മണൽത്തിട്ടയിൽ നഗ്നപാദയായി
കാറ്റാടി മരങ്ങളോട് കിന്നാരമോതി നീലിമയാർന്ന ആകാശത്തെ നുണയുമ്പോൾ
അധരങ്ങളിൽ ഓർമകൾ തങ്ങി നിന്നു.
എന്നെ പൊതിയുന്ന തിരകളിൽ നിർവൃതിയടഞ്ഞ്
ഹൃദയം പുഞ്ചിരി തൂകുമ്പോൾ
ആനന്ദം തുളുമ്പുന്ന മിഴികളെ പൂർണമാക്കുന്നത്
അസ്തമയ സൂര്യന്റെ നിറപ്പകിട്ടാണ്.
എല്ലാമസ്തമിച്ചുവെന്ന് തോന്നുമ്പോൾ ഞാനാ കടൽത്തീരം വീണ്ടുമണയും. മനോഹരമായ പുനരുദയങ്ങളാണ്
അതിമനോഹരമായ അസ്തമയങ്ങൾ തീർക്കുന്നതെന്ന് വീണ്ടുമെന്നെ ബോധ്യപ്പെടുത്താൻ.
പെറുക്കിയെടുത്ത മണൽത്തരികൾ
പ്രതീക്ഷയുടെ പ്രതീകങ്ങളായി
എന്നെ പിന്തുടരുമ്പോഴും
ജീവിതമെപ്പോഴും അസ്തമയത്തിൻ
വർണക്കൂട്ട് പോൽ പ്രശോഭിതമായെങ്കിലെന്ന്
ഒരു മാത്ര ഞാൻ വെറുതെ നിനച്ചു പോയി..