പന്തോളം – ഭാഗം 4
കാൽപ്പന്തിന്റെ മഹാമാമങ്കത്തിൽ, ആൾക്കൂട്ടങ്ങൾക്കും ആരവങ്ങൾക്കും നടുവിൽ അയാൾ ഒറ്റയ്ക്കായിരുന്നു. വിശ്വം മുഴുവൻ ഇന്നലെയന്നേരം കാത്തിരുന്നത് അയാൾക്കു വേണ്ടി മാത്രമായിരുന്നു എന്നത് തീർച്ച. നമ്മളും ഇന്നലെ കാത്തിരുന്നത് അയാളെത്തന്നെയല്ലായിരുന്നോ?
വർഷങ്ങൾക്കിപ്പുറം യൂസേബിയോയുടെ പാരമ്പര്യത്തിന് പിന്നീടൊരു ഉയിർത്തെഴുന്നേൽപ്പ് സമ്മാനിച്ചത് അയാളായിരുന്നില്ലേ? ഇന്ത്യയേക്കാൾ 36 മടങ്ങ് വിസ്തീർണ്ണം കുറഞ്ഞ പോർച്ചുഗൽ എന്ന സെലെസാവോയുടെ, റോണോ എന്ന വിഖ്യാത മേൽവിലാസം!

ലോകഫുട്ബോൾ ചരിത്രത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്നോളമേറ്റവുമധികം ഗോൾ നേടിയത് അയാളാണ്—പെലെക്കും, മറഡോണക്കും, ലിയോണൽ മെസ്സിക്കും മുന്നിൽ. എന്നാൽ, ആ അയാളാണ് ഇന്നലെ പച്ചപ്പുൽ മൈതാനത്ത് ഫൈനൽ തേർഡിൽ പന്തുലഭിക്കാതെ, ഗോളടിക്കാനാവാതെ, സഹതാരങ്ങളുടെ ഒരു ഐ-കോൺടാക്ട് പോലുമില്ലാതെ, പേരിനൊരു ക്യാപ്റ്റൻ ബാൻഡുമണിഞ്ഞ് വീർപ്പുമുട്ടിയത്. മത്സരത്തിലധിക സമയവും അയാൾ കേവലം കാഴ്ചക്കാരൻ മാത്രമായിരുന്നു. പോർച്ചുഗൽ സ്കോർ ചെയ്ത ഏക ഗോളിലും അയാളുടെ റോൾ അതുതന്നെയായിരുന്നു.
ഫിഫ റാങ്കിംഗിൽ പോർച്ചുഗൽ അഞ്ചാമതും കോംഗോ നാൽപ്പത്തിയാറാമതുമാണ്. ഈ വർഷമുൾപ്പെടെ കേവലം രണ്ടു തവണ മാത്രമാണ് കോംഗോ വിശ്വവേദിയിൽ പന്തുതട്ടുന്നത്. 1974-ന് ശേഷം നീണ്ട 52 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞ് ഇപ്പോൾ! അവരുടെ ലോകകപ്പ് ചരിത്രത്തിലെത്തന്നെ ആദ്യ ഗോളാണ് ഇന്നലെ പോർച്ചുഗലിനെതിരെ അവർ സ്കോർ ചെയ്തത്.
1-1 സമനിലയിൽ പിരിഞ്ഞ ഈ മത്സരം ഏതൊരു ഫുട്ബോൾ ആരാധകന്റെയും മനസ്സിൽ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ ഏറെയാണ്. യഥാർത്ഥത്തിൽ എന്താണ് പോർച്ചുഗലിന്റെ പ്രശ്നം? ആർക്കാണവിടെ പ്രശ്നം? മുൻപ് ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷനെ കയ്യിൽ കിട്ടിയിട്ടും ഒന്നും നേടാനാവാതെ പോയ, ഇപ്പോൾ പോർച്ചുഗലിന്റെ സമാനമായൊരു വൻനിരയെ പരിശീലിപ്പിക്കുന്ന ഹെഡ് കോച്ച് റോബർട്ടോ മാർട്ടിനസിന്റേതാണോ പിഴവ്? അതോ ബ്രൂണോ ഫെർണാണ്ടസും, ബെർണാഡോ സിൽവയും, വിറ്റിഞ്ഞയും, ജാവോ കാൻസലോയും ഉൾപ്പെട്ട പോർച്ചുഗീസ് സംഘത്തിന്റേതാണോ? അതോ 41-കാരൻ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണോ പ്രശ്നക്കാരൻ? ഇനി… ഡ്രസ്സിംഗ് റൂം വിട്ട് പുറത്തുവരാത്ത, എന്നാൽ റൂമറുകൾ പങ്കുവെക്കുന്ന മറ്റെന്തെങ്കിലും ആഭ്യന്തര പ്രശ്നങ്ങൾ അവിടെയുണ്ടോ?

അറിയില്ല, പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇതൊരു വിശ്വവേദിയാണ്. നാല് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന മഹോത്സവം. അനവധി മഹാരഥന്മാർക്ക് ഇവിടെ കാലിടറിയിട്ടുണ്ട്; കൊട്ടിഘോഷിച്ചെത്തിയ നിരവധി മഹാസംഘങ്ങൾ ഇവിടെ വീണുപോയിട്ടുണ്ട്. ഈ വേദിയിൽ റോണോയ്ക്ക് അടുത്തൊരു ലോകമാങ്കത്തിലേക്ക് ഇനി ഒരു ബാല്യം ബാക്കിയില്ല. പോർച്ചുഗലിന് ഈ പോക്കാണ് പോക്കെങ്കിൽ റൗണ്ട് ഓഫ് 16 കടക്കാനാവുമോ എന്ന് തന്നെ സംശയമാണ്. എങ്കിലും ഒരു ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ, പോർച്ചുഗലിനോടോ റോണോയോടോ ഒരു പ്രത്യേക അഭിനിവേശവും നാളിതുവരെ തോന്നാത്തൊരാൾ എന്ന മുഖവുരയോടെ തന്നെ പറയട്ടെ; പോർച്ചുഗൽ ഒരു വിശ്വകിരീടം അർഹിക്കുന്നുവെന്ന പക്ഷക്കാരനല്ല ഞാൻ. പക്ഷേ റോണോ എന്ന മനുഷ്യൻ ഒരു വിശ്വകിരീടവും വീരോചിതമായൊരു വിടവാങ്ങലും അർഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നമെന്തായാലും അത് പരിഹരിച്ച് അയാളും ഈ സംഘവും മുന്നേറണം. ലോക ഫുട്ബോൾ ചരിത്രം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഇന്നലെ മിനിറ്റുകളുടെ വ്യത്യാസത്തിൽ ആവേശം കൊടുമുടിയിലെത്തിച്ച മാച്ചായിരുന്നു ഇംഗ്ലണ്ട് – ക്രൊയേഷ്യ മത്സരം. ഹാരി കെയ്നും, ജൂഡ് ബെല്ലിംഗ്ഹാമും, മാർക്കസ് റാഷ്ഫോർഡും ഇംഗ്ലണ്ട് നിരയിൽ സ്കോർ ചെയ്ത ഗോൾമഴ പെയ്ത മത്സരം. മറുപുറത്ത് ലൂക്കാ മോഡ്രിച്ച് അമ്പേ നിറംമങ്ങിയ കാഴ്ച. ആദ്യപകുതി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മികച്ച ഗോളവസരങ്ങളും, പെനാൽറ്റിയും, അടിയും തിരിച്ചടിയുമായി സംഭവബഹുലമായിരുന്ന ആ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ ഗതി തന്നെ മാറിയ രണ്ടാം പകുതിയാണ് കണ്ടത്. അവിടെ ഇംഗ്ലണ്ടിന്റെ സമഗ്രാധിപത്യമായിരുന്നു. മറുവശത്ത് ക്രൊയേഷ്യ എന്ന ടീം ലിവാകോവിച്ച് എന്ന ഒരൊറ്റയാളിലേക്ക് ചുരുങ്ങി. അയാളുടെ എണ്ണംപറഞ്ഞ സേവുകൾ ഇല്ലായിരുന്നെങ്കിൽ, അക്ഷരാർത്ഥത്തിൽ ക്രൊയേഷ്യ അവരുടെ ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും ദയനീയ പരാജയം ഇന്നലെ ഏറ്റുവാങ്ങിയേനെ! ഒരു കാര്യം ഉറപ്പാണ്, ഇംഗ്ലീഷ് ഫാൻസ് പാടും പോലെ ഇറ്റ്സ് കമിംഗ് ഹോം. തോമസ് ടുഹലിന്റെ ഈ ഇംഗ്ലീഷ് പടയെ കരുതിയിരുന്നേ മതിയാവൂ. കാരണം ഈ ലോകകപ്പിലെ ഏറ്റവും തൃപ്തികരമായ മത്സരങ്ങളിലൊന്നാണ് ഇന്നലെ കടന്നുപോയത്. ഇതിലൂടെ അവർ തങ്ങളുടെ വരവറിയിച്ചിട്ടുണ്ട്!

കളിയവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ കാലെബ് യിരെങ്കി നേടിയ ഗോളിൽ പനാമയെ തോൽപ്പിക്കുന്ന ഘാനയും, ഉസ്ബക്കിസ്ഥാനെ 3-1 ന് തകർത്ത് ഗ്രൂപ്പ് കെ-യിൽ ഏക ജയം സ്വന്തമാക്കി ഒന്നാമതെത്തിയ കൊളംബിയയും കൂടെ ഇന്നലെ വിജയമെഴുതിയിട്ടുണ്ട്.
നാല് മത്സരങ്ങളുടെ ഒരു ദിനമവസാനിക്കുമ്പോൾ, അടുത്തൊരു ദിനം താരതമ്യേന ബിഗ് മാച്ചുകൾ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഇനിയൊരു ഉറക്കത്തിന് ചെറിയൊരു ഇടവേളയുണ്ട്. അതുകഴിഞ്ഞ് മറ്റന്നാൾ ബ്രസീലും, നെതർലാൻഡ്സും, മൊറോക്കോയും, ജർമ്മനിയുമൊക്കെ കളത്തിലുണ്ട്. കാൽപ്പന്തിന്റെ വിശ്വവേദിയിൽ സർപ്രൈസുകളുടെ പന്തോളം ഇനിയുമെത്ര നമ്മെ കാത്തിരിക്കുന്നു!