചെയ്യുമ്പോള്‍ സ്വകാര്യതയിലേക്കുള്ള ചില ആക്സസുകള്‍ (Access) അവര്‍ ചോദിക്കും. SMS, കോണ്‍ടാക്ട്, കോള്‍ ലോഗ്, ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ തുടങ്ങി സകലതിന്റെയും പെര്‍മിഷന്‍ ആവശ്യപ്പെടും. അത്യാവശ്യം നമ്മുടേതായതിനാല്‍ എല്ലാം കണ്ണും പൂട്ടി കൊടുക്കുകയും ചെയ്യും.
വായ്പ തിരിച്ചടവ് മുടങ്ങിയാലോ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കാതിരിക്കുകയോ ചെയ്താല്‍ നമ്മുടെ മൊബൈലിലേക്കുള്ള ആക്സസ് ഉപയോഗിച്ച് ഫോട്ടോ, വീഡിയോ, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തുകയും അവ ദുരുപയോഗം ചെയ്തു ബ്ലാക്ക് മെയില്‍ ചെയ്യാനും ഭീഷണിപ്പെടുത്താനും ആരംഭിക്കും.
മറ്റൊരു തട്ടിപ്പുരീതി ഇങ്ങനെയാണ്. വായ്പക്കായി ലോണ്‍ ആപ്പില്‍ നമ്മള്‍ ബന്ധപ്പെട്ടാല്‍ ലോണ്‍ തരാമെന്ന് പറഞ്ഞ് പ്രൊസസിങ് ഫീയുടെയും മറ്റും പേരു പറഞ്ഞ് പല തവണയായി പണം കൈക്കലാക്കും. ഇത്തരം കേസുകളില്‍ അഞ്ച് പൈസ വായ്പയായി കിട്ടില്ല എന്ന് മാത്രമല്ല, ഉള്ള പൈസയും നഷ്ടപ്പെടാന്‍ ഇടയാകും.

ഇനി വായ്പ തന്നു എന്നിരിക്കട്ടെ, വായ്പ നല്‍കാമെന്ന് പറഞ്ഞ തുക പൂര്‍ണ്ണമായി നല്‍കാതെയും തട്ടിപ്പ് നടത്താറുണ്ട്. പ്രൊസസിംഗ് ഫീ, ഇന്‍ഷുറന്‍സ്, നികുതി, സര്‍വീസ് ചാര്‍ജ് തുടങ്ങി പല പേരുകള്‍ പറഞ്ഞ് ഇക്കൂട്ടര്‍ പണം തട്ടും. മാത്രമല്ല, കിട്ടിയ വായ്പ പലിശയടക്കം തിരിച്ചടച്ചാലും ഇവരുടെ കരാള ഹസ്തത്തില്‍ നിന്ന് മോചിതനാവാന്‍ സാധിക്കണമെന്നില്ല. അവര്‍ ആവശ്യപ്പെടുന്ന തുക വീണ്ടും നല്‍കേണ്ടിവരും.
അറിയുക, നമ്മുടെ ക്ഷേമത്തിന് വേണ്ടി ആരും പണം ഇങ്ങോട്ട് കൊണ്ടുവന്നു തരികയില്ല. അങ്ങനെ കൊണ്ടു തരുന്നവര്‍ക്കെല്ലാം ലക്ഷ്യം മറ്റു പലതുമായിരിക്കും. അതുകൊണ്ടു തന്നെ യാതൊരുകാരണവശാലും ലോണ്‍ ആപ്പ് വഴി വായ്പ എടുക്കാതിരിക്കുക. ലോണ്‍ തരാമെന്ന് പറഞ്ഞു വരുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുക.
(തുടരും)