മഴ മേഘത്തെ തുരന്ന് ഈറനെത്തഴുകുമ്പോൾ
വിജനതയുടെ തെരുവീഥികൾ ഉണർന്നു.
ഇന്നലെ പെയ്ത പെയ്ത്തിൽ –
ആരോ മൂളിയ രാഗത്തിൻ്റെ പാതി
ഇന്നു തിടുക്കം കാണിക്കുന്ന തുള്ളികൾ പാടി.
ഇടയ്ക്കിടെ സൂര്യൻ്റെ പാളിനോക്കലിൽ
വിഷാദം പൂണ്ട മഴത്തുള്ളികൾ
നനുത്ത കാറ്റിനോട് പരാതി പറഞ്ഞു.
വിജന വീഥികളിൽ ഒരിറ്റു പെയ്തു തുടങ്ങി.
മഷി വരണ്ട പേനത്തുമ്പിലും
മഷിത്തുള്ളികൾ ഇറ്റിറ്റു പെയ്യാൻ തുടങ്ങി.
ജനാലയ്ക്കരികെ മന്ദമാരുതൻ എത്തി നോക്കി
ഇന്നലെത്തെ അതേ കഥനം ആവർത്തിച്ചു.
പെയ്തൊഴിയാത്ത കഥകൾ മാത്രം !
അല്പം കണ്ണുനീരിനെ നീർച്ചാലു കണക്കെ
അവൻ പറഞ്ഞു തീർത്തു.
മഴപ്പെയ്ത്ത് അധികമായി
ആ ജനാലയ്‌ക്കരികെ പലരും എത്തി നോക്കി
ഒരിതൾ ചൂടു കായാൻ മാത്രമായി
വിഷാദങ്ങൾ നിലച്ചപ്പോൾ അറിയാതെ –
അവൻ തിരിഞ്ഞു നോക്കാതെ യാത്രയായി
ആ ജനാലയ്‌ക്കരികെ ഇനിയെന്നു വരുമെന്ന്
കാത്ത് ഞാനും…!