ഞാനൊരു കഥ പറയട്ടെ!- ഭാഗം 2
ഖത്തീബുൽ ബാഗ്ദാദി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ പണ്ഡിതൻ അബൂബക്കർ അഹ്മദ് ബ്നു അലി “ബാഗ്ദാദിന്റെ ചരിത്രം” എന്ന പുസ്തകത്തിൽ വിവരിക്കുന്ന ഒരു സംഭവമുണ്ട്.
ബസ്വറയിലെ ഖാദ്വിയായിരുന്ന ഉബൈദുല്ലാ ബ്നുൽ ഹസൻ പറയുന്നു:
എനിക്ക് അനറബിയായ ഒരു ഭൃത്യയുണ്ടായിരുന്നു. അവളുടെ സൗന്ദര്യം വാക്കുകൾക്കതീതമാണ്. എനിക്ക് അവളോട് വലിയ പ്രിയമായിരുന്നു.
ഒരു രാത്രിയിൽ, എന്റെ മുറിയോട് ചേർന്ന് ഉറങ്ങാറുണ്ടായിരുന്ന അവളെ ഞാനുണർന്നപ്പോൾ കണ്ടില്ല. അവൾക്ക് എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാവുമോ.? വല്ലാത്ത പരിഭ്രമത്തോടെ ഞാൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ അവളെ സുജൂദിലായി കണ്ടു.
അവൾ ഇപ്രകാരം പ്രാർത്ഥിക്കുകയായിരുന്നു; “നിനക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് എനിക്ക് നീ പൊറുത്തു തരേണമേ റബ്ബേ…”
അപ്പോൾ ഞാനവളോട് പറഞ്ഞു; “അങ്ങനെയല്ല എനിക്ക് നിന്നോടുള്ള ഇഷ്ടം കൊണ്ട് എനിക്ക് പൊറുത്തു തരണേ എന്ന് പറയൂ…”
അവളുടെ മറുപടി എന്നെ അതിശയിപ്പിച്ചു.
” ബസ്വറയിലെ മഹാനായ പണ്ഡിതശ്രേഷ്ഠാ… റബ്ബിന് എന്നോടുള്ള സ്നേഹമാണ് എന്നെ വഴികേടിൽ നിന്ന്ന് നേർപഥത്തിലേക്കെത്തിച്ചത്. അവന് എന്നോടുള്ള സ്നേഹം കൊണ്ടാണ് ഈ രാത്രിയിൽ എന്റെ കണ്ണിനെ ഉണർത്തുകയും അവനുവേണ്ടി എഴുന്നേൽക്കാൻ എനിക്ക് അവസരം നൽകുകയും താങ്കളുടെ കണ്ണിനെ ഉറക്കുകയും ചെയ്തത്.”
അപ്പോൾ തന്നെ ഞാനവളോട് പറഞ്ഞു; “അല്ലാഹുവിന്റെ പ്രീതിയെക്കരുതി ഇപ്പോൾ മുതൽ നീ സ്വതന്ത്രയാണ്. നിനക്ക് പോകാം.”
നിങ്ങൾ ഒരു നന്മ പ്രവർത്തിച്ചാൽ അത് നിങ്ങളുടെ ശക്തികൊണ്ടോ നിശ്ചയദാർഢ്യം കൊണ്ടോ ആണെന്ന് ധരിക്കരുത്. റബ്ബിനെ ആരാധിക്കാൻ നിങ്ങളെ അവൻ അനുവദിച്ചതിലൂടെ നിങ്ങൾക്ക് നൽകിയ വലിയ ഔദാര്യമാണത്.
“അവൻ നിന്നെ ഇഷ്ടപ്പെടുന്നു.”
ഈ വാക്കിന്റെ മനോഹാരിതയും മാന്ത്രികതയും എത്ര വലുതാണ് ഒന്നാലോചിച്ചു നോക്കൂ.
അഖിലലോക മനുഷ്യർക്കിടയിൽ ഒരു പരിധിവരെ നീ അജ്ഞാതനാണ്. നിന്റെ വീട്ടുകാരും നാട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമേ നിന്നെ അറിയുന്നവരായുള്ളൂ.
പക്ഷേ, ആകാശങ്ങളുടെയും ഭൂമിയുടെയും അധിപനായ റബ്ബ് പേരും രൂപവും തുടങ്ങി നിന്റെ എല്ലാ കാര്യങ്ങളും അറിയുന്നു. അവൻ നിന്റെ ഹൃദയത്തിലെ നന്മ കണ്ടെത്തുന്നു. നിന്റെ ഉള്ളിലെ രഹസ്യങ്ങൾ അറിഞ്ഞ് തന്റെ അത്യുന്നതമായ സത്തക്ക് വേണ്ടി അവിടെ ഒരു സ്ഥാനം കണ്ടെത്തുന്നു. അങ്ങനെ അവൻ നിന്നെ ഇഷ്ടപ്പെടുന്നു. ഏതെങ്കിലും ഒരു മനുഷ്യൻ അല്ലാഹുവിന്റെ സ്നേഹ വലയത്തിൽ പ്രവേശിച്ചാൽ അവന് രക്ഷയും വിജയവും ലഭിച്ചു.
നീ സുബഹി ബാങ്ക് കേൾക്കുകയും പുതപ്പ് മാറ്റി എഴുന്നേറ്റ് നമസ്കാരം നിർവഹിക്കാൻ തയ്യാറാവുകയും നിനക്കത് എളുപ്പമാവുകയും ചെയ്താൽ അറിയുക, അത് നിന്നോടുള്ള റബ്ബിന്റെ സ്നേഹമാണ്. അവൻ നിന്നെ തിരഞ്ഞെടുത്തതാണ്. കോടിക്കണക്കിന് മനുഷ്യർ ഉറക്കത്തിലാണ്ടിരിക്കുമ്പോൾ ലോകത്തിന്റെ ഈ ചെറുതുരുത്തിൽ ഒതുങ്ങിക്കൂടുന്ന നിന്നെ റബ്ബ് സുബ്ഹാനഹു വതആല അവനുവേണ്ടി തലതാഴ്ത്തി ഭൂമിയിൽ നെറ്റിവെച്ച് സുജൂദ് ചെയ്യാനും ഹൃദയം കൊണ്ടും നാവുകൊണ്ടും “എന്റെ അത്യുന്നതനായ റബ്ബ് എത്ര പരിശുദ്ധനാണ്” എന്ന് പറയുവാനും അവസരം നൽകി നിന്നിൽ തൃപ്തിപ്പെട്ടിരിക്കുന്നു.

റമദാൻ മാസം ആഗതമാവുകയും നീ നോമ്പ് എടുക്കാൻ തീരുമാനിച്ച് അല്ലാഹുവിനുവേണ്ടി ഉപേക്ഷിക്കുന്നതെല്ലാം നിനക്ക് മധുരകരമായി തോന്നുകയും, അവനെ തേടി അവന്റെ പ്രീതിക്കുവേണ്ടി നിന്റെ വയറ് വിശക്കുകയും, അവന്റെ തൃപ്തിക്ക് വേണ്ടി നിന്റെ തൊണ്ട ദാഹിക്കുകയും ചെയ്താൽ നീ അറിയുക, അത് നിന്നോടുള്ള റബ്ബിന്റെ സ്നേഹമാണ്.
കോടിക്കണക്കിനാളുകൾക്ക് റമദാൻ എന്താണെന്നോ നോമ്പ് എന്താണെനന്നോ അറിയില്ല. അവരെല്ലാവരും അധികം വൈകാതെ അല്ലാഹുവിങ്കലേക്ക് മടങ്ങേണ്ടവരാണ്. യാതൊരു യാത്ര വിഭവവും ഇല്ലാതെ.! എന്നാൽ നീയോ.?
റബ്ബ് സ്നേഹിക്കുന്ന അടിമയാകാൻ വേണ്ടി ഒരുപാടാളുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവനാണ്.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അല്ലാഹു ഹിജാബ് കൊണ്ട് നിന്റെ നെഞ്ചിനെ തണുപ്പിക്കുകയും, നിന്റെ ഹൃദയത്തിനും ശരീരത്തിനും സമാധാനവും ആത്മവിശ്വാസവും നൽകുകയും ചെയ്താൽ, ആ ഹിജാബ് അല്ലാഹു അല്ലാഹുവിന്റെ കൽപനയാണെന്നും ഒരു സമൂഹം തങ്ങളുടെ നാഥന്റെ കല്പനയിൽ ആയിരിക്കുന്നതിലൂടെ മാത്രമേ നിലനിൽക്കൂ എന്നും നിനക്ക് ബോധ്യമാവുകയും ചെയ്താൽ അറിയുക, റബ്ബ് നിന്നെ സ്നേഹിക്കുന്നു.
അവൻ ഇഷ്ടപ്പെടുന്ന അതിലേക്ക് നിന്നെ വഴി നടത്തിയിരിക്കുന്നു.
നീ ലോകത്തിന്റെ മുഖചിത്രം നോക്കൂ…
കാറിന്റെ എൻജിൻ ഓയിലിന്റെ പരസ്യത്തിൽ പോലും സ്ത്രീകൾ എങ്ങനെയാണ് വിൽപ്പനച്ചരക്കായി മാറുന്നതെന്ന് കാണൂ.
അവരിൽ പലരും പോകുന്നവർക്കും വരുന്നവർക്കും മുന്നിൽ പൊതുകാഴ്ചയായി മാറിയത് എങ്ങനെയെന്ന് ആലോചിച്ചുനോക്കൂ. എന്നാൽ നീയോ.?
സംരക്ഷണ കവചമുള്ള ഒരു മുത്തു പോലെയാണ്. അവകാശമുള്ളവർക്ക് മാത്രമായി കരുതിവെച്ച സൗന്ദര്യമാണ്.
പ്രത്യേകം പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടല്ലാതെ ആർക്കും അടുക്കാൻ കഴിയാത്ത രാജ്ഞിയെ പോലെയാണ് നീ ആളുകൾക്കിടയിലൂടെ നടക്കുന്നത്.
അറിയുക, നിന്നോടുള്ള അല്ലാഹുവിന്റെ സ്നേഹം നിമിത്തം നീ സവിശേഷപ്പെട്ടവളാണ്. അവൻ നിന്നെ തിരഞ്ഞെടുത്തതിൽ പരം എന്ത് അനുഗ്രഹമാണ് നിനക്ക് വേണ്ടത്!