ദൈവം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹിച്ച നാടാണ് കൊല്ലങ്കോട്. കേരളത്തിന്റെ ഇന്നലെകളിലെ ഗ്രാമ ഭംഗി ഇന്നും കാണാൻ കഴിയുന്ന ഒരു ഗ്രാമം. പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകൾക്ക് താഴെയുള്ള ഈ പ്രദേശം അതിന്റെ പ്രകൃതി ഭംഗി കൊണ്ട് ഏറെ പ്രസിദ്ധവുമാണ് . പ്രിയപ്പെട്ടവളുമൊന്നിച്ചാണ് കൊല്ലങ്കോട്ടേക്ക് യാത്ര തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്ന അന്നായിരുന്നു അത്. നാല് മണിക്കൂറിലേറെ യാത്രയുണ്ട്. സുബ്ഹിക്ക് മുമ്പ് തന്നെ ഞങ്ങൾ ഇറങ്ങി. ഡിസംബർ മാസമായത് കൊണ്ട് നല്ല തണുപ്പായിരുന്നു.

രാവിലെ ഒരു ഒൻപത് മണിയാകുമ്പോഴേക്കും കൊല്ലങ്കോട് എത്തുകയാണ് ലക്ഷ്യം. റീൽസുകളിലും വീഡിയോകളിലും നിറഞ്ഞ് നിൽക്കുന്ന കൊല്ലങ്കോട് കാണാനുള്ള ആഗ്രഹം ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടക്കുന്നു.
പാലക്കാട് ജില്ലയിൽ കേരള–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‍വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്നും 26 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. കൊല്ലങ്കോട്ടെ ചെല്ലൻ ചേട്ടന്റെ ചായക്കട, കുടിലിടം, പേരുങ്ങോട്ടുശ്ശേരി കളം, തേക്കിൻച്ചിറ, ചിങ്ങൻ ചിറ, മുതലമട റെയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളാണ് പ്രധാന ആകർഷണങ്ങൾ. കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. ഏകദേശം പത്ത് മണിയായപ്പോഴേക്കും ഞങ്ങൾ ആദ്യത്തെ ലക്ഷ്യ സ്ഥാനമായ ചെല്ലൻ ചേട്ടന്റെ കടയിലെത്തി. പനയോല കൊണ്ട് മേഞ്ഞ കടയിലക്ക് തല കുനിച്ച് വേണം കയറാൻ.
മൂന്ന് ബെഞ്ച് മാത്രം ഇടാവുന്ന ഒരു കൊച്ചു കട. ആധുനികതയുടെ ഒരു ആഡംബരങ്ങളുമില്ല. ചെല്ലൻ ചേട്ടന്റെ ഭാര്യയായിരുന്നു അവിടെയുണ്ടായിരുന്നത്. ഒരു ഫാമിലി അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. രണ്ട് ചായയും പരിപ്പ് വടയും പറഞ്ഞു. ചുമരിൽ നിറയെ കഴിഞ്ഞു പോയ വർഷങ്ങളിലെ കലണ്ടറുകൾ തൂക്കിയിട്ടിരിക്കുന്നു. ചെല്ലൻ ചേട്ടനെയും കടയെയും കുറിച്ച് പത്രത്തിൽ വന്ന വാർത്തകൾ ഫ്രെയിം ചെയ്ത് ചുവരിൽ വെച്ചിരിക്കുന്നു. അതെല്ലാം നോക്കിയങ്ങനെ ഇരിക്കുമ്പോഴാണ് ചെല്ലൻ ചേട്ടൻ കയറിവരുന്നത്. ഒരു തനി നാടൻ മനുഷ്യൻ. ചായയും കുടിച്ച് ചെല്ലൻ ചേട്ടന്റെ കൂടെ ഫോട്ടോയുമെടുത്ത് ഞങ്ങൾ ഇറങ്ങി.

കടയുടെ ഓരം ചേർന്ന് റോഡ് രണ്ടായി പിരിയുന്നുണ്ട് ഒന്ന് ചെന്നെത്തുന്നത് പെരിങ്ങോട്ടുശ്ശേരി കളത്തിലും മറ്റൊന്ന് ചിങ്ങൻ ചിറയിലുമാണ്.കളത്തിലേക്കുള്ള വഴിയിലേക്ക് ഞങ്ങൾ നീങ്ങി. റോഡിന്റെ ഇരു ഭാഗത്തും പല തരം കൃഷിയുണ്ട്. റോഡ് വീതി കുറഞ്ഞു വന്നു ഒരു പാടത്തിന്റെ അടുത്ത് അവസാനിച്ചു. മുന്നിൽ വിശാലമായ ഒരു പാറ.അതിൽ വെള്ള പൂശിയ ചുമരുകളുള്ള, മരത്തിന്റെ തൂണുള്ള ചെറിയ ഒരു ഓടിട്ട കെട്ടിടം. അതാണ് പെരിങ്ങോട്ടുശ്ശേരി കളം. ഇത്തരം കളങ്ങൾ പാലക്കാടിന്റെ കാർഷിക സംസ്കാരത്തിന്റെ ഭാഗമാണ്. മിക്കവാറും കളങ്ങൾ ഇതുപോലെ പാറപ്പുറത്തായിരിക്കും. കൊയ്ത് കൊണ്ടുവരുന്ന കറ്റകൾ മെതിക്കാനും അടുക്കി വെക്കാനും പാറപ്പുറമാണ് നല്ലത്. കുറെ നാളുകൾക്ക് മുമ്പ് മെതിച്ചതിന്റെ അടയാളങ്ങൾ അവിടെ കാണാം. കാഴ്ചക്കാരെ പ്രതീക്ഷിച്ച് ഒരാൾ ഒരു ചെറിയ കച്ചവടവുമായി അവിടെയിരിക്കുന്നുണ്ട്. നാടൻ പാലക്കാടൻ ശർക്കരയാണ് പ്രധാന വിഭവം. പെരിങ്ങോട്ടുശ്ശേരി കളത്തിന്റെ ഭംഗിയിൽ കുറച്ചു ഫോട്ടോകളുമെടുത്ത് അടുത്ത ലക്ഷ്യസ്ഥാനമായ ചിങ്ങൻ ചിറ പ്രകൃതി ക്ഷേത്രത്തിലേക്ക് നീങ്ങി.
ധാരാളം സിനിമകൾക്ക് ലൊക്കേഷനായ ഇടമാണ് ചിങ്ങൻ ചിറ. നിറയെ ആൽമരങ്ങൾ, അതിൽ നിന്ന് തൂങ്ങി നിൽക്കുന്ന വള്ളികൾ. തിങ്ങി നിറഞ്ഞ ആലിലകൾക്കിടയിലൂടെ താഴത്തേക്കെത്താൻ പ്രയാസപ്പെടുന്ന സൂര്യകിരണങ്ങൾ. തണുപ്പും ഇരുട്ടും ഇളം കാറ്റും ചേർന്ന സുന്ദരമായ അന്തരീക്ഷം. ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന ആൽമരത്തിന്റെ ചുവട്ടിലാണ് ആരാധനാ മൂർത്തിയായ കറുപ്പസ്വാമിയുടെ വിഗ്രഹം. കോവിലോ മേൽക്കുരയോ ഒന്നുമില്ലാതെ പ്രകൃതിയുടെ മടിത്തട്ടിലുള്ള ഒരു ക്ഷേത്രം. കേരളത്തിന്റെ പുറത്ത് നിന്നും ധാരാളം ഭക്തർ ഇവിടെയെത്തുന്നുണ്ട്. ആൽ മരങ്ങളുടെ തണലിൽ കുറച്ചു നേരം സംസാരിച്ചിരുന്നു.
അടുത്ത ലക്ഷ്യ സ്ഥാനമായ സീതാർകുണ്ട് വെള്ളച്ചാട്ടവും കണ്ട് ഞങ്ങൾ നേരെ പോയത് ഒരുപാട് സിനിമകൾ ചിത്രീകരിച്ച മുതലമട റെയിൽവേ സ്റ്റേഷനിലേക്കാണ്. പത്ത് രൂപയുടെ ടിക്കറ്റെടുത്ത് ഞങ്ങൾ സ്റ്റേഷനിലേക്ക് കയറി. ഇതൊരു പ്രധാന റെയിൽവേ ലൈൻ അല്ല. ചുരുക്കം ട്രെയിനുകൾ മാത്രമാണ് ഇതിലൂടെ സർവീസ് നടത്തുന്നത്. കേരളത്തിലെ മറ്റൊരു റെയിൽവേ സ്റ്റേഷനും ഇല്ലാത്ത ഗ്രാമീണ ഭംഗി നമുക്കിവിടെ കാണാം.. നെല്ലിയാമ്പതി മലനിരകൾക്ക് താഴെയുള്ള മുതലമടയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നത്. നിരയായി നിൽക്കുന്ന ആൽമരങ്ങളും അതിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുന്ന വള്ളികളും സ്റ്റേഷന് ഭംഗി കൂട്ടുന്ന കാഴ്ചകളാണ്. മലയാളത്തിന് പുറമേ നിരവധി അന്യഭാഷ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

വാമല മുരുകൻ ക്ഷേത്രമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം. വിശാലമായ പാറക്കെട്ടിന് മുകളിലുള്ള ഒരു ക്ഷേത്രം. നിരവധി സിനിമ ചിത്രീകരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. രണ്ട് ദിവസത്തെ യാത്രയായിരുന്നു ഞാൻ തീരുമാനിച്ചത്. ഒരു ദിവസം കൊല്ലങ്കോടും അടുത്ത ദിവസം നെല്ലിയമ്പതിയും. കൊല്ലങ്കോടിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കണമെങ്കിൽ ഒരു ദിവസം എന്തായാലും വേണം. നല്ല യാത്ര ക്ഷീണമുണ്ട്. നെല്ലിയമ്പതിയുടെ കാഴ്ച്ചകൾ ആസ്വദിക്കണമെങ്കിൽ രാവിലെ അവിടെയെത്തണം എന്ന് അറിഞ്ഞിരുന്നു. അതുകൊണ്ട് നെല്ലിയമ്പതിയുടെ അടുത്തുള്ള പോത്തുണ്ടി ഡാമിന്റെ അടുത്ത് ഞങ്ങൾ സ്റ്റേ ചെയ്തു.