ലബ്ബൈക്‌’: ഒരു ഹജ്ജ്‌ യാത്രാ ഓർമകൾ

167

ഹജ്ജ് സേവനത്തിന് ആളെ എടുക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ ഞാനും കൂട്ടുകാരൻ കലാമും പാസ്പോർട്ടും കൊണ്ട് ഓടിയത് ഹജ്ജ് ചെയ്യണം എന്നുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് തന്നെയായിരുന്നു. ട്രാവൽസിൽ കൊടുക്കുന്ന പണത്തിന്റെ പകുതി മാത്രമേ ശമ്പള ഇനത്തിൽ കിട്ടുള്ളൂ എന്ന് പറഞ്ഞപ്പോഴും 22 ആം വയസ്സിൽ ഹാജി ആകാനുള്ള പൂതി കൊണ്ട് എല്ലാം സമ്മതിച്ചു.
യാത്ര തുടങ്ങിയപ്പോൾ മനസ്സിലായി പല ജില്ലകളിൽ നിന്നായി ഞങ്ങളെക്കാൾ ചെറുതും വലുതുമായ 23 ഹാജിമാർ വേറെയും ഉണ്ടെന്ന്. എറണാകുളം മുംബൈ റിയാദ് മദീന തുടങ്ങിയ സ്ഥലങ്ങളിലൂടെ കാർ, ട്രെയിൻ, ഫ്ലൈറ്റ്, ബസ്സ് മുതലായ വാഹനങ്ങളിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന യാത്ര. റമളാനിന് മുന്നേ അവിടെ എത്തണം.
പിള്ള മനസ്സിൽ കള്ളമില്ലാത്തത് കൊണ്ട് കമ്പനിയോടൊന്നും ആലോചിക്കാതെ നമ്മൾ മുംബൈ എയർപോർട്ടിൽ വെച്ച് ഇഹ്റാം ചെയ്തു. ഒരു ഉംറ നിർവഹിച്ചിട്ടാകാം ബാക്കി. പക്ഷെ റിയാദിൽ എത്തിയപ്പോൾ കഥ മാറി. ഇവിടെ ജോലിക്കാരായി വന്നവർ ആണ് നിങ്ങൾ ആദ്യം ജോലിയിൽ പ്രവേശിക്കു ബാക്കി കാര്യം പിന്നെ…
ആട് ജീവിതത്തിലെ നജീബിനെ പോലെ പെട്ടുപോയല്ലോ എന്ന ചിന്തയിൽ എല്ലാവരും തലങ്ങും വിലങ്ങും നോക്കി. കൂട്ടത്തിലെ മുറിവൈദ്യന്മാർ ഹുദൈബിയ സന്ധിയെ ഓർമ്മിപ്പിച്ചുകൊണ്ട് പ്രവാചകൻ ഇഹ്റാം അഴിച്ച കഥ പറഞ്ഞു ആശ്വസിപ്പിച്ചു.
പല കളറിലുള്ള യൂണിഫോം ധരിച്ച് മദീനയിലെ തൊഴിലാളി ക്യാമ്പിലേക്ക് ആനയിക്കപ്പെട്ടു. പലരും പല സ്ഥലങ്ങളിലേക്കും നിയോഗിക്കപ്പെട്ടെങ്കിലും എന്റെ പച്ചകുപ്പായം നിയോഗിക്കപ്പെട്ടത് മദീനയിലെ സം സം ഫില്ലിംഗ് സ്റ്റേഷനിൽ ആയിരുന്നു.
അന്ന് മദീനയിലെ റൗളാ ശരീഫ്ൽ സന്ദർശകർക്ക് രാത്രികാല വിലക്ക് ഉണ്ടായിരുന്നു. പ്രവാചകന്റെ ഖബറിനരികെ റൗളാ ശരീഫിൽ രാത്രി സംസം വെള്ളം വെക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ സുബഹി വരെ ഒറ്റക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞത് ലോകത്തിൽ തന്നെ അപൂർവ്വം ആളുകൾക്ക് കിട്ടിയ ഭാഗ്യത്തിൽ ഒന്നായി കാണുന്നു. അൽഹംദുലില്ലാഹ്. റൗളാ ശരീഫിനെ കൂടുതലായി അറിയുന്നത് കാലങ്ങൾക്ക് ശേഷം ആണെന്ന് മാത്രം.

റമദാനിലെ അവസാനത്തെ 10 ആയപ്പോഴേക്കും ഉംറ ചെയ്യുക എന്ന മോഹം അടക്കാൻ കഴിയാതെ വന്നപ്പോൾ മക്കയിലേക്കുള്ള മതിയായ രേഖകൾ ഒന്നുമില്ലാതെ ഞങ്ങൾ കുറച്ചു പേർ പുറപ്പെട്ടു. വിവേകത്തിനെ വികാരം നിയന്ത്രിക്കുന്ന പ്രായം.
ഏറെ കൊതിച്ച കഅബാലയം അന്നാദ്യമായി കണ്ടു. അമീറായി കയ്യിലുള്ള ഒരു കൈ പുസ്തകം മാത്രം കൊണ്ട് ഉംറയും ചെയ്തു അന്ന് രാത്രി തന്നെ മദീനയിലേക്ക് മടങ്ങി.
രണ്ടുദിവസം കഴിഞ്ഞ് പെരുന്നാളിന് മറ്റൊരു സന്തോഷം കമ്പനി ഞങ്ങളെ അറിയിച്ചു. അടുത്തയാഴ്ച കമ്പനി വക എല്ലാ തൊഴിലാളികൾക്കും ഉംറക്ക് പോകാം. റമളാൻ കഴിയുകയും ഹാജിമാർ വന്നെത്തുന്നതിന്നു മുന്നേയുമുള്ള മക്കയുടെ ശാന്തമായ ഒരു മുഖവും അന്നാദ്യമായി കണ്ടു. റമദാനിൽ ഏറെ ദൂരെ നിന്ന് ഹജറുൽ അസ്‌വതിനെ നോക്കി കൈയുയർത്തി എങ്കിൽ, ഞങ്ങൾ 25 പേർക്ക് മാത്രമായി ഹജറുൽ അസ്വദ് ഒരുങ്ങി നിന്നു. മതിയാവോളം ചുംബിക്കാൻ…
അടുത്തത് ഏറെ കൊതിച്ച ഹജ്ജ് ആയിരുന്നു. അവിടെയും കമ്പനി വാക്ക് പാലിച്ചു. തല നീണ്ടുനിൽക്കുന്ന അപശബ്ദങ്ങൾ ഏറെയുള്ള ഒരു പഴയകാല ബസ്സിൽ മക്കയിൽ എത്തിച്ചു തരും അത് മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്വം. അടുത്ത ആഴ്ച ഹജ്ജ് കഴിഞ്ഞ് ഈ സ്പോട്ടിൽ തന്നെ ഉണ്ടാകണമെന്ന് ഉപദേശവും. വാഹനവും, ടെൻറ്റും,അമീറും ഒന്നുമില്ലാത്ത ത്യാഗത്തിന്റെ ഹജ്ജ്.
കർമ്മങ്ങൾ തുടങ്ങുന്നതിനു മുന്നേ ഞങ്ങൾ 25 പേരും ഒരു തീരുമാനമെടുത്തു. ഗ്രൂപ്പോ,അമീറോ ഇല്ലാത്ത ഒരു ഹജ്ജ് ആണ് നമ്മൾ ചെയ്യാൻ പോകുന്നത്. അതുകൊണ്ട് ആരും കൂട്ടം തെറ്റി പോകരുത്. അന്ന് മൊബൈൽഫോൺ ഇറങ്ങിയ കാലമാണെങ്കിലും നമുക്കത് കിട്ടാക്കനി ആയിരുന്നു.
ഹജ്ജ് കർമ്മത്തിന്റെ തുടക്കത്തിന്റെ ആദ്യ ത്വവാഫ് കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. ഞാനും കലാമും തനിച്ചായി. ബാക്കി 23 പേരും മിസ്സായി.

നമ്മൾ രണ്ടുപേരും മാത്രമേ ഇനിയുള്ളു ഒരു കാരണവശാലും നമ്മൾ പിരിയരുത് എന്ന തീരുമാനം ഒരു മണിക്കൂർ പോലും നീണ്ടു നിന്നില്ല. നമ്മളും പിരിഞ്ഞു.
കയ്യിൽ മതിയായ പണമില്ലെങ്കിലും ഭക്ഷണത്തിന് കാര്യമായ മുട്ടില്ലായിരുന്നു. വഴിനീളെ ഭക്ഷണപ്പൊതിയും ജ്യൂസും എറിഞ്ഞു കൊടുക്കുന്ന കുറെ ആളുകൾ. മിനയും മുസ്തലിഫയും കടന്ന് അറഫയിലേക്കുള്ള യാത്ര അന്ന് ഏകദേശം 20 കിലോമീറ്റർ പൂർണ്ണമായി കാൽനടയായി, ഒഴുകുന്ന പാൽക്കടലിൽ ഞാനും അലിഞ്ഞു ചേർന്നു……
ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്…….
അറഫയിലെ പകലിന്റെ നീണ്ട നിൽപ്പിന് ശേഷം അസ്തമയത്തോടെ മുസ്തലിഫയിലേക്ക് മടങ്ങി. മുസ്തലിഫയിലെ രാപ്പാർക്കൽ ഹജ്ജിന്റെ ഭാഗമാണല്ലോ. മുസ്തലിഫ അന്ന് ടെണ്ടുകളില്ലാത്ത സ്ഥലം ആയതുകൊണ്ട് തന്നെ മുഴുവൻ ഹാജിമാരും റോഡിനെ അഭയം പ്രാപിച്ചു. കിടക്കാൻ പോയിട്ട് കാലു കുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. കിടക്കാനുള്ള സ്ഥലം തേടി തൊട്ടടുത്തുള്ള കുന്നിന്റെ മുകളിലേക്ക് ചില ആളുകൾ കയറുന്നത് കണ്ടപ്പോൾ ഞാനും അവരെ പിന്തുടർന്നു..
കഷ്ടിച്ച് ചുരുണ്ടുകൂടാനുള്ള ഒരു സ്ഥലം കണ്ടെത്തിയപ്പോഴാണ് ഇഹ്റാമിൽ എന്നപോലെ വെളുത്ത ഒരു പുഴുവിനെ കാണുന്നത്. അതോടെ ഉറക്കവും നഷ്ടപ്പെട്ടു.
സൂര്യനു താഴെയുള്ള അറഫയിലെ നിൽപ്പും, മുസ്തലിഫയിലേക്കുള്ള നടപ്പും ഹാജിമാർക്ക് ഏറ്റവും ക്ഷീണമേറിയതാണ്. കുന്നിന്റെ മുകളിൽ നിന്നുകൊണ്ട് ഒഴുക്ക് നിലച്ച പാൽക്കടലിലേക്ക് നോക്കി നിന്ന് ഞാൻ നേരം വെളുപ്പിച്ചു.
അടുത്തത് മിനായിലേക്കാണ്. സ്വർഗ്ഗത്തിൽ നിന്നും പുറത്താകാനും, ഈ കഷ്ടപ്പാടിനൊക്കെ കാരണക്കാരനുമായ ശൈത്വാനെ കല്ലെറിയണം.
ട്രാഫിക്കിലെ തകരാറു കൊണ്ടോ എന്തോ ഞങ്ങൾ സഞ്ചരിച്ച വഴിയിലേക്ക് തന്നെയാണ് കല്ലെറിഞ്ഞു മടങ്ങി വന്ന ഹാജിമാരും കൂടിച്ചേർന്നത്. നിയന്ത്രിക്കാൻ ആകാത്ത തിരക്ക്. പലരും കുഴഞ്ഞുവീണു. വീണവർക്ക് മുകളിലേക്ക് ആളുകൾ ചവിട്ടി കയറി. ഉടുത്തിരുന്ന ഇഹ്റാം വസ്ത്രം ഒഴികെ മുഴുവൻ സാധനങ്ങളും എനിക്ക് നഷ്ടപ്പെട്ടു. തക്ബീർ കൂട്ട നിലവിളികളായി മാറി.അടുത്ത് പാർക്ക് ചെയ്തിരുന്ന ബസ്സ് ഹെലികോപ്റ്റർ ഉയർത്തിക്കൊണ്ടുപോകുന്നതുവരെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മരണത്തെ മുഖാമുഖം കണ്ടെങ്കിലും തൊട്ടടുത്ത ഗേറ്റ് തുറക്കപ്പെടുകയും പിന്നിൽ നിന്നും ആരോ എടുത്തെറിയുന്ന പോലെ ഒരു ടെന്റിനകത്ത് വന്നു വീഴുന്ന കുറെ ആളുകൾ. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഒരല്പനേരം സുജൂദിൽ കിടന്നു. ശ്വാസം തിരികെ കിട്ടിയപ്പോൾ പിന്നെയും മുന്നോട്ട് ഓടി, തിരിഞ്ഞു നോക്കാൻ ധൈര്യമില്ലാതെ. ആ തിരക്കിൽ 14 പേർ മരണപ്പെട്ടു എന്ന് പിന്നീട് അറിഞ്ഞു.
ജംറയിലെ കല്ലേറ് എങ്ങിനെയോ കഴിഞ്ഞ് ഒരു ടെന്റിന്റെ തണലിൽ തീർത്തും അവശനായി കിടക്കുമ്പോൾ ഒരു വേള ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന ചിന്ത പോലും ശൈത്വാൻ ഹൃദയത്തിൽ തന്നു. നഊദുബില്ലാഹ്
ഉറക്കത്തിലേക്ക് കണ്ണ് വഴുതി വീഴുമ്പോൾ ആണ് ഷഹീറേ എന്ന നീണ്ട വിളി കേൾക്കുന്നത്. എന്റെ കണ്ണിനെ വിശ്വസിക്കാൻ കഴിഞ്ഞില്ല മലപ്പുറത്തുകാരനായ മൂസാ ഹാജി.
മദീനയിൽ വച്ച് പരിചയപ്പെട്ടതാണ്. അവരുടെ ഗ്രൂപ്പ് ഹജ്ജിനായി ആദ്യം മദീനയിലേക്കാണ് വന്നത്. മദീനയിലുള്ളപ്പോൾ അവർ താമസിച്ച ഹോട്ടലിൽ എനിക്ക് പാർടൈം ജോലിയുണ്ടായിരുന്നു..ദിവസവും അദ്ദേഹത്തെ കാണും. വിശേഷങ്ങൾ പങ്കുവെക്കും.
ഞാൻ തളർന്നുറങ്ങിയത് അദ്ദേഹത്തിന്റ ട്ടെന്റിന് അരികിലായിരുന്നു. ഒരു പിതാവിനെപ്പോലെ അദ്ദേഹം എന്നെ ചേർത്ത് നിർത്തി എല്ലാ സങ്കടങ്ങളും ഒറ്റയടിക്ക് മാറി. ഭക്ഷണം തന്നു എന്നെ ടെൻറ്റിനുള്ളിൽ കിടത്തി ഉറക്കി. സ്തുതി അല്ലാഹുവിന് മാത്രം .
വിടവാങ്ങൽ ത്വവാഫിന് അല്ലാഹുവിന്റെ തീരുമാനം എന്നോണം പിരിഞ്ഞു പോയ എല്ലാവരെയും കണ്ടുമുട്ടി. ധരിച്ച മേൽമുണ്ടും പണവും ഉൾപ്പെടെ ഏറ്റവും കൂടുതൽ കഷ്ടതയും നഷ്ടവും അനുഭവിച്ച കലാം പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഓടിവന്നത്.
അപശബ്ദത്തിന്റെ, നീണ്ട തലയുള്ള കമ്പനിയുടെ രഥമെത്തി. എല്ലാവരും അതിൽ കയറി. വരുമ്പോൾ ഉണ്ടായിരുന്ന സന്തോഷമൊന്നും ആർക്കും മടക്കയാത്രയിൽ ഇല്ലായിരുന്നു. ത്യാഗത്തിൽ എന്തോ നേടിയതിന്റെ നീണ്ട മൗനം. വാഹനത്തിൽ വച്ച് കലാം പറഞ്ഞ വാക്കുകൾ ഞാൻ ഇന്നും ഓർക്കുന്നു. ” ലക്ഷങ്ങൾ മുടക്കി നീണ്ട ത്യാഗങ്ങൾ സഹിച്ചുവരുന്ന ആളുകൾക്കൊപ്പം എത്താൻ നമ്മളും എന്തെങ്കിലുമൊക്കെ അനുഭവിക്കേണ്ടേ?”…
മരുഭൂമിയുടെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അപശബ്ദത്തിന്റെ രഥം മദീനയെ ലക്ഷ്യമാക്കി നീങ്ങി.
പ്രവാചകന്റെ മദീന….