വിലാപം

408

ഉയരുന്ന ആയുധങ്ങൾ,അടങ്ങാത്ത രോഷം,
ഭീതിയുടെ നിഴൽ പടർന്ന തെരുവ്,
മനുഷ്യരെ അന്യരാക്കും കൊടും വിഷം,
സ്നേഹത്തിൻ വെളിച്ചവും അണഞ്ഞു.

ചോരയിൽ മുങ്ങിയ ചുവന്ന മണ്ണിൽ,
കണ്ണുനീർ കടലായി അലതല്ലി,
ഓരോ ഹൃദയത്തിലും മുറിവുകൾ
മനസ്സാക്ഷിക്കും കണ്ണീർ വറ്റിയോ?

മനുഷ്യത്വം മരവിച്ചുപോയൊരീ കാലം
ഹൃദയങ്ങൾ കല്ലായി മാറിയ നേരം
ഭൂമിയും വാനവും തേങ്ങിടുമ്പോൾ
മാനവരാശി എങ്ങോട്ടാണീ യാത്ര?

ഇരുളിന്റെ ശക്തികൾ വാഴുമ്പോൾ
വെളിച്ചത്തിനായി കേഴുന്നു ലോകം,
വിദ്വേഷത്തിൻ വിഷം കലങ്ങിയ കാറ്റിൽ
അലയടിക്കുന്ന തേങ്ങൽ മാത്രം

കാലം വരച്ച ക്രൂരമായ ചിത്രത്തിൽ
ചിരികളൊക്കെയും വായുവിൽ മങ്ങി,
ഒരുകൂട്ടം മൺകട്ടയിൽക്കിടയിലെ
വിലാപങ്ങൾക്കായി മാത്രമൊരു മൗനയാചന.