2023 മെയ് 3. അന്നൊരു ബുധനാഴ്ചയായിരുന്നു. സമയം അഞ്ചേ മുപ്പത് ആകുന്നതിനും മുൻപേ അന്തി മയങ്ങുന്ന മണിപ്പൂരിൽ അന്നുണ്ടായിരുന്ന ഏതൊരാൾക്കും അതൊരു മറക്കാനാവാത്ത രാത്രിയായിരുന്നു. ഒപ്പമുള്ള മലയാളി വിദ്യാർത്ഥികൾക്കൊപ്പമുള്ള ചായകുടിയും കഴിഞ്ഞു ഹോസ്റ്റൽ മുറി തുറക്കുമ്പോഴാണ് സുഹൃത്തും മണിപ്പൂരി മുസ്‌ലിമുമായ മുർത്താസയുടെ വിളി വരുന്നത്. “കുറച്ചു പ്രശ്നങ്ങളുണ്ട്, ഇന്റർനെറ്റ് ഏത് നിമിഷവും വിച്ഛേദിക്കപ്പെടാം, വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുക. ഒരു തരത്തിലുമുള്ള അഭിപ്രായങ്ങൾ ആരോടും പറയാതിരിക്കുക. സ്റ്റേ ന്യൂട്രൽ. നിങ്ങൾ സേഫ് ആയിരിക്കും.” എന്താണ് സംഭവിക്കുന്നത് എന്നറിയും മുൻപേ മൊബൈൽ ഇന്റർനെറ്റും ഹോസ്റ്റലിലെ വൈഫൈയും വിച്ഛേദിക്കപ്പെട്ടു. റൂം മേറ്റായിരുന്ന കുക്കി വംശജൻ റോബർട്ട് ഹോക്കിപ്പ് അന്ന് രാത്രി മുറിയിലേക്ക് മടങ്ങി വന്നതേയില്ല. പിന്നീട് കണ്ടതും കേട്ടതും ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വെടിയൊച്ചകൾ കൊണ്ട് മുഖരിതമായിരുന്ന അന്തരീക്ഷം ഒന്ന് ശാന്തമായത് നേരം പുലർന്നപ്പോഴാണ്. രാത്രി ആകാശത്തിനന്ന് ഒരിക്കലും കാണാത്ത തുടുത്ത മഞ്ഞ നിറമായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങളൊക്കെയും പലരുടെയും ജീവനുകളും കത്തിയെരിഞ്ഞതായിരുന്നു ആ നിറമെന്ന് തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.
കേരളത്തിലെ മത, രാഷ്ട്രീയ മേഖലകളിലെ പലരുടെയും സഹായത്തിന്റെ ഫലമായി അഞ്ച് ദിവസത്തിനകം ഞങ്ങൾക്ക് വിമാനത്തിൽ നാട്ടിലെത്താനായി. മനുഷ്യനിർമിത ദുരന്തഫലമായി അടച്ചിടപ്പെട്ട സർവകലാശാല പിന്നെയും തുറക്കാൻ മൂന്ന് മാസക്കാലമെടുത്തു. വിച്ഛേദിക്കപ്പെട്ട ഇന്റർനെറ്റ് സേവനം തിരിച്ചു ലഭിക്കാൻ പിന്നെയും ആറ് മാസക്കാലമെടുത്തു. വെറുമൊരു അവലോകനത്തിനപ്പുറം, മണിപ്പൂരെന്ന രത്നങ്ങളുടെ നാടിന്, ചിലരുടെ താല്പര്യങ്ങളുടെ ഫലമായി ഒരിക്കലും തീർക്കാനാവാത്ത മുറിവുകളുണ്ടായതിന്റെ അനുഭവസാക്ഷ്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ഒരു വിദ്യാർത്ഥിയെന്ന നിലയിൽ മണിപ്പൂരിന്റെ ശാന്തസുന്ദരമായ താഴ്‌വരകളിൽ ഞാൻ ജീവിച്ച രണ്ടു വർഷക്കാലം, അവിടുത്തെ പ്രകൃതിയുടെയും സംസ്കാരത്തിന്റെയും വർണ്ണങ്ങൾ എന്നെ വിസ്മയിപ്പിച്ചിരുന്നു. എന്നാൽ ആ വർണ്ണക്കാഴ്ചകൾക്ക് താഴെ, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു എന്ന യാഥാർത്ഥ്യം, 2023 മെയ് 3ന് പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. അത് കേവലം ഒരു പ്രാദേശിക കലാപമായിരുന്നില്ല; മറിച്ച്, ആഴത്തിൽ വേരോടിയ ചരിത്രപരവും, സാമൂഹികവും, രാഷ്ട്രീയവുമായ മുറിവുകളുടെയും, കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഗൂഢാലോചനകളുടെയും പരിണതഫലമായിരുന്നു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ (PUCL) ആഭിമുഖ്യത്തിൽ രൂപീകരിച്ച ഇൻഡിപെൻഡന്റ് പീപ്പിൾസ് ട്രിബ്യൂണൽ 2025 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, ഈ സംഘർഷത്തിന് പിന്നിലെ രാഷ്ട്രീയ, സാമൂഹിക, ഭരണകൂട പരാജയങ്ങളുടെ കാണാച്ചരടുകളിലേക്ക് വെളിച്ചം വീശുന്ന ഒരു സുപ്രധാന രേഖയാണ്.
ചരിത്രപരമായ സംഘർഷഭൂമിക
മണിപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം തന്നെയാണ് അവിടുത്തെ സാമൂഹിക ഘടനയുടെയും അടിസ്ഥാനം. സംസ്ഥാനത്തിന്റെ 90% വരുന്ന മലയോര മേഖലകളിൽ നാഗാ, കുക്കി-സോ തുടങ്ങിയ ഗോത്രവിഭാഗങ്ങൾ വസിക്കുമ്പോൾ, കേവലം 10% വരുന്ന താഴ്‌വരയിലാണ് ഭൂരിപക്ഷമായ മെയ്തെയ് സമൂഹം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ഭൂമിശാസ്ത്രപരമായ വേർതിരിവ് കാലക്രമേണ രാഷ്ട്രീയവും സാമ്പത്തികവുമായ അധികാര അസന്തുലിതാവസ്ഥയ്ക്ക് കാരണമായി. മണിപ്പൂർ ലാൻഡ് റെവന്യൂ ആൻഡ് ലാൻഡ് റിഫോംസ് ആക്ട് (1960) പോലുള്ള നിയമങ്ങൾ, താഴ്‌വരയിൽ മെയ്തെയ്കൾക്ക് ഭൂമി വാങ്ങാൻ അവകാശം നൽകുമ്പോൾ, മലയോരങ്ങളിൽ നിന്ന് അവരെ വിലക്കി. ഇത് ഗോത്രവിഭാഗങ്ങൾക്ക് അവരുടെ ഭൂമിയിൽ സംരക്ഷണം നൽകിയെങ്കിലും, മെയ്തെയ് മനസ്സുകളിൽ തങ്ങൾ സ്വന്തം നാട്ടിൽ അന്യവൽക്കരിക്കപ്പെടുന്നു എന്ന ചിന്ത വളർത്തി. 1949-ൽ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് മുൻപ് സ്വന്തമായി ഭരണഘടനയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുമുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു മണിപ്പൂർ എന്ന ചരിത്രവസ്തുത, മെയ്തെയ് ദേശീയതയുടെ ആഴം വ്യക്തമാക്കുന്നു

2023-ലെ വംശീയ സംഘർഷം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, മറിച്ച് പതിറ്റാണ്ടുകളായി മണിപ്പൂരിന്റെ സമൂഹ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന മുറിപ്പാടുകളുടെയും പരിഹരിക്കപ്പെടാത്ത തർക്കങ്ങളുടെയും തുടർച്ചയായിരുന്നു. ഭൂമിക്കും, സ്വത്വത്തിനും, രാഷ്ട്രീയ മേൽക്കോയ്മയ്ക്കും വേണ്ടിയുള്ള ഈ പോരാട്ടങ്ങൾ വിവിധ സമുദായങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെയും ശത്രുതയുടെയും ഒരു ദുഷിച്ച ചരിത്രം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. മണിപ്പൂരിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായങ്ങളിലൊന്നായിരുന്നു തൊണ്ണൂറുകളിൽ നടന്ന നാഗാ – കുക്കി വംശീയ കലാപം. മലയോരങ്ങളിലെ ഭൂമിയുടെ മേലുള്ള അവകാശവാദങ്ങളും ആധിപത്യവും സംബന്ധിച്ച തർക്കങ്ങളാണ് ഈ കലാപത്തിന് തിരികൊളുത്തിയത്. നൂറുകണക്കിന് ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈ സംഘർഷം ഇരുവിഭാഗങ്ങൾക്കിടയിലും ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിച്ചു, ഇത് പിന്നീട് കുക്കി സമൂഹത്തിന്റെ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുന്നതിൽ നിർണായകമായി. സംഘർഷങ്ങൾ വ്യത്യസ്തരായ ഗോത്രങ്ങൾ തമ്മിൽ മാത്രമായിരുന്നില്ല ഒതുങ്ങിനിന്നത്. 1993-ൽ മെയ്തെയ് ഭൂരിപക്ഷവും മെയ്തെയ് – പംഗൽ മുസ്ലിം ന്യൂനപക്ഷവും തമ്മിൽ നടന്ന കലാപം ഇതിന് ഉദാഹരണമാണ്. കേവലം രണ്ട് ദിവസത്തിനുള്ളിൽ മുന്നൂറിലധികം പംഗലുകൾ കൊല്ലപ്പെട്ട ഈ സംഭവം, ഒരു ആസൂത്രിത വംശഹത്യയുടെ സ്വഭാവമുള്ളതായിരുന്നു. ഇത് മണിപ്പൂരിലെ സമുദായങ്ങൾക്കിടയിൽ നിലനിന്നിരുന്ന സങ്കീർണ്ണമായ ബന്ധങ്ങളുടെയും പരസ്‌പര ഭീതിയുടെയും മറ്റൊരു മുഖം വെളിപ്പെടുത്തി.
ഈ സംഘർഷങ്ങൾക്ക് പിന്നിൽ, ചരിത്രത്തെയും പൈതൃകത്തെയും കുറിച്ചുള്ള ഒരു ആശയപരമായ യുദ്ധം കൂടിയുണ്ടായിരുന്നു. കുക്കി സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ആംഗ്ലോ – കുക്കി യുദ്ധം (1917-19) പോലുള്ള ചരിത്ര സംഭവങ്ങളെ അവരുടെ സ്വത്വത്തിന്റെയും ഭൂമിയിലെ അവകാശത്തിന്റെയും പ്രതീകമായി കുക്കികൾ ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ, കുക്കികൾ മണിപ്പൂരിൽ ബ്രിട്ടീഷുകാരാൽ കൊണ്ടുവരപ്പെട്ട അഭയാർത്ഥികളാണ് എന്നും അവർക്ക് ഭൂമിയിൽ പാരമ്പര്യമായി അവകാശമില്ലെന്നുമുള്ള വാദം നാഗാ, മെയ്തെയ് വിഭാഗങ്ങൾക്കിടയിൽ ശക്തമാണ്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നാഗാ സുഹൃത്ത് കാമേയ് ഗവേഷണ ആവശ്യങ്ങൾക്കായി അവന്റെ നാടായ തമെങ്ലോങ്ങിലേക്ക് ഒപ്പം പോയപ്പോൾ പങ്കുവെച്ച ചരിത്രത്തിനും അതേ നിറമായിരുന്നു. തല കൊയ്യുന്ന നാഗക്കാർ ബ്രിടീഷുകാർക്ക് തീരാ തലവേദനയായി മാറിയപ്പോൾ അവരെ ഒതുക്കാനാണ് മണിപ്പൂരിലേക്ക് ബർമയിൽ നിന്നും കുക്കികളെ കൊണ്ടുവന്ന് താമസിപ്പിച്ചത് എന്നാണ് അവന്റെ ഭാഷ്യം. താനൊരു NSCN – IM (നാഗാ വിഘടനവാദ സംഘടന) അംഗമാണെന്നും തങ്ങളുടെ ഗ്രൂപ്പ് ഒരൊറ്റ ദിവസം കൊണ്ട് 300 കുക്കി യുവാക്കളെ തിരഞ്ഞുപിടിച്ചു കൊന്നിട്ടുണ്ടെന്നും അവൻ പറഞ്ഞത് ഏറെ അഭിമാനത്തോടെയായിരുന്നു. ഈ വാക്കുകളിൽ ഒരു ചരിത്രത്തിന്റെ മുഴുവൻ ഭാരവുമുണ്ടായിരുന്നു. ഓരോ വിഭാഗവും സ്വന്തം ചരിത്രത്തെയും സ്വത്വത്തെയും മുറുകെപ്പിടിക്കുമ്പോൾ, മറ്റുള്ളവരുടേതിനെ നിരസിക്കുന്നു എന്ന കയ്‌പേറിയ യാഥാർഥ്യമാണത് വരച്ചുകാട്ടുന്നത്..
ഈ ചരിത്രപരമായ വ്യാഖ്യാനങ്ങൾ ഓരോ സമുദായത്തിന്റെയും ഉള്ളിൽ അരക്ഷിതാവസ്ഥയും മറ്റുള്ളവരോട് ശത്രുതയും വളർത്തി. ഈ മുൻകാല സംഘർഷങ്ങൾ പരിഹരിക്കപ്പെടാതെ മണിപ്പൂരിൽ അവശേഷിപ്പിച്ചത് ആഴത്തിലുള്ള അവിശ്വാസത്തിന്റെ ഒരു അന്തരീക്ഷമാണ്. ഈ സാമൂഹിക പശ്ചാത്തലമാണ് 2023-ൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അത് ആധുനിക മണിപ്പൂരിന്റെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്തു.
സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങൾ
വംശീയ സംഘർഷം എന്നതിലുപരി, ഈ ദുരന്തത്തിന് പിന്നിൽ വ്യക്തമായ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. “നാർക്കോ-തീവ്രവാദം” എന്ന ആയുധം സംഘർഷത്തെക്കുറിച്ചുള്ള ചർച്ചകളിൽ വളരെയധികം ഉപയോഗിക്കപ്പെട്ടു. ദാരിദ്ര്യം മൂലം ചിലർ നടത്തുന്ന പോപ്പി കൃഷിയെ, കുക്കി സമൂഹത്തെ ഒന്നടങ്കം കുറ്റവാളികളാക്കാൻ ഭരണകൂടം ആയുധമാക്കി. മെയ്തെയ് വിഭാഗത്തിന്റെ ST പദവിക്കായുള്ള ആവശ്യം, ഗോത്രവർഗ്ഗക്കാരുടെ ഭൂമി നിയമപരമായി കൈവശപ്പെടുത്താനുള്ള ഒരു മാർഗ്ഗമായി വ്യാഖ്യാനിക്കപ്പെട്ടു. മെയ്തെയ് സമൂഹത്തിനുള്ളിൽ മറ്റൊരു ഭയം കൂടി ആഴത്തിൽ വേരോടിയിരുന്നു: തങ്ങളുടെ പൂർവ്വിക ഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്ക. സംസ്ഥാനത്തിന്റെ 10% മാത്രമുള്ള ഇംഫാൽ താഴ്‌വരയിൽ ഒതുക്കപ്പെട്ട മെയ്തെയ്കൾക്ക്, നിയമപ്രകാരം മലയോരങ്ങളിൽ ഭൂമി വാങ്ങാൻ കഴിയില്ല. എന്നാൽ, ഗോത്രവിഭാഗങ്ങൾക്ക് താഴ്‌വരയിൽ ഭൂമി വാങ്ങുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. ഇത്, കാലക്രമേണ ഗോത്രവിഭാഗങ്ങൾ താഴ്‌വരയിലെ ഭൂമി കൈവശപ്പെടുത്തുകയും, തങ്ങൾ സ്വന്തം നാട്ടിൽ ഒരു ന്യൂനപക്ഷമായി മാറുകയും ചെയ്യുമെന്ന ജനസംഖ്യാപരമായ അരക്ഷിതാവസ്ഥ (demographic insecurity) മെയ്തെയ്കൾക്കിടയിൽ സൃഷ്ടിച്ചു. മ്യാൻമറിലെ ആഭ്യന്തരയുദ്ധം കാരണം പലായനം ചെയ്ത അഭയാർത്ഥികളെ “നിയമവിരുദ്ധ കുടിയേറ്റക്കാർ” ആയി ചിത്രീകരിച്ച്, ഭീതി വളർത്താനും ഈ സംഘർഷം ഉപയോഗിക്കപ്പെട്ടു. തങ്ങളുടെ സംസ്കാരവും, സ്വത്വവും, ഭൂമിയും സംരക്ഷിക്കാൻ പട്ടികവർഗ്ഗ പദവി ആവശ്യമാണെന്ന വാദത്തിന്റെ വൈകാരികമായ അടിത്തറ ഈ അരക്ഷിതാവസ്ഥയായിരുന്നു.
ഈ പ്രത്യക്ഷ കാരണങ്ങൾക്കപ്പുറം, മണിപ്പൂരിന്റെ പ്രകൃതിവിഭവങ്ങളിലും ഭൂമിയിലും കണ്ണുവച്ച കോർപ്പറേറ്റ് താൽപ്പര്യങ്ങളും ഈ സംഘർഷത്തിന് പിന്നിലെ ഒരു പ്രധാന പ്രേരകശക്തിയായിരുന്നു. ഗോത്രവർഗ്ഗ മേഖലകളിലെ ധാതു നിക്ഷേപങ്ങൾ, എണ്ണ, പ്രകൃതിവാതകം, പാം ഓയിൽ കൃഷി എന്നിവയ്ക്കായി വൻകിട കമ്പനികൾക്ക് വഴിയൊരുക്കാൻ ഭരണകൂടം ശ്രമിച്ചിരുന്നു. ഗോത്രവർഗ്ഗക്കാരുടെ ഭൂമിയിന്മേലുള്ള ഭരണഘടനാപരമായ സംരക്ഷണം ഇതിന് തടസ്സമായിരുന്നു. മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ്ഗ പദവി നൽകുന്നതിലൂടെ, ഈ സംരക്ഷണം ഇല്ലാതാക്കി ഭൂമി എളുപ്പത്തിൽ കോർപ്പറേറ്റുകൾക്ക് കൈമാറാൻ കഴിയുമെന്ന് പലരും വിശ്വസിക്കുന്നു. താൽക്കാലിക ലാഭങ്ങൾക്കായി തങ്ങളുടെ പൈതൃക ഭൂമി അന്യാധീനപ്പെടുമെന്ന ഭയം ഗോത്രവിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രതിരോധത്തിന് കാരണമായി.
തുടരും..