പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് വെക്കേഷൻ അടിച്ചുപൊളിച്ചു നടക്കുന്ന കാലം. കൂട്ടുകാരോടൊപ്പം എന്നും വൈകുന്നേരങ്ങളിൽ കളിക്കാൻ പോക്കാണ് പ്രധാന പരിപാടി. പക്ഷേ പതിയെപ്പതിയെ ഒപ്പമുള്ള പലരും ചില മോശം ശീലങ്ങളിലേക്കും അനാവശ്യ കൂട്ടുകെട്ടുകളിലേക്കും തിരിയുന്നത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും അവരിൽ നിന്ന് പതിയെ മാറിനിൽക്കണം. നല്ലൊരു സൗഹൃദം കിട്ടണം, കുടുങ്ങിപ്പോവാൻ പാടില്ല എന്നൊക്കെ ചിന്തിച്ച് ഉള്ളുകൊണ്ട് പതറിനിന്ന ഒരു സമയമായിരുന്നു അത്.
ഈ ചിന്ത മനസ്സിൽ അലട്ടുന്ന കാലത്താണ് എം.എസ്.എമ്മിന്റെ ചില പരിപാടികളിലേക്ക് എന്നെ ക്ഷണിക്കുന്നത്. വാപ്പയുടെ സുഹൃത്തായ സിജാദ് സാറും എന്റെ സ്വന്തം അനിയൻ സ്വാലിഹുമായിരുന്നു എന്നെ ആ വേദികളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയത്. ഇന്നോർക്കുമ്പോഴും മനസ്സിൽ വല്ലാത്തൊരു സന്തോഷമുണ്ട്. ആ രണ്ട് പേരോടും ജീവിതകാലം മുഴുവൻ തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവുമുണ്ട് എനിക്ക്. കാരണം ഒരുപക്ഷേ അന്ന് അവർ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയില്ലായിരുന്നെങ്കിൽ എന്റെ വഴികളും ഒരുപക്ഷേ മാറിപ്പോയേനെ.

ലഹരിയും തെറ്റായ കൂട്ടുകെട്ടുകളും കൗമാരക്കാരെ വഴിതെറ്റിക്കുന്ന ഈ കാലത്ത് കഴിഞ്ഞ മൂന്ന് വർഷമായി തെറ്റുകളിലൊന്നും വീണുപോകാതെ എന്നെ ഞാനാക്കി നിർത്തിയത് എം.എസ്.എമ്മിൽ നിന്ന് എനിക്ക് കിട്ടിയ കൂട്ടുകാർ തന്നെയാണ്. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കാര്യങ്ങൾ പറഞ്ഞുതരുന്ന മുഹാജിർ ഇക്ക, ജീവിതത്തിൽ അറിയാതെ പോലും വഴിതെറ്റിപ്പോകാതിരിക്കാൻ എപ്പോഴും കൂടെനിന്ന് വെളിച്ചമായി മാറിയ ഇത്തിഹാദ്, മുയസ്സിർ, മായിസ്, മസ്ഹർ… അങ്ങനെ പേരെടുത്തു പറയാൻ ഒരുപാട് നല്ല മനസ്സുകൾ. വെറുമൊരു കൂട്ടായ്മ എന്നതിനപ്പുറം ജീവിതത്തെ നേർവഴിക്ക് നടത്താൻ പഠിപ്പിച്ച നല്ലൊരു കുടുംബമായിരുന്നു എനിക്കത്.
നമ്മുടെ ജീവിതത്തിൽ നമ്മൾ തിരഞ്ഞെടുക്കുന്ന കൂട്ട് വളരെ പ്രധാനമാണ്. നമ്മുടെ ജീവിതത്തെയും സ്വഭാവത്തെയും നല്ല രീതിയിൽ മാറ്റിയെടുക്കുന്ന കൂട്ടുകാരെ കണ്ടെത്തുക. നല്ലൊരു സൗഹൃദത്തിന് നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയും.