അമ്മചേച്ചി

അമൃത എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിലേക്ക് കയറാൻ ഞാനും വിക്കിയും തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങി. അവിടെയുള്ള ഒരു കടയിൽ നിന്ന് ലേയ്സും ബോർബൺ ബിസ്കറ്റും എല്ലാം വാങ്ങി ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു.

സംസ്ഥാനതല കേരളോത്സവ മത്സരത്തിൽ പങ്കെടുത്ത് തിരികെ നാട്ടിലേക്ക് മടങ്ങുകയാണ് ഞങ്ങൾ ഇരുവരും. യാത്രയുടെയും മത്സരത്തിന്റെയും ക്ഷീണം തെല്ലുണ്ട് . സ്ലീപ്പർ ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തന്നെ നേരത്തേ സ്റ്റേഷനിലെത്തി ജനറൽ ടിക്കറ്റ് എടുത്തു. നേരത്തെയായതിനാൽ സീറ്റ് കിട്ടാൻ ബുദ്ധിമുട്ടിയില്ല.

ഞങ്ങൾ ഇരുന്ന സീറ്റിന്റെ ഭാഗത്ത് മൂന്ന് പേർ ഇരിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ഒരു അഞ്ചാറു വയസ്സ് തോന്നിക്കുന്ന ബാലൻ, അവന്റെ കൂടെ അവന്റെ ചേച്ചിയും എതിരിലെ സീറ്റിലെ ചേട്ടനും. മൂവരും കാര്യമായ സംസാരത്തിലാണ്.

ഞങ്ങൾ അവിടെ ഇരുന്ന ഉടനെ ആ കുട്ടി ഞങ്ങളുടെ കൈകളിലേക്ക് നോക്കി. വിക്കി കൈയിലുണ്ടായിരുന്ന ലേസ് പാക്കറ്റ് അവന് നേരെ നീട്ടി. തൊട്ടപ്പുറത്ത് ഇരിക്കുന്ന അവന്റെ ചേച്ചിയോട് കണ്ണുകൾ കൊണ്ട് സമ്മതം വാങ്ങി അവൻ സന്തോഷത്തോടെ അതിൽ നിന്ന് രണ്ടുമൂന്ന് ചിപ്സ് എടുത്തു.

യാത്ര തുടങ്ങാൻ ഇനിയും സമയം ബാക്കിയുണ്ട്. വിക്കി മുകളിലെ ബർത്തിൽ കയറി കിടന്നു. ഞാൻ ഫോൺ നോക്കി കുറച്ച് നേരം ഇരുന്നു. യാത്ര തുടങ്ങാറായപ്പോൾ അവരുടെ ചേട്ടൻ ഇറങ്ങിപ്പോയി. ഇരുവർക്കും ടാറ്റ നൽകി യാത്രയയച്ചു. കുറച്ചു ദൂരം കഴിഞ്ഞു. ബോറടിച്ച് തുടങ്ങിയപ്പോൾ പരിചയപ്പെടാമെന്ന് ഞാൻ വിചാരിച്ചു.

“എങ്ങോട്ടാ?” എന്ന ചോദ്യത്തിന് ഉത്തരം തമിഴ്നാട്ടിലെ ഒരു സ്ഥലമായിരുന്നു. കൃത്യമായി ഞാനിപ്പോൾ ഓർക്കുന്നില്ല. മൂന്ന് കൊല്ലം കോയമ്പത്തൂർ ഗവൺമെന്റ് ആർട്സ് കോളേജിൽ പഠിച്ചതുകൊണ്ട് തന്നെ തമിഴ് എനിക്ക് നല്ല വശമാണ്. തിരുവനന്തപുരത്ത് ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുകയാണെന്ന് അവൾ പറഞ്ഞു. ഇപ്പോൾ നാട്ടിലേക്ക് മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോകുകയാണ്.

“അനിയന്റെ പേരെന്താ?” എന്ന ചോദ്യമാണ് ഞങ്ങളുടെ സംസാരത്തിലെ വഴിത്തിരിവ്. “അനിയൻ അല്ല, എന്റെ മകനാണിവൻ.” ഞാൻ അമ്പരന്ന് പോയി. സന്തൂർ മമ്മി എന്ന് പറയാൻ പോലും ഉള്ള അമ്മ പ്രായം അവർക്ക് തോന്നിക്കുന്നില്ല.

“അപ്പോൾ ഇറങ്ങിപ്പോയ ആൾ?”

“അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള കുട്ടിയാണ്. അവനെ എനിക്ക് സഹോദരനെപ്പോലെയാണ്.”

“നേരത്തെ കല്യാണം കഴിഞ്ഞോ?” ഞാൻ ചോദിച്ചു.

ഇത്ര വലിയ മകൻ, അതും ചെറിയ പ്രായത്തിൽ, എനിക്ക് വിശ്വസിക്കാനായില്ല.

അവൾ അവളുടെ ജീവിതകഥ പങ്കുവെക്കാൻ തുടങ്ങി. പ്രണയമായിരുന്നു, ആഴമേറിയ പ്രണയം. അതിനിടയ്ക്ക് അറിയാതെ സംഭവിച്ചുപോയ ഒന്ന്. ഗർഭിണിയായി, അതും പതിനേഴാം വയസ്സിൽ. പിതൃത്വം ഏറ്റെടുക്കാനില്ലാതെ അവൻ പിന്മാറി. മാതാപിതാക്കൾ അവളെ തള്ളിപ്പറഞ്ഞു. കൂടെ ഉണ്ടായിരുന്നത് മുത്തശ്ശനും മുത്തശ്ശിയും മാത്രം. അങ്ങനെ ഒരുപാട് വേദനകളും കുത്തുവാക്കുകളും സഹിച്ച് അവൾ തന്റെ പൊന്നോമനക്ക് ജന്മം നൽകി.

ഗർഭിണിയായപ്പോളോ പ്രസവിച്ചപ്പോളോ തന്റെ ഉള്ളിലെ ആ ജീവന്റെ തുടുപ്പിനെ ഇല്ലാതാക്കാൻ അവൾ ശ്രമിച്ചില്ല. നൊന്തുപെറ്റ പൊന്നോമന മകനെ പോറ്റി വളർത്തണം എന്ന വാശിയായി. പഠിച്ചു, ജോലി നേടി, തന്റെ മകനെ ഏറെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.

കാലങ്ങൾ മുന്നോട്ട് പോയപ്പോൾ ഒരുപാട് നല്ല ആലോചനകൾ അവളെ തേടിയെത്തി. മകനെയും ഏറ്റെടുക്കാമെന്ന് പലരും പറഞ്ഞു. അവൾ ഒന്നിനും സമ്മതം മൂളിയില്ല.

“ഒരു ദുരനുഭവം കാരണം നല്ലൊരു ജീവിതം തുലയ്ക്കണ്ട, ചെറിയ പ്രായമല്ലേ? ഒരുപാട് സമയം ഇനിയും ഉണ്ടല്ലോ? നല്ല ഒരാൾ വന്നാൽ കൂടെ ചേർത്തൂടേ?”

എന്ന ചോദ്യത്തിന് അവളുടെ ഉത്തരം, “എനിക്ക് എന്റെ മകന് വേണ്ടി ജീവിച്ചാൽ മതി” എന്നായിരുന്നു.

ഓരോ മനുഷ്യരും സഞ്ചരിക്കുന്ന പുസ്തകങ്ങളാണ് എന്ന് പറയുന്നതെത്ര ശരിയാണ്. ചെറിയ ചെറിയ പ്രയാസങ്ങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന മനുഷ്യരുള്ള ഈ കാലത്ത്, വളരെ ചെറിയ പ്രായത്തിൽ എല്ലാം കൊണ്ടും ഒറ്റപ്പെട്ടുപോയ അവൾ ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടു. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു. തന്റെ ഉള്ളിൽ ഉൾ തിരിഞ്ഞ ജീവനുവേണ്ടി അവൾ ഇന്നും ജീവിക്കുന്നു, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ, ആരുടെ മുന്നിലും കൈനീട്ടാതെ!

ആ യാത്ര എനിക്ക് നൽകിയ പാഠം ആഴമേറിയതായിരുന്നു. ജീവിതത്തിൽ പല പ്രതിസന്ധികളും നാം നേരിടും. തോറ്റുകൊടുക്കരുത്. പ്രതിരോധിക്കണം, പോരാടണം, അതിജയിക്കണം, ജീവിക്കണം. അതൊക്കെയാണ് ജീവിതത്തെ ജീവിതമാക്കുന്നത്!