പി.എം ശ്രീ :ചൂണ്ടയിൽ കുരുങ്ങി കേരളവും

245

ഒടുവിൽ കേരളവും പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചു. NEP യുമായി തങ്ങൾ സഹകരിക്കില്ല എന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയാണ് സിപിഐ യുടെ കടുത്ത എതിർപ്പുകൾക്കിടയിലും സംസ്ഥാനം പിഎം ശ്രീ യിൽ പങ്കുചേരുന്നത്. കേവലം സിപിഐ-സിപിഎം തർക്കം എന്നതിലുപരി വിദ്യാഭ്യാസ മേഖലയെ കാവി വൽകരിക്കാൻ കൂട്ടുനിന്നർ ആരെന്നതാണ് യഥാർത്ഥ പ്രശ്നം.

സ്കൂളിലെ അടിസ്ഥാന സൗകര്യവികസനത്തിന്‌ NEP -2020 യുടെ ചുവടു പിടിച്ചു കേന്ദ്രം അവതരിപ്പിച്ച പദ്ധതിയാണ് പിഎം ശ്രീ. അഥവാ പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ.
2020 ലെ ദേശീയ അദ്ധ്യാപക ദിനത്തിലാണ് പദ്ധതി അവതരിപ്പിക്കുന്നത്. NEP (New educational policy ) പൂർണ്ണമായി നടപ്പിലാക്കിയാൽ മാത്രമേ പദ്ധതിയുടെ ഫണ്ട്‌ വിഹിതം ലഭിക്കൂ എന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്നും മാറിനിൽക്കാൻ കാരണമായി.

പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും തമിഴ് നാട്ടിൽ എംകെ സ്റ്റാലിനും പദ്ധതിയെ അതിശക്തമായി എതിർപ്പുയർത്തുകയാണ്. കേരളവും ഇടതു പക്ഷത്തിന്റെ NEP യോടുള്ള രാഷ്ട്രീയപരമായ എതിർപ്പുകൾ കാരണം പദ്ധയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
SSK ഉൾപെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ ഫണ്ടുകൾ തടഞ്ഞു വെച്ചാണ് കേന്ദ്രം പ്രതിപക്ഷ സംസ്ഥാനങ്ങളെ തങ്ങളുടെ വരുത്തിയിൽ വരുത്താൻ ശ്രമിച്ചിരുന്നത്. തമിഴ് നാട് നിയമ പോരാട്ടത്തിന്റെ വഴിയിലാണ്, കോടികൾ കാണിച്ചു തങ്ങളെ വിരട്ടാൻ ശ്രമിക്കേണ്ട എന്നാണ് സ്റ്റാലിലിന്റെ നിലപാട്. മമതയും പദ്ധതിയിൽ ഒരു കാരണവശാലും പങ്കെടുക്കില്ല എന്ന വാശിയിലാണ്. അതിനിടയിലാണ് ഫാസിസ്റ്റു പോരാട്ടത്തിന്റെ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുന്ന, ഇന്ത്യയിലെ ഏക ഇടതു പക്ഷ സംസ്ഥാനം കേവലം ഫണ്ട്‌ എന്ന ചൂണ്ടയിൽ കുരുങ്ങി സമ്പൂർണ്ണമായി കേന്ദ്രത്തിനു കീഴടങ്ങുന്നത്.

NEP പൂർണ്ണമായി നടപ്പിലാക്കണം, പദ്ധതി നടപ്പിൽ വരുന്ന സ്കൂളുകളിൽ പ്രധാന മന്ത്രിയുടെ ഫോട്ടോ വെക്കണം തുടങ്ങിയ ഉപാധികൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ കടിഞ്ഞാൺ കേന്ദ്രത്തിന്റെ കയ്യിലാവും എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. NEP ഭാഗികമായി നടപ്പിലാക്കും എന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തെറ്റാണ്‌. പി.എം ശ്രീ സ്‌കൂളുകളിൽ എൻ.ഇ.പി പൂർണമായും നടപ്പിലാക്കണം എന്ന് ധാരണാ പത്രം തന്നെ വ്യക്തമാകുന്നുണ്ട്.

സംഘപരിവാർ, രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്ന കാലത്ത്, ടെക്സ്റ്റ്‌ ബുക്കുകൾ ഉൾപ്പെടെ മാറ്റിമറിച്ചു ചരിത്രം തിരുത്തി എഴുതി അത് കുട്ടികളെ പഠിപ്പിക്കുന്ന, ഹിന്ദി ഭാഷയെ അടിച്ചേല്പിക്കുന്ന കാലത്ത് കേവലം കോടതിയിൽ പോയി നിയമ പോരാട്ടം പോലും കാഴ്‌ച്ച വെക്കാതെ സിപിഎം സമ്പൂർണമായി കീഴടങ്ങുന്നു എന്നതിനെ ഹേ കഷ്ട്ടം എന്നല്ലാതെ മറ്റെന്തു പറയാൻ!