23 ജൂലൈ 2023, ഒരു സാധാരണദിവസം. എല്ലാ ദിവസവും ജോലി കഴിഞ്ഞ് മകൾക്കായി ആ ഉപ്പ എന്തെങ്കിലും വാങ്ങികൊണ്ടുവരുമായിരുന്നു. അങ്ങനെ കാത്തിരുന്ന മകൾക്ക് ഇന്ന് ഉപ്പ ഒരു പുസ്തകം നൽകി. നെറ്റിയിൽ ഒരു ചുംബനവും നൽകികൊണ്ട് ആ ഉപ്പ മകളെ നോക്കി.. ആ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. എന്തിനാ ഉപ്പ കരയുന്നത് എന്ന മകളുടെ ചോദ്യത്തിന് ഉപ്പ ഉത്തരം നൽകയില്ല. “ഈ പുസ്തകം മോൾ എന്തായാലും വായിക്കണം ട്ടോ…”എന്ന് മാത്രം പറഞ്ഞുകൊണ്ട് ഉപ്പ ഉള്ളിലേക്ക് കയറി പോയി.
മകൾ ആ പുസ്തകം തുറന്ന് നോക്കി. പുസ്തകത്തിന്റെ പേര് ‘നീതിയില്ലായ്മയ്ക്ക് ഒരു ഉള്ളടക്കം’. വായനയോട് വലിയ താൽപര്യമില്ലാത്ത അവള്‍ ഉപ്പ നല്കിയ സമ്മാനമായതുകൊണ്ട് മാത്രം വായിക്കാൻ തുടങ്ങി. അടുത്ത പേജ് പുസ്തകത്തിന്റെ ഉള്ളടക്കം ആയിരുന്നു. അവൾ അത് വായിച്ചു.
അവൾ വായിച്ച ഒരു പുസ്തകങ്ങളിലും ഉള്ളടക്കത്തിന് ഒരു പേര് കണ്ടിട്ടില്ലായിരുന്നു. എന്നാൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പേര് ‘ഇന്ത്യ’. അധ്യായങ്ങളിലേക്ക് അവള്‍ കണ്ണോടിച്ചു.
- അധ്യായം ഒന്ന്: ആസിഫ ബാനു.
- അധ്യായം രണ്ട്: ബിൽക്കീസ് ബാനു.
- അധ്യായം മൂന്ന്: മലിക ബീഗം.
- അധ്യായം നാല്: ഗൗരി
- അധ്യായം അഞ്ച്:ഗുസ്തിതാരം
- അധ്യായം ആറ്: മണിപൂർ കുകിസ്ത്രീകൾ
- അധ്യായം ഏഴ്:……
- അധ്യായം എട്ട്:……
- .
- .
- .
- .
- അധ്യായം : ?
പുസ്തകത്തിന്റെ അധ്യായം നീണ്ടുപോകുന്നുണ്ടായിരുന്നു. അവസാനത്തെ അധ്യായത്തിന്റെ പേര് ഇനിയാര് എന്ന ചോദ്യമായിരുന്നു.
മകൾ അത്ഭുദത്തോടെ ഉപ്പയോട് പറഞ്ഞു
“ദോക്ക് ഉപ്പ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തതിന് അധ്യായങ്ങൾക്ക് അവസാനമില്ലെന്ന്.”
അതെന്താ ഉപ്പ എന്ന മകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഉപ്പ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇതിലെ ഓരോ അധ്യായങ്ങളും നമ്മളെ കുറെ കാര്യങ്ങൾ പഠിപ്പിക്കും. അവസാനത്തെ പേജിൽ എത്തുമ്പോഴേക്ക് നീ അത് മനസ്സിലാക്കും.
മോളെ ഒന്നാം അധ്യായത്തിലെ പേര് നീ വായിച്ചോ “ആസിഫ ബാനു”. വെറും 8 വയസ്സ് മാത്രമുള്ള പോന്നുമോളെ പോലെയുള്ള ഒരു കശ്മീരി പെൺകുട്ടി. പുസ്തകം തുറന്ന് അവൾക്ക് ആസിഫയുടെ ചിത്രം കാണിച്ചുകൊടുത്തു. വയലറ്റ് നിറമുള്ള കുപ്പായമണിഞ്ഞു നിഷ്കളങ്കമായ ചിരിനിറഞ്ഞ ഒരു പെൺകുട്ടി. ആ മോൾ ഇന്നില്ല. അവൾ മരിച്ചു. അല്ല,കൊല്ലപ്പെട്ടു. ഉപ്പയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അവൾ ഓരോ അധ്യായങ്ങളും വായിക്കാൻ തുടങ്ങി.

രണ്ടാമത്തെ പേര് ബിൽക്കീസ് ബാനു. 2002ലെ ഗുജറാത്ത് കലാപം നടന്ന വർഷം. അന്ന് 5 മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്തു. 3വയസ്സുള്ള അവരുടെ മകളെ ഭിത്തിയിലടിച്ച് കൊല്ലുകയും സഹോദരിയും ഉമ്മയും അക്രമികളാൽ കൊല്ലപ്പെടുകയും ചെയ്യുന്നത് കാണാൻ തന്റെ കണ്ണുകൾക്ക് സാക്ഷിയാകേണ്ടി വന്നവൾ.
മൂന്നാമത്തെ അധ്യായം മലിക ബീഗം. ബില്‍കീസ് ബാനുവിനൊപ്പം ഓര്‍ക്കേണ്ട മറ്റൊരു ധീരവനിതയാണ് മലികാ ബീഗം. 1989 ഒക്ടോബറില്‍ ബിഹാറിലെ ഭഗല്‍പൂരിലുണ്ടായ വര്‍ഗീയ കലാപത്തില്‍ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കണ്‍മുന്നിലിട്ട് കലാപകാരികള്‍ കൊന്നപ്പോള്‍ അവശേഷിച്ചത് അവള്‍ മാത്രമായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റി ചന്ദേരി ഗ്രാമത്തിലെ കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട 14കാരി മലികാ ബീഗം തന്നെ. ആ കുളം കബന്ധങ്ങളാല്‍ നിറഞ്ഞിരുന്നു.
ഗ്രാമത്തിലെ 65 മുസ്ലിംകളെ അരിവാള്‍ കൊണ്ട് അരിഞ്ഞു കുളത്തിലേക്ക് എറിഞ്ഞതിന് ദൃക്സാക്ഷിയായിരുന്നു അവര്‍. എല്ലാ ഭീഷണികളെയും അവഗണിച്ച് മലികാ ബീഗവും സാക്ഷി പറയാന്‍ വന്നു. അങ്ങനെയാണ് 16 കാപാലികരെ കോടതി ശിക്ഷിച്ചത്. നടുക്കുന്ന ആ സംഭവങ്ങളുടെ ഓര്‍മകള്‍ കണ്‍മുന്നില്‍ വരുമ്പോഴെല്ലാം തന്‍റെ ഉത്തരവാദിത്തം നിര്‍വഹിച്ചെന്ന ആശ്വാസം മാത്രമാണ് മലികാ ബീഗത്തിനുള്ളത്.
ഓരോ അധ്യായവും അവൾ വായിച്ചു. ഗുജറാത്ത് കലാപത്തിലെ ഒരു ഇരയാണ് ഗൗരി. ഹിന്ദുവായിട്ടും മുസ്ലീമിനെ വിവാഹം ചെയ്തതിന്റെ പേരിൽ നാല്‍പതോളം ഗ്രാമീണരും കുഞ്ഞു മകളും നോക്കിനില്‍ക്കെ എഴു പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യപ്പെട്ട ഗൗരിയും, പരിവാർ നേതാവും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ബൂഷന്റെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്ന ഗുസ്തി താരങ്ങളെയും അവൾ അറിഞ്ഞു. മണിപ്പൂരിൽ കുകി വംശത്തിലുള്ള സ്ത്രീകളെ നഗ്‌നരാക്കി ആ സ്ത്രീകളെ റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും കൊല്ലപ്പെടുത്തുകയും ചെയ്ത ആ സംഭവവും നടന്നത് ഇന്ത്യയിൽ ആണ് എന്ന് അവൾ മനസ്സിലാക്കി.
ആസിഫ ബാനു കൊല്ലപ്പെടുമ്പോൾ അത് അവരുടെ കാമവെറികൾക്ക് വേണ്ടി മാത്രമായിരുന്നില്ല. നാടോടി ഗോത്രമായ ബഖർവാൽ സമുദായത്തിൽപ്പെട്ട എട്ടുവയസ്സുകാരിയായിരുന്നു ആസിഫ ബാനു. ഈ ഗോത്രവിഭാഗത്തെ പ്രദേശത്തുനിന്ന് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു മതാന്ധത ബാധിച്ച അക്രമികളുടെ ലക്ഷ്യം. എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാൻ കാരണമായി പ്രതികൾ പറയുന്നത്, ബഖർവാൽ മുസ്ലീംകൾ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണ്. മുൻ റവന്യൂ ഉദ്യോഗസ്ഥൻ സഞ്ജിറാം, മകൻ വിശാൽ, സ്പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സബ് ഇൻസ്പെക്ടർ ,കോൺസ്റ്റബിൾ പർവേശ് കുമാർ എന്നിങ്ങനെ എട്ടു പ്രതികൾ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്.
എറെ നാളത്തെ യാഥനകൾക്കൊടുവിൽ നീതി ലഭിച്ച ബിൽക്കീസ് ബാനുവിന് ഒരു സ്യാന്ത്ര്യദിനത്തിന് വീണ്ടും അനീതി നേരിടേണ്ടി വന്നിരിക്കുന്നു. അത്രയധികം ക്രൂരത ചെയ്യ്ത് ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടിരിക്കുന്നു. പ്രതികളിൽ ഒരാൾ ഗുജറാത്തിലെ സർക്കാർ പരിപാടിയിൽ എം.എൽ.എക്കും എം.പിക്കുമൊപ്പം വേദിയിൽ നിൽകുമ്പോൾ ഇന്ന് തന്റെ നീതിക്ക് വേണ്ടി കോടതി കയറിയിറങ്ങുകയാണ് ബിൽക്കിസ് ബാനു.
എല്ലാ അധ്യായവും പറഞ്ഞുവെക്കുന്നത് ഒരേ കാര്യമായിരുന്നു. സത്യവും നീതിയും പരിരക്ഷിക്കണ്ട നീതിപീഠം വരെ മോന്തായം വളഞ്ഞ നടപ്പ് വ്യവസ്ഥയിൽ മൗനം വിധ്വാന ഭൂഷണം!
നിയമം സംരക്ഷികേണ്ടവർ തന്നെ കുറ്റവാളികൾ ആവുമ്പോൾ ജനങ്ങൾ എന്തുചെയ്യും ?
എന്തുകൊണ്ട് അധ്യായങ്ങൾ അവസാനിക്കുന്നില്ല എന്ന ചോദ്യത്തിന് അവൾ തന്നെ ഉത്തരം കണ്ടെത്തി. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഓരോ ജാതിക്കും ഓരോ മതവിശ്വാസകാർക്കും പലനിയമം ആണ്. നാളെ ആസിഫ ബാനുവിന്റെ സ്ഥാനത്ത് ഞാനോ നീയോ ആവാം എന്ന വസ്തുത അപ്പോഴേക്കും അവൾ മനസ്സിലാക്കികഴിഞ്ഞിരുന്നു!…