ഡൽഹിയിലേക്കൊരു മടക്കം

263

“ഡിയർ പാസ്സന്ജര്സ് വീ ആർ റെഡി ഫോർ ടച്ച് ഡൌൺ …… താങ്ക് യു ഫോർ ഫ്ലയിങ് വിത്ത് അസ് …….” അപ്പോഴാണ് ഉറക്കത്തിൽ നിന്നും ഉണരുന്നത്. ഒരു മാസത്തെ ലീവിന് ശേഷം ഡൽഹിയിലേക്ക് തന്നെ വിമാനത്തിൽ തിരിച്ചു പോവുകയാണ്. ഹൃദയം വല്ലാതെ തുടിക്കുന്നു. നെഞ്ച് പിടയുന്നു. സ്വന്തം ഉമ്മയെയും ഉപ്പയെയും കുടുംബക്കാരെയും നാട്ടുകാരെയും വിട്ടേച് പോവുന്ന ആർക്കും ഉണ്ടാകും ഈയൊരു അവസ്ഥ.


ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ പുലർച്ചെ 1:30. നാട്ടിൽ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാത്രി 10 മണിക്ക് പുറപ്പെട്ടതാണ്. മൂന്നര മണിക്കൂർ യാത്ര. കരിപ്പൂരിൽ നിന്നും എന്നെ യാത്രയാക്കാൻ സാധാരണ ഉപ്പയും ഉമ്മയും പിന്നെ ഇക്കയും ആണ് വരാറുള്ളത് . ഈ തവണ വലിയുമ്മയും കൂടി വന്നിട്ടുണ്ട്. വൈകി പോകേണ്ട എന്ന് കരുതി വീട്ടിൽ നിന്നും നേരത്തെ തന്നെ പുറപ്പെട്ടിരുന്നു. ഹൈവേയിൽ ആണെങ്കിൽ ഹെവി ട്രാഫിക്കും. നേരത്തെ പുറപ്പെട്ടത് നന്നായി. വിമാനത്താവളതിന് അടുത്തെത്തിയപ്പോൾ, അടുത്തുള്ള പള്ളിയിൽ കയറി മഗ്‌രിബും ഇശായും കൂടി നമസ്കരിച്ചു. പിന്നെ വീട്ടിൽ നിന്നും പൊതിഞ്ഞു കൊണ്ടുവന്ന ഉമ്മയുടെ അരിപ്പത്തിരയും ചിക്കൻ കറിയും കഴിച്ചു. ദാഹശമനത്തിന് മുമ്പിലുള്ള ചായ കടയിൽ കയറി ഞാനും ഉപ്പയും ഇക്കാക്കയും ഓരോ ചായ വാങ്ങി കുടിച്ചു. ഞാനും ഉപ്പയും കട്ടൻ. ഇക്ക പിന്നെ റിച്ച് ആയതുകൊണ്ട് പാൽചായ.
സമയം വൈകിക്കേണ്ട എന്ന് കരുതി എയർപ്പോർട്ടിലേക്ക്‌ വണ്ടി തിരിച്ചു. അകത്തേക്ക് കടക്കാൻ നേരം പതിവ് പോലെയുള്ള ചുംബനവും ഉപ്പയുടെ വക കെട്ടിപ്പിടിക്കലും. എല്ലാവരുടെ മനസ്സിൽ സങ്കടമുണ്ടെങ്കിലും ആരുമത് പുറത്തു കാണിച്ചില്ല. എന്നാലും അവരുടെ ഇടറിയ സ്വരത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഞാൻ അകത്തു കയറി സുരക്ഷാ പരിശോധനകളും കഴിഞ്ഞു ഗേറ്റിനരികിൽ ഇരുന്നു. ആ ഇരുപ്പ് ഏകദേശമൊരു ഒരു മണിക്കൂർ ആയിക്കാണും. പക്ഷെ എന്റെ കയ്യിൽ വായിക്കാൻ മലയാള മനോരമയുടെ ഭാഷാപോഷിണി മാസിക ഉള്ളതുകൊണ്ട് ബോറടിച്ചില്ല. അതിന് പുറമെ ഖത്തറിലുള്ള പെങ്ങളെയും കുട്ടിയോളെയും വീഡിയോ കാൾ അടിച്ചു. അവസാനം കാത്തിരിപ്പിന് ശേഷം, അന്നൗൺസ്‌മെന്റ് വന്നു, …..” പാസ്സന്ജര്സ് സീറ്റ് നമ്പർ 10-20 പ്ളീസ് ബോർഡ് ദി ഫ്ലൈറ്റ്.” വിമാനത്തിൽ കയറാനുള്ള വിളിയായിരുന്നുവത്.

അങ്ങനെ അവസാനം കേരളീയ മണ്ണിൽ നിന്നും വിമാനത്തിലേക്ക് കയറി. ഏകദേശം വിമാനത്തിന്റെ മദ്ധ്യഭാഗത്തു ജനലിനരികെ ആയിരുന്നു എന്റെ സീറ്റ്. കയ്യിലുള്ള ബാഗ് മുകളിൽ വെച്ചു സീറ്റിൽ ഇരുന്നു. ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്യുന്നതിന് മുമ്പായി അവസാനമായി ഉപ്പയെ വിളിച്ചു. “ഉപ്പാ……. എവിടെ എത്തി ങ്ങള് ? ഞാൻ ഫ്ലൈറ്റിൽ കയറിയിട്ടുണ്ട്. ഇനി നമുക്ക് അടുത്ത തവണ കാണാം.” ഞാൻ വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് തന്നെ അവർ വീട്ടിൽ എത്തിക്കഴിഞ്ഞു എന്നുപോലും. . എന്താ കഥ!!!! പത്തു മിനിട്ടുകൾക്ക് ശേഷം ലൈറ്റെല്ലാം കെടുത്തി. കേരളീയ മണ്ണിൽ നിന്നും വിമാനം ടേക്ക്ഓഫ് ചെയ്തു. ആ സമയത്തുള്ള എന്റെ ഹൃദയത്തിന്റെ സ്പന്ദനം അവർണ്ണനീയമായിരുന്നു. നെഞ്ചിൽ വല്ലാത്തൊരു കത്തൽ. അല്പം പിന്നീട് ഞാൻ മയക്കത്തിലേക്ക് ആണ്ടുപോയി കഴിഞ്ഞിരുന്നു.

ഡൽഹി എയർപോർട്ടിലെ ബാഗ്ഗജ് ട്രോളിക്ക് അരികെ നിൽക്കുകയാണ് ഞാൻ. അപ്പോഴാണ് ഈ ഓർമകളെല്ലാം ഒരു മഴ വെള്ളപ്പാച്ചല്ലെന്ന പോലെ മനസ്സിലേക്ക് കുത്തിയൊഴുകി വന്നത്. എന്റെ കൂടെ വന്ന മിക്കവരും അവരുടെ ബാഗുകൾ എടുത്തു പോയി കഴിഞ്ഞിട്ടുണ്ടായിരുന്നു. അവസാനം എന്റെ രണ്ട് ബാഗുകൾ മാത്രം ട്രോളിയിലൂടെ കറങ്ങി കറങ്ങി വരുന്നുണ്ട്. ഞാൻ അവ രണ്ടും എടുത്ത് എന്താണെന്ന് ചെയ്യുക എന്നോർത്തു കുറച്ചു അവിടെ നിന്നു . റൂമിലേക്ക് ഇപ്പോൾ തന്നെ പോകണോ, അതോ കുറച്ചു ഇവിടം മങ്ങിയിട്ട് പോയാൽ മതിയോ? സമയം 1:30 ആയിട്ടേ ഉളളൂ. റൂമിലെല്ലാവരും നിദ്രയിലായിരിക്കും. എനിക്കാണെങ്കിൽ, വല്ലാതെ ഉറക്കവും വരുന്നു. ഫ്ലൈറ്റിൽ നല്ലവണ്ണം ഉറങ്ങാൻ കഴിഞ്ഞില്ല. അവസാനം ഒരു തീരുമാനം എടുത്തു……കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോകാം. എയർപോർട്ടിൽ ഭയങ്കര തിരക്ക്. ഇരിക്കാൻ ഒരു സീറ്റും കാണുന്നില്ല. തിരഞ്ഞു തിരഞ്ഞു അവസാനം ഒരു സീറ്റ് കണ്ണിൽ പെട്ടു. ഒന്നും നോക്കിയില്ല പെട്ടന്ന് തന്നെ അവിടെ പോയി ഇരുന്നു. “……നീ എപ്പോഴാണോ അവിടെ എത്തുന്നത് അപ്പോൾ തന്നെ നീ ഞങ്ങളെ വിളിക്കേണം. നമ്മുടെ ഉറക്കം ഒന്നും നീ നോക്കണ്ട.” എന്ന് നാട്ടിൽ നിന്നും പോരുമ്പോൾ ഉപ്പ പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഞാൻ ഉപ്പയെ വിളിച്ചു,” ഞാൻ ഇവിടെ എത്തിയിട്ടുണ്ട്….ഇപ്പോൾ എത്തിയിട്ടേ ഉളളൂ”.

എനിക്ക് അവിടെ ഇരുന്നിട്ടും ഉറക്കം കിട്ടുന്നില്ല. ബാഗിൽ നിന്നും മാസിക എടുത്തു വായിക്കാൻ തുടങ്ങി. പക്ഷെ വായിക്കാനും മനസ്സ് സമ്മതിക്കുന്നില്ല. എന്റെ മനസ്സ് കഴിഞ്ഞു പോയ നാട്ടിലെ ഓർമകളിൽ അലയുകയാണ്. കടലിലെ തിരമാലകൾ ശക്തിയിൽ അടിച്ചു വരുന്നതുപോലെ പഴയകാല ഓർമ്മകൾ മനസ്സിലേക്ക് അടിച്ചു കയറുകയാണ്. ഉറക്കെ ചങ്ക് പൊട്ടി കരയണം എന്നുണ്ട്. പക്ഷെ കഴിയുന്നില്ല. ഹൃദയം വല്ലാതെ വേഗത്തിൽ സ്‌പന്ദിക്കുന്നു. ഓർമ്മകൾ എത്ര മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയുന്നില്ല. മനസ്സിൽ പശ വെച്ച് ഒട്ടിച്ചതുപോലെ.