പന്തോളം – ഭാഗം 17
അത്ഭുതം! മഹാത്ഭുതം!
മത്സരത്തിൽ ഈജിപ്തിനോട് 2-0 ന് പുറകിൽ നിന്ന ശേഷം, എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന്, ലോകമെമ്പാടുമുള്ള അയാളുടെ ഹേറ്റേഴ്സ് അയാളുടെ തലകുനിച്ചുള്ള മടക്കത്തിനായി ആക്രോശം ആരംഭിച്ചപ്പോൾ, മൈതാനത്തമർന്ന മുഖം പൊക്കി ഉയർത്തെഴുന്നേറ്റു മിശിഹാ! പിന്നെ കൺമുന്നിൽ വിരിഞ്ഞത് വിസ്മയമായിരുന്നു. അയാളുടെയും, നീലയും വെള്ളയും കുപ്പായമണിഞ്ഞ അയാളുടെ സംഘത്തിന്റെയും ഉയിർത്തെഴുന്നേൽപ്പ്.


ആദ്യം ഒരു ഗോൾ. അയാൾ എടുത്ത കോർണർ കൃത്യമായി വലയിലെത്തിച്ചത് കുട്ടി റൊമേറോ. പിന്നെ മിനിറ്റുകളുടെ വ്യത്യാസത്തിൽ അയാളുടെ കാലിൽ നിന്ന് തന്നെ പിറക്കുന്നൊരു പവർഫുൾ ബുള്ളറ്റ് ഗോൾ. പിന്നെ കളി തീരാൻ മിനിറ്റുകൾ ശേഷിക്കേ ലൗട്ടാരോ മാർട്ടിനസ് വകയൊരു ക്രോസ്, അത് കണക്റ്റ് ചെയ്ത് എൻസോ ഫെർണാണ്ടസിന്റെയൊരു ഹെഡർ. ഗോൾ! സ്കോർ ബോർഡിൽ ഇപ്പോൾ ആ പൂജ്യത്തിന്റെ സ്ഥാനത്ത് മൂന്നാണ്. അതെ “ഇറ്റ് വാസ് ആൻ അബ്സല്യൂട്ട് സിനിമ” (It was an absolute cinema). മിശിഹാ അവതരിച്ച രാത്രിയിൽ ലോക ഫുട്ബോൾ ചാമ്പ്യന്മാർ ഒരിക്കൽ കൂടെ അസാധ്യമായതെന്തോ അത് സാധ്യമാക്കിയിരിക്കുന്നു. ദി വൈൽഡ് ബ്യൂട്ടി ഓഫ് ഫുട്ബോൾ! വിശ്വം നോക്കിനിൽക്കെ അത് സംഭവിച്ചിരിക്കുന്നു!
മത്സരത്തിന്റെ ആദ്യ 70 മിനിറ്റും കളി നിയന്ത്രിച്ചത് ഈജിപ്ത് ആയിരുന്നു. അതിനിടയിൽ മത്സരം 1-0 ന് പുറകിലായപ്പോൾ ലഭിച്ച സ്പോട്ട് കിക്ക് മെസ്സിക്ക് വലയിലെത്തിക്കാൻ പറ്റുന്നില്ല. പിന്നീട് വീണ്ടുമൊരു ഈജിപ്ഷ്യൻ ഗോൾ വന്നെങ്കിലും അത് വാർ (VAR) നിഷേധിക്കുന്നു. എന്നാൽ നിമിഷങ്ങളുടെ ഇടവേളയിൽ അടുത്തൊരു ഈജിപ്ഷ്യൻ ഗോൾ കൂടെ വരുന്നു; ഇത്തവണ അത് പ്രോപ്പർ ഗോൾ തന്നെയായിരുന്നു. അവിടം തൊട്ടാണ് കളി മാറുന്നത്. കൃത്യമായി പറഞ്ഞാൽ മത്സരത്തിന്റെ 70 മിനിറ്റിന് ശേഷം. പിന്നെ കണ്ടത് ഒരു ജ്വലിക്കുന്ന തിരിച്ചുവരവായിരുന്നു. ആ 20-25 മിനിറ്റ് അർജന്റീന കളിച്ച കളി ഈ ടൂർണമെന്റിലെ തന്നെ ഒരു ടീമിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. അവിടെ ഈജിപ്തല്ല, ആര് വന്നാലും അവർ സാക്ഷാൽ ലയണൽ മെസ്സി എന്ന അയാൾക്കും, എന്തിനും തയ്യാറായ ആ സംഘത്തിനും മുന്നിൽ തകർന്നടിയും എന്നതിൽ കളി കണ്ടവർക്കാർക്കും തർക്കമുണ്ടാകില്ല. അങ്ങനെ ആ മഹത്ഭുതവും നമ്മൾ കണ്ടു. പ്രിയപ്പെട്ട ലിയോ നിനക്ക് നന്ദി; ഞങ്ങളെ വീണ്ടും വീണ്ടുമിങ്ങനെ ത്രസിപ്പിക്കുന്നതിന്, വിസ്മയിപ്പിക്കുന്നതിന്, കാൽപ്പന്തിന്റെ മിശിഹയായി അവതരിച്ചതിന്!

മത്സരശേഷം അർജന്റീനയുടെ മൂന്നാം ഗോളിനെച്ചൊല്ലി നടക്കുന്ന വിവാദങ്ങളെല്ലാം പാപ്പരത്തമാണ്. വിവാദങ്ങൾക്കായി താരതമ്യപ്പെടുത്തുന്ന രണ്ട് സന്ദർഭങ്ങളിലും പന്ത് ആരുടെ കാലിലാണ് എന്നും, ഇവിടെ കളി നിയമം എന്താണ് എന്നും ഫുട്ബോൾ നിയമങ്ങൾ അറിയുന്ന ആരോടെങ്കിലും ചോദിച്ചാൽ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അർജന്റീന തോൽക്കുമെന്ന് ഉറപ്പിച്ചവർക്ക് മുന്നിലെ ആ ഗംഭീര തിരിച്ചുവരവ് കാണുമ്പോൾ, തോൽവി ആഘോഷിക്കാൻ ഒരുങ്ങിയവർക്ക് നിരാശയും അതിൽ നിന്ന് ഒരുതരം ഫ്രസ്ട്രേഷനും അല്ലാതെ മറ്റെന്താണ് ഉണ്ടാവുക? ഈജിപ്ഷ്യൻ കോച്ചിലും സോഷ്യൽ മീഡിയ പാപ്പരാസികളിലും കാണുന്നത് ഒരേ വികാരം തന്നെയാണ്. അത് വളരെ നോർമലും നാച്ചുറലും ആണ്.
കാരണം ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെതിരെ കൊളംബിയയുടെ സാഞ്ചസിന്റെ ഗോൾ വാർ റദ്ദാക്കുമ്പോഴും, നോർവേയ്ക്കെതിരെ ബ്രസീലിന് രണ്ടാം പെനാൽറ്റി നൽകുമ്പോഴും അതിന് ശേഷം കളി മിനിറ്റുകളോളം നീട്ടിയപ്പോഴും ഒന്നും കാണാത്ത വിക്ടിം കാർഡ് അർജന്റീനയും മെസ്സിയും വരുമ്പോൾ മാത്രം പുറത്തെടുക്കുന്നത് ഒരുതരം വനരോഗം മാത്രമാണ്. ഇത് അയാളുടെ ‘ലാസ്റ്റ് ഡാൻസ്’ ആണ്; അതയാൾ ആടിത്തീർക്കുക തന്നെ ചെയ്യും. മത്സരശേഷമുള്ള അയാളുടെ ഹൃദയം മുറിച്ചുള്ള ആ കരച്ചിലിൽ അതുണ്ട്; അതിനുശേഷം അയാളെ ആ സംഘം ഒന്നിച്ച് എടുത്തുയർത്തുന്നുണ്ട്, അതിലുമുണ്ട് അത്. വീണ്ടും കണ്ണ് കൂർപ്പിച്ചോളൂ… അയാളുടെ പോരാട്ടം ഇനിയും ബാക്കിയുണ്ട്!

ഈജിപ്ത് വിശ്വവേദിയിൽ കാഴ്ചവെച്ചത് അവരുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു. അതിൽ അവരെ നയിച്ചത് സാക്ഷാൽ മുഹമ്മദ് സലാഹും. മിസ്രിലെ രാജകുമാരന് ഹൃദയം കൊണ്ട് സലാം! ഓർമ്മകളുടെ ഇടനാഴിയിൽ നിങ്ങളുമുണ്ടല്ലോ ഞങ്ങൾക്ക്!
ഈജിപ്തും കടന്ന് ആൽബിസെലസ്റ്റകൾ ഇനി ക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിനെ നേരിടും. കൊളംബിയയെ അട്ടിമറിച്ചാണ് സ്വിസ് പട എത്തുന്നത്. നിശ്ചയിച്ച സമയവും അധിക സമയവും കടന്ന് ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തിൽ കൊളംബിയ സ്വിറ്റ്സർലാൻഡിന് മുന്നിൽ അടിയറവ് പറഞ്ഞു. മത്സരത്തിലും ഷൂട്ടൗട്ടിലും സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബലിന്റെ പ്രകടനമാണ് മത്സരത്തിന്റെ ഫലം നിശ്ചയിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ കോബൽ, കൊളംബിയയുടെ ഹെർണാണ്ടസിന്റെ കിക്ക് തടഞ്ഞത് നിർണ്ണായകമായി. സ്വിറ്റ്സർലാൻഡിന് ക്വാർട്ടറിലേക്ക് വഴികാട്ടിയ ഗോൾഡൻ സേവായിരുന്നു അത്.

ഷൂട്ടൗട്ടിൽ കൊളംബിയയുടെ പരിചയസമ്പന്നനായ സെന്റർ ബാക്ക് ഡാവിൻസൺ സാഞ്ചസ് എടുത്ത പെനാൽറ്റി ക്രോസ്‌ബാറിൽ തട്ടി പുറത്തുപോയതും വിധിയുടെ ക്രൂരതയായി. ഒടുവിൽ നിർണ്ണായകമായ അഞ്ചാം പെനാൽറ്റി റൂബൻ വർഗാസ് ശാന്തമായി വലയിലാക്കി. മുൻ ഷൂട്ടൗട്ടുകളിലെ നിരാശകൾക്ക് ശേഷം ഈ ഗോൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷമായി മാറുകയും ചെയ്തു. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലാൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തുന്നത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പാണ് ഈ ജയത്തോടെ അവസാനിച്ചത്. ഇനി ക്വാർട്ടറിൽ ലോക ചാമ്പ്യന്മാരെ നേരിടാൻ ഒരുങ്ങുമ്പോൾ, 2014 ലോകകപ്പിൽ ഏഞ്ചൽ ഡി മരിയയുടെ 118-ാം മിനിറ്റ് ഗോളിൽ സ്വിറ്റ്സർലാൻഡ് അർജന്റീനയോട് തോറ്റ ഓർമ്മയ്ക്ക് 12 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ വീണ്ടും അവർക്ക് മധുരപ്രതികാരത്തിന് അവസരം ലഭിച്ചിരിക്കുകയാണ്.
ഇതോടെ വിശ്വവേദിയിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് വിരാമം. ഇനി ഒരു നാൾ ബ്രേക്കിന് ശേഷം തീപാറും ക്വാർട്ടർ പോരാട്ടങ്ങൾ. കാത്തിരിക്കാം.