അമ്മയെന്ന രണ്ടക്ഷരം

150

ആയിരക്കണക്കായ വാക്കുകളുള്ള ‘ശബ്ദതാരാവലി’യിലെ ഏറ്റവും കാവ്യാത്മകമായ വാക്ക് ഏതാണെന്ന ഒരു ചിന്ത പ്രശസ്ത എഴുത്തുകാരൻ അശോകൻ ചെരുവിൽ അമ്മയോർമ എന്ന പുസ്തകത്തിലെ തൻ്റെ ലേഖനത്തിൽ വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. അമ്മ എന്ന രണ്ടക്ഷരത്തോളം സംഗീതാത്മകമായ വാക്ക് വേറെയില്ല എന്ന് സ്വന്തം അമ്മയുനുഭവങ്ങളിലൂടെ സമർഥിച്ചു കൊണ്ടാണ് അദ്ദേഹം 4 പേജുള്ള തൻ്റെ അമ്മയനുഭവ ലേഖനം അവസാനിപ്പിക്കുന്നത്.
ഒരു മാസം മുമ്പാണ്, കണ്ണൂരിലെ കൈരളി ബുക്സ് അന്വേഷിച്ച് അവർ പ്രസിദ്ധീകരിച്ച ഒരു പുസ്തകം വാങ്ങാൻ ഞാൻ ബുക്സ്റ്റാളിലെത്തിയത്. അന്വേഷിച്ച പുസ്തകം കിട്ടി. അത് ബില്ലാക്കുന്നതിനിടയിലാണ് റഹ്മാൻ കിടങ്ങയം എഡിറ്റ് ചെയത ‘അമ്മയോർമ്മ’ യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടത്. ഈ ബുക്കിനെ പറ്റി ഞാൻ മുമ്പ് കേട്ടിരുന്നു. പുസ്തകം ഒന്നോടിച്ച് മറിച്ചു നോക്കി, രാഷ്ടീയ, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായ അമ്പതോളം പേരുടെ അമ്മയനുഭവങ്ങൾ മനോഹരമായി കോർത്തു വെച്ച ഒരു മുത്തുമാല പോലെ എനിക്കാ പുസ്തകം ഹൃദ്യമായി അനുഭവപ്പെട്ടു.
295 പേജുള്ള പുസ്തകത്തിൻ്റെ ഒന്നാം എഡിഷൻ ഇറങ്ങിയത് 2011 ൽ. ഇത് നാലാം പതിപ്പ് , 420 രൂപ. പുസ്തകം എടുത്ത് ഇത് കൂടി ബില്ലാക്കാൻ പറഞ്ഞു. ആദ്യമെടുത്ത ബുക്കും ഇതും കൂടി 15 ശതമാനം കിഴിവോടെ പുസ്തകം വാങ്ങി.
കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ മുമ്പത്തെപ്പോലെ വായന സമൃദ്ധമായി ഇല്ലെങ്കിലും എല്ലാ മാസവും കനപ്പെട്ടതും വിലപ്പെട്ടതുമായ ഒരു പുസ്തകം ഭാഗികമായോ പൂർണമായോ വായിക്കുന്ന ശീലം നിലനിർത്തുന്നു.

രണ്ട് ദിവസം മുമ്പ് ഡിസംബറിലെ പുസ്തകം എന്ന നിലയിൽ അമ്മയോർമ്മ കൈയിലെടുത്തു. നിത്യചൈതന്യയതി, ബാബു ഭരദ്വാജ് എന്നിവരുടെ അമ്മയനുഭവം ആദ്യം വായിച്ചു. പിന്നീട് വായിച്ചത് കുറുവാക്കുകൾ കൊണ്ട് ആനുകാലികങ്ങളിൽ പൊള്ളുന്ന ആശയങ്ങളുടെ കവിത വിരിയിക്കുന്ന പി.കെ.പാറക്കടവിൻ്റെ ഉമ്മയനുഭവം. പിന്നീട് കൈരളിക്ക് കണ്ണൂരിൻ്റെ സംഭാവനയായ,സാഹിത്യ പ്രതിഭകളായ ശിഹാബുദ്ദീൻ പൊയ്തും കടവ്, അശ്രഫ് ആഡൂര്, ഇയ്യ വളപട്ടണം തുടങ്ങിയവരുടെ ഉമ്മയോർമകളും അത് എങ്ങനെ അവരുടെ ജീവിതത്തെ സ്വാധീനിച്ചു എന്നതും ഹൃദയ സ്പർശിയായ അനുഭൂതിയോടെ വായിച്ചു.

വി. എസ്. അച്ചുതാനന്ദൻ, ഇ.കെ. നായനാർ, ഇ.ടി. മുഹമ്മദ് ബഷീർ, എം. ടി. വാസുദേവൻ നായർ, എസ് .കെ. പൊറ്റക്കാട് ,യു.എ. ഖാദർ തുടങ്ങി അമ്പതോളം പേർ അവരുടെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ച അമ്മ എന്ന രണ്ടക്ഷരത്തെ ജീവിതത്തിലെ മങ്ങാത്ത, മായാത്ത പ്രകാശാനുഭവമായി വായനക്കാരുമായി പങ്കു വെക്കുമ്പോൾ അത് 45 ജീവിതാനുഭവങ്ങളുടെ 45 പാഠപുസ്തകമായി വായനക്കാർക്കനുഭവപ്പെടുകയാണ്.

വസൂരി ബാധിച്ച് ഒറ്റക്കൊരു ഓലപ്പുരയിൽ പാർപ്പിച്ച അമ്മയെ മരിക്കുന്നതിൻ്റെ ഏതാനും ദിവസം മുമ്പ് 8 വയസ്സുള്ള മകൻ അച്ചുതാനന്ദൻ അനുജത്തിയെയും കൂട്ടി പാടവരമ്പത്തൂടെ നടന്നെത്തി ജനലിനപ്പുറത്തും ഇപ്പുറത്തും നിന്ന് സംസാരിച്ചതും തിരിച്ചു പോരുമ്പോൾ അവശയായ അമ്മ കൈ വീശി യാത്രയാക്കിയതുമായ അവസാനത്തെ അമ്മയനുഭവം കാലമേറെ കഴിഞ്ഞാലും മായാത്ത മുദ്രയായി മനസ്സിനെയും ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട് എന്ന് ജീവിതാനുഭവങ്ങൾ ഏറെ കണ്ട മുൻ മുഖ്യമന്ത്രി കൂടിയായ വി എസ്. അച്ചുതാനന്ദൻ ഓർക്കുന്ന ഭാഗം വല്ലാത്ത ഹൃദയസ്പർശി തന്നെയാണ്.
ഏതായാലും ഒന്നിലധികം അമ്മയോർമകളുടെ അമ്മയനുഭവ പുസ്തകം വായിക്കാൻ സാധിച്ച ചാരിതാർഥ്യത്തോടെയാണ് ഞാൻ 2025നെ യാത്രയാക്കുന്നത്! 2026 നെ വരവേൽക്കുന്നത്..

അനുബന്ധം
എൻ്റെ ഉമ്മയെ പറ്റി ഒരു അനുഭവം എഴുതി സൂക്ഷിക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എൻ്റെ സ്നേഹിതരും പരിചയക്കാരുമായ ചിലരെ പറ്റി ഞാൻ ഓർത്തത്. മരണപ്പെട്ട ഉമ്മയെ പറ്റി മരിക്കാത്ത ഓർമകൾ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് നിങ്ങളെങ്കിൽ അത് ഒരു നാലോ അഞ്ചോ A4 പേപ്പറിൽ എഴുതൂ. ഞാൻ ഏതായാലും എഴുതുന്നുണ്ട്. ഈ സന്ദേശം ഞാനവർക്ക് കൈമാറി . എൻ്റെതിന് പുറമെ 15 പേരുടെത് എഴുതിക്കിട്ടി. ഞങ്ങൾ അപ്രശസ്തർ,സാധാരണക്കാർ ഉമ്മയെ പറ്റി എഴുതി. ചിലതൊക്കെ എഡിറ്റ് ചെയ്തു നന്നാക്കി. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ലേഖനമെഴുതിയിട്ടില്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അവരും സ്വന്തം ഉമ്മയെ പറ്റി എഴുതിയപ്പോൾ ആ എഴുത്തിന് വല്ലാത്തൊരു ചാരുത! ഞങ്ങളുടെ കൂട്ടായ്മ ‘ഉമ്മയോർമകൾ’ അച്ചടിച്ചു വീതിച്ചെടുത്തു ഞങ്ങളുടെ ഫാമിലിയിലും കൂട്ടായ്മയിലും വിതരണം ചെയ്തു.അത് വായിച്ച ഞങ്ങളുടെ ഫാമിലിയിലും സ്നേഹിതരിലും ഞങ്ങളുടെ ഉമ്മമാർ ഇന്നും മരിക്കാതെ ജീവിക്കുന്നു. ഇതിനെക്കാൾ വലിയ സന്തോഷം മറ്റെന്താണുള്ളത്!