കളിചിരികൾക്ക് തോള് ചേർക്കേണ്ടവർ തലയോട്ടി തകർത്തിരിക്കുന്നു. ഇന്നാ മീസാൻ കല്ലുകൾക്കിടയിലൊരു റൂഹുറങ്ങുകയാണ്. വിതുമ്പലോടെ ഒരു നാട് മുഴുവൻ !
ഇരുളടഞ്ഞ ജീവിതത്തിലേക്ക് വെളിച്ചമേകാൻ തൻ്റെ മകനെ സ്വപ്നം കണ്ട ഉപ്പയും ഉമ്മയും, അവനോടൊത്തുള്ള നല്ല നേരങ്ങളെ ഓർത്ത് തേങ്ങി കരയുന്ന പ്രിയ കൂട്ടുകാരും, വാക്ക് മരവിച്ച അധരങ്ങളിലേക്ക് വീണ്ടും മൈക്ക് എത്തിക്കുന്ന മീഡിയകളും, ആ പത്താം ക്ലാസുകാരനെ കാത്തിരുന്ന രജിസ്റ്റർ നമ്പറും ഇരിപ്പിടവും, കണ്ണീരിറ്റുന്ന പേനത്തുമ്പുകളും, കഴുത്തറപ്പിന് കൂട്ടിരുന്ന മനമുണങ്ങിയ നേരിൻ്റെ കാവൽക്കാരും….
മാനവിക മൂല്യങ്ങൾ ചോർന്നുണങ്ങിയ നീരു വറ്റിയൊരു തലമുറ.മനുഷ്യത്വം മരിച്ചിരിക്കുന്നുവോ. ഉമ്മയെന്നോ,സഹോദരനെന്നോ, സഹപാഠിയെന്നോ, സുഹൃത്തെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം ഉറഞ്ഞ് പോയ ഹൃദയ നാഡികൾ , യാന്ത്രിക യുഗം ഇന്നിൻ്റെ ഹൃദയങ്ങളും യാന്ത്രികമാക്കിയിരിക്കുന്നു.ചോര നിറഞ്ഞ ഗെയിമുകൾ ജീവിതത്തിലും പ്രാവർത്തികമാക്കിയിരിക്കുകയാണവർ.
മാറേണ്ടിയിരിക്കുന്നു…
കൊലവിളികളും ചോരക്കളികളുമില്ലാത്തൊരു ലോകം ഉണരേണ്ടിയിരിക്കുന്നു.നല്ല ചിന്തകൾക്ക് മനസുതുറക്കുവാൻ ഇന്നിന് കഴിയണം.നാളെയുടെ നല്ല വാഗ്ദാനങ്ങളാവാൻ അവരെ പ്രാപ്തരാക്കുക.മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ആർത്തനാദങ്ങൾ ഇനിയുമുയരാതിരിക്കട്ടെ .ലഹരിയെ ജീവിതമാക്കാത്തൊരു ലോകം , പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളുള്ളൊരു ലോകം , പകയില്ലാത്ത പകലുകളുള്ളൊരു ലോകം,ഭയമില്ലാത്ത ഇരുളുകളുള്ളൊരു ലോകം വിദൂരമാവാതിരിക്കട്ടെ.
മനുഷ്യനെ അറിയുന്ന, മാനവികത കൈവിടാത്ത നല്ലൊരു നാളെയെ കിനാവ് കണ്ടുകൊണ്ട് ഒത്തിരി റൂഹുകൾ ഇന്നീ ലോകം വെടിഞ്ഞിരിക്കുന്നു…
ഭാവി നമ്മുടെ കൈകളിലാണ്, ഓരോ വിദ്യാലയങ്ങളും മധുര സ്മരണങ്ങളുടെ പൂഞ്ചെപ്പാകേണ്ടിയിരിക്കുന്നു,അധ്യാപകർ സ്നേഹിച്ചും ശിക്ഷിച്ചും അവരെ നേർ വഴി കാട്ടട്ടെ,ഉൾകാഴ്ചയുള്ള അറിവുകൾ നുകർന്നവർ സമൂഹത്തെ ഉള്ളറിഞ്ഞ് നോക്കി കാണട്ടെ , ചരിത്രത്തിൻ്റെ നല്ല ഗതികളെ സ്വാധീനിക്കാൻ കഴിവുള്ള, ചിന്താ ശേഷിയുള്ള, വിവേകമുള്ള, അറിവും തിരിച്ചറിവും ഉള്ളവരായി അവർ ഭാവി ഭരിക്കട്ടെ ….
വിശപ്പിനാഹാരമായും, രോഗത്തിന് മരുന്നായും, കരുതലിന് കരങ്ങളായും, എല്ലാറ്റിനുമുപരി നല്ല ‘ മനുഷ്യനായും ‘ തലമറുകൾ തെന്നലായി പരക്കട്ടെ.
ലോകം ചിരിക്കട്ടെ !