ആഫ്രിക്കൻ ശൈലിയെ മറികടന്ന് കാനഡയുടെ കുതിപ്പ്

പന്തോളം – ഭാഗം 11

വിശ്വവേദിയിൽ നോക്കൗട്ട് മത്സരങ്ങൾ ആരംഭിച്ചപ്പോൾ റൗണ്ട് ഓഫ് 32-ൽ ആദ്യ മാച്ച് സൗത്ത് ആഫ്രിക്കയും കാനഡയും തമ്മിലായിരുന്നു. കഥാന്ത്യം കാനഡ ചരിത്രമെഴുതി റൗണ്ട് ഓഫ് 16-ലേക്ക് കുതിച്ചപ്പോൾ, ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങൾ ലോസ് ആഞ്ചലസിൽ അവസാനിച്ചു.

ഈ മത്സരം തുടക്കം മുതൽ തന്നെ രണ്ട് വ്യത്യസ്ത ഫുട്ബോൾ ശൈലികളുടെ പോരാട്ടമായിരുന്നു. കാനഡ ഉയർന്ന പ്രസ്സിംഗും വേഗത്തിലുള്ള ട്രാൻസിഷനും ഉപയോഗിച്ച് ആക്രമിച്ചപ്പോൾ, ദക്ഷിണാഫ്രിക്ക പന്ത് കൈവശം വെച്ച് ക്ഷമയോടെ ബിൽഡ്-അപ്പ് നടത്താനാണ് ശ്രമിച്ചത്. ഗോൾകീപ്പർ റോൺവെൻ വില്യംസ് വഴിയും പ്രതിരോധനിര വഴിയും കളി മുന്നോട്ട് കൊണ്ടുപോകാനായിരുന്നു അവരുടെ പദ്ധതി.

കാനഡ കൂടുതൽ ആക്രമണ മനോഭാവത്തിലായിരുന്നു. ജോനാഥൻ ഡേവിഡ് നിരന്തരം സൗത്ത് ആഫ്രിക്കയുടെ സെന്റർ ബാക്കുകളെ സമ്മർദ്ദത്തിലാക്കി കൊണ്ടിരുന്നു. അൽഫോൺസോ ഡേവിസ് പൂർണ്ണ ഫിറ്റല്ലാത്തതിനാൽ ബെഞ്ചിലായിരുന്നു, അതിനാൽ ഇടതുവശത്തുനിന്നുള്ള ആക്രമണങ്ങൾ പതിവിലേക്കാൾ കുറവായിരുന്നു. ഹാംസ്ട്രിംഗ് പരിക്ക് കാരണം ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായ അൽഫോൺസോ ഡേവിസ് ഈ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ആദ്യമായി കളത്തിലിറങ്ങിയത്.

മത്സരം എക്സ്ട്രാ ടൈമിലേക്ക് പോകുമെന്ന് സർവ്വരും നിനച്ചിരുന്ന നേരത്താണ് സ്റ്റീഫൻ യുസ്റ്റാക്കിയോ 92-ആം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് നേടിയ ലോങ് റേഞ്ചർ ഗോളിലൂടെ കാനഡയെ ചരിത്രത്തിലേക്ക് നയിച്ചത്. ഈ ജയത്തോടെ കാനഡ 1994-ന് ശേഷം ആദ്യമായി ലോകകപ്പിലെ നോക്കൗട്ട് മത്സരം ജയിച്ച് റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി.

മത്സരം കാനഡ ജയിച്ചെങ്കിലും അവസാന നിമിഷം വരെ പോരാടിയ ദക്ഷിണാഫ്രിക്കയെ മറന്നുകളഞ്ഞു കൂടാ. സൗത്ത് ആഫ്രിക്കയുടെ കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനമായിരുന്നു ഇന്ന് കണ്ടത്. നിരവധി അവസരങ്ങളാണ് അവർ മത്സരത്തിലുടനീളം സൃഷ്ടിച്ചത്. എങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ അവർക്ക് കനത്ത തിരിച്ചടിയായി മാറി.

കാനഡ ഇനി റൗണ്ട് ഓഫ് 16-ൽ നെതർലാൻഡ്സ് – മൊറോക്കോ മത്സരത്തിലെ വിജയിയെയാകും നേരിടുക.