ഈ ലോകത്തെ ഏറ്റവും അമൂല്യമായ ഒന്നിനെ നിർവചിക്കാൻ പറഞ്ഞാൽ ഭൂരിഭാഗം പേരും ആദ്യം പറയുന്ന പേര് ‘സമയം’ എന്നായിരിക്കും. പോയിക്കഴിഞ്ഞാൽ തിരിച്ചുപിടിക്കാൻ പറ്റാത്തതും, കൃത്യമായി വിനിയോഗിച്ചാൽ സമാധാനവും ഇല്ലെങ്കിൽ ഖേദവും സമ്മാനിക്കുന്ന സമയത്തെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാനാണ് നമ്മൾ എപ്പോഴും ശ്രമിക്കാറുള്ളത്. എന്നാൽ ഇത്രയേറെ മൂല്യമുള്ള സമയത്തിന്റെ ദൈർഘ്യം സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
സമയം വളരെ പതുക്കെ നീങ്ങുന്നതായി നമുക്ക് തോന്നാറുള്ളത് പലപ്പോഴും “ബോറടിക്കുമ്പോഴാണ്”. ഫോണിൽ കളിച്ചു തീർക്കുന്ന ഒരു മണിക്കൂറും, വെറുതെയിരുന്ന് ബോറടിക്കുന്ന പത്തു മിനിറ്റും താരതമ്യം ചെയ്താൽ, ആ പത്തു മിനിറ്റിനായിരിക്കും ഒരു മണിക്കൂറിനേക്കാൾ ദൈർഘ്യം കൂടുതൽ എന്ന് നമുക്ക് തോന്നും. സജീവമായ ഒന്നിൽ നിന്ന് നിഷ്ക്രിയമായ ഒരവസ്ഥയിലേക്ക് തലച്ചോർ മാറുമ്പോഴാണ് ഇത്തരമൊരു തോന്നൽ ഉണ്ടാകുന്നത്. എന്നാൽ ബോറടിക്കുക എന്നത് അത്ര മോശമായ കാര്യമാണോ? നമുക്കൊന്ന് പരിശോധിക്കാം.
ജീവിതത്തെ എപ്പോഴും തിരക്കുകൾ കൊണ്ട് ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നവരാണ് നമ്മൾ. എങ്കിലും സെക്കൻഡുകളോ മിനിറ്റുകളോ നീണ്ടുനിൽക്കുന്ന ഈ ‘ബോറടി നിമിഷങ്ങൾ’ നമ്മുടെ ജീവിതചക്രത്തിലെ അനിഷേധ്യ ഘടകമാണ്. ട്രെയിൻ വരാൻ വൈകുന്ന അഞ്ച് മിനിറ്റ്, ഉറക്കത്തിന് തൊട്ടുമുമ്പുള്ള നിശബ്ദ നിമിഷങ്ങൾ, യാത്രകൾക്കിടയിലെ നടത്തം, ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കൽ എന്നിങ്ങനെ പല രൂപത്തിൽ ഈ ‘ഇടവേളകൾ’ കടന്നുവരാം. ഓരോ മനുഷ്യന്റെയും ജീവിത സാഹചര്യത്തിനനുസരിച്ച് ഇതിന്റെ സ്വഭാവം മാറാം.

യഥാർത്ഥത്തിൽ ഇത്തരം ചെറിയ ഇടവേളകളാണ് നമ്മുടെ ചിന്തകളെ അതിന്റെ പരമോന്നതിയിൽ എത്തിക്കുന്നത്. നമ്മളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങൾ, പുതിയ ആശയങ്ങൾ, സർഗ്ഗാത്മകമായ താൽപ്പര്യങ്ങൾ എന്നിവയെല്ലാം ഉദിക്കുന്നത് ഇത്തരം നിശബ്ദ നിമിഷങ്ങളിലാകാം. ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാനും, പിഴവുകൾ തിരുത്തി ഭാവി ക്രമീകരിക്കാനും ഇത്തരം ‘ബോറടി ഗ്യാപ്പുകൾ’ നമ്മെ സഹായിക്കുന്നു. ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോന്ന വലിയ തീരുമാനങ്ങൾ പിറവിയെടുക്കുന്നത് ഇത്തരം നിമിഷങ്ങളിൽ നിന്നാവാം.
എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇത്തരം ഇടവേളകളെ നാം ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ കൃത്യമായി ഈ ഗ്യാപ്പുകളെ അടച്ചുകളയുന്നു. മിനിറ്റുകൾ നീളുന്ന വീഡിയോകളിൽ നിന്ന് മാറി സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള റീലുകളിലേക്കും ഷോർട്ട്സിലേക്കും നാം ചുരുങ്ങുന്നു. വീഡിയോകളുടെ വേഗത 1.5x-ഉം 2x-ഉം ആക്കി വർദ്ധിപ്പിക്കുമ്പോൾ, ചിന്തിക്കാൻ കിട്ടുന്ന ആ ചെറിയ സമയം പോലും നാം ഇല്ലാതാക്കുന്നു. അറിവ് നേടാനുളള ഉപയോഗത്തിനപ്പുറം, ലക്ഷ്യമില്ലാത്ത ‘ഡൂം-സ്ക്രോളിംഗ്’ (Doom-scrolling) ഇത്തരം ഇടവേളകളുടെ കൊലയാളിയായി മാറുന്നു. ഇത് നമ്മുടെ ചിന്താശേഷിയെയും സർഗ്ഗാത്മകതയെയും തളർത്തുന്നു.
ജീവിതം എന്നത് സംഭവബഹുലമായ ഒന്നാണെന്നും, അതിനിടയിൽ അല്പം ബോറടിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള ബോധ്യം നമുക്കുണ്ടാവണം. എന്നാൽ ബോറടിയിൽ മാത്രം മുഴുകി ജീവിതം നശിപ്പിക്കാനും പാടില്ല. അത് സമയത്തോടും നമ്മളോട് തന്നെയുമുള്ള ക്രൂരതയാണ്. തിരക്കിനെയും തിരക്കില്ലായ്മയെയും കൃത്യമായി സംയോജിപ്പിച്ചുകൊണ്ട്, ബോറടിയുടെ ആ ‘കൈപ്പുള്ള മാധുര്യം’ തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കണം.