പന്തോളം – ഭാഗം 19
ഓഹ് സ്പെയിൻ!
ഇന്നലെ ഡാലസിൽ പെയ്ത മഞ്ഞിന് തൂവെള്ള നിറവും ഇളം തണുപ്പും തന്നെയായിരുന്നല്ലോ. എന്നിട്ടുമീ രാവിൽ ഞങ്ങളെ കോരിത്തരിപ്പിച്ചത് നിങ്ങളായിരുന്നില്ലേ! എന്ത് ഭംഗിയായിരുന്നു നിങ്ങളുടെ ഓരോ കുറിയ പാസുകൾക്കും, ഓരോ റണ്ണുകൾക്കും, എണ്ണം പറഞ്ഞ ക്ലിയറൻസ് ടച്ചുകൾക്കും. ഹൃദയം കീഴടക്കിയ ഒരു ഫീൽ ഗുഡ് സിനിമ കണ്ടതുപോലെ!

ഈ രാവുപുലരുമ്പോൾ ഫ്രാൻസിന് വിശ്വവേദിയിൽ നിന്ന് മടക്കവും, സ്പെയിനിനും വിശ്വകിരീടത്തിനുമിടയിൽ ഒരൊറ്റ മത്സരവും മാത്രമാണിനി ബാക്കിയുള്ളത്. അതെ, നീണ്ട 16 വർഷത്തിന് ശേഷം അത്രമേൽ ആധികാരികമായി സ്പാനിഷ് അർമാഡ അവരുടെ കുറിയ പാസുകളുമായി തിരിച്ചുവന്നിരിക്കുന്നു; ടിക്കി ടാക്ക ഇനിയും ബാക്കിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്!

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ഫ്രാൻസിനെ തകർത്തുവിട്ടത്. ഈ ജയത്തോടെ സ്പെയിന്റെ അപരാജിത കുതിപ്പ് 37 മത്സരങ്ങളിലെത്തുന്നു. ഈ ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ആക്രമണനിരയായ എംബാപ്പെ – ഡെംബലെ – ഒലീസ് കൂട്ടുകെട്ടിനെയാണ് സ്പെയിൻ ഒന്നുമല്ലാതാക്കിയത്. മത്സരത്തിൽ വെറും 2 ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റിൽ ഫ്രാൻസിന് കണക്കിലുള്ളത്. കംപ്ലീറ്റ് സബ്മിഷൻ! ഈ തോൽവിയോടെ ദിദിയർ ദെഷാംപ്സിന്റെ ഫ്രാൻസ് പരിശീലക ജീവിതത്തിന് അവസാനമാകുന്നു. ഇനി ഫ്രഞ്ച് പടയ്ക്ക് തന്ത്രം മെനയാൻ സാക്ഷാൽ സിനദിൻ സിദാൻ വരുമെന്നാണ് കേൾവി.

സ്പാനിഷ് നിരയുടെ വ്യക്തിഗത മികവ് പറയാനാണെങ്കിൽ ഏറെയുണ്ട്. പ്രതിരോധത്തിൽ പോ ക്യൂബാർസി മുതൽ മാർക്ക് കുക്കറെയയും പെഡ്രോ പോറോയും, മധ്യനിരയിൽ ക്യാപ്റ്റൻ റോഡ്രിയും ഡാനി ഓൽമോയുമടക്കം മുന്നേറ്റത്തിൽ ലാമിൻ യമാൽ വരെയുണ്ട് അതിൽ. 19 കാരനായ പോ ക്യൂബാർസി, കിലിയൻ എംബാപ്പെയെ അക്ഷരാർത്ഥത്തിൽ അനങ്ങാൻ സമ്മതിച്ചില്ല എന്ന് വേണം പറയാൻ; എന്നിട്ടുവേണ്ടേ പന്ത് തൊടാൻ! അതുപോലെ മൈക്കൽ ഒലീസിനെ കത്രികപ്പൂട്ടിട്ട റോഡ്രിയുടെ കളി കണ്ട്, ഒടുവിൽ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന് ഒലീസിനെ പിൻവലിക്കേണ്ടി വരെ വന്നു. അങ്ങനെയങ്ങനെ കഥ നീളുന്നു. ഒരുവേള ഓപ്പൺ പോസ്റ്റിൽ ഗോളടിക്കാൻ പോലും പറ്റാത്ത ഫ്രഞ്ച് നിരയെയാണ് നമ്മളിന്നലെ കണ്ടത്.




അങ്ങനെ കൊട്ടിഘോഷിച്ചെത്തിയ ഫ്രഞ്ച് പടയെ കെട്ടുകെട്ടിച്ച ലൂയിസ് ഡി ലാ ഫുവെന്റെയുടെ കുട്ടികൾ വിശ്വകിരീടം ചൂടുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഫൈനലിൽ കഴിഞ്ഞ യൂറോ ഫൈനലിന്റെ ആവർത്തനമാകുമോ, അതോ നടക്കാതെ പോയ ഫൈനലിസിമയ്ക്ക് (അർജന്റീന VS സ്പെയിൻ) വേദിയൊരുങ്ങുമോ എന്ന് ഇന്നറിയാം. അർജന്റീനയും ഇംഗ്ലണ്ടും ഇന്നിറങ്ങുമ്പോൾ ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്നു. അന്തിമ ജയം ആർക്കൊപ്പം എന്ന് നമുക്ക് കണ്ടറിയാം.