കർണാടകയിലേക്ക് ഒരു യാത്ര പോകാൻ തീരുമാനിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. സാധാരണ യാത്രകളിൽ നിന്ന് എനിക്ക് ഈയൊരു യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. മുൻപ് നടത്തിയ യാത്രകളൊക്കെയും പോകുന്ന സ്ഥലത്തെക്കുറിച്ച് സാമാന്യ ധാരണയോടെ പോയവയായിരുന്നു. എന്നാൽ അഗുംബെ എന്ന കർണാടകൻ ഗ്രാമത്തിലേക്ക് യാത്ര തിരിക്കുമ്പോൾ, പോകുന്ന സ്ഥലങ്ങൾ മലനിരകളാണോ പുഴകളാണോ അതോ കോടമഞ്ഞ് മൂടിയ ഇടങ്ങളാണോ എന്നൊന്നും ഞാൻ അന്വേഷിച്ചിരുന്നില്ല.

“എങ്ങോട്ടാണ് നിന്റെ യാത്ര?” എന്ന് ചോദിച്ചവരോടൊക്കെ കർണാടകയെന്ന് മാത്രമായിരുന്നു തുടക്കത്തിൽ എന്റെ മറുപടി. എന്നാൽ യാത്ര അവസാനിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുമ്പോൾ, പകർന്നു കിട്ടിയ സുന്ദരമായ ഓർമ്മകൾ പങ്കുവെക്കാൻ പാകത്തിൽ എന്റെ മനസ്സ് നിറഞ്ഞു കഴിഞ്ഞിരുന്നു.
സാധാരണയായി യാത്രകൾ എന്നാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ട് മടങ്ങുക എന്നതാവും പലരുടെയും ലക്ഷ്യം. എന്നാൽ എനിക്ക് അത് മാത്രമായിരുന്നില്ല പ്രധാനം. അങ്ങനെയായിരുന്നെങ്കിൽ ഫോണിൽ വെറുതെ ആ സ്ഥലങ്ങളുടെ ചിത്രങ്ങൾ കണ്ട് തൃപ്തിയടഞ്ഞാൽ മതിയായിരുന്നല്ലോ!

മൂന്ന് ദിവസം നീണ്ടുനിന്ന ഈ കർണാടകൻ യാത്രയിൽ സന്ദർശിച്ച സ്ഥലങ്ങളുടെ പേരോ ചിത്രങ്ങളോ നേരിൽ കാണുന്നത് വരെ എനിക്ക് പരിചിതമായിരുന്നില്ല. ഒരുപക്ഷേ, അതുകൊണ്ടാവാം ഈ യാത്ര എനിക്ക് ഇത്രമേൽ പ്രിയപ്പെട്ടതായി മാറിയത്. പോകുന്ന ഇടങ്ങളെക്കുറിച്ച് മുൻകൂട്ടി തിരഞ്ഞ് അവയുടെ പുതുമയും കൗതുകവും കളയേണ്ടതില്ല എന്ന തോന്നലായിരുന്നു അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. എന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേരും എന്റെ സീനിയേഴ്സ് ആയിരുന്നതുകൊണ്ട് തന്നെ, അവരിൽ നിന്ന് കണ്ടും കേട്ടും പല കാര്യങ്ങളും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കണ്ട കാഴ്ചകളെല്ലാം ഇവിടെ വിവരിക്കാൻ നിന്നാൽ, വായനക്കാർക്ക് അവിടെച്ചെന്ന് അതനുഭവിക്കാനുള്ള കൗതുകം നഷ്ടപ്പെടുമെന്നതിനാൽ അതിന് മുതിരുന്നില്ല.


എങ്കിലും മൂകാംബിക റെയിൽവേ സ്റ്റേഷനിൽ നിന്ന് കുടജാദ്രി മലമുകളിലേക്ക് ജീപ്പിൽ നടത്തിയ ആ യാത്ര പറയാതിരിക്കാനാവില്ല; അത്രമേൽ സാഹസികമായ ഒന്നായിരുന്നു അത്. യാത്രകൾ ചെയ്ത് അധികം ശീലമില്ലാത്തതുകൊണ്ടാവാം എനിക്കത് അത്രയും വിസ്മയമായി തോന്നിയത്. പിന്നെ, അഗുംബെ എന്ന ഗ്രാമത്തിനടുത്തുള്ള ജോഗിഗുണ്ടി വെള്ളച്ചാട്ടം എടുത്തു പറയേണ്ട ഒന്നാണ്. വെള്ളച്ചാട്ടത്തിന്റെ വശ്യതയ്ക്കുമപ്പുറം അവിടേക്ക് എത്താൻ നിബിഡ വനത്തിലൂടെ നടത്തിയ ഏതാണ്ട് പത്ത് കിലോമീറ്ററോളം ദൂരം വരുന്ന നടത്തം കാടിന്റെ വന്യസൗന്ദര്യത്തെ അടുത്തറിയാനുള്ള മികച്ച അവസരമായിരുന്നു. പിന്നീട് പോയ സാഗറിലെ ജോഗ് വെള്ളച്ചാട്ടം ലോകപ്രശസ്തമായ ഒന്നാണല്ലോ.

ഞാൻ നടത്തിയ ഈ ചെറിയ യാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും, അവരുടെ ഭാഷയും, വഴിയിലുടനീളം കണ്ട കാഴ്ചകളും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. സന്ദർശിച്ച സ്ഥലം ഏറ്റവും മികച്ചതോ ലോകപ്രശസ്തമോ ആകണമെന്ന വാശിയേക്കാളുപരി, എത്തിയ ഇടങ്ങളിലെ മനോഹാരിത കണ്ടെത്താനും ആസ്വദിക്കാനുമാണ് ഞാൻ ശ്രമിച്ചത്.