കന്യാകുമാരി എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് എന്താണ് ? കടൽ! അറബിക്കടലും ബംഗാൾ ഉൾക്കടലും പരസ്പരം കെട്ടിപ്പുണർന്ന് ഇന്ത്യൻ മഹാ സമുദ്രമായി മാറുന്ന മഹാസംഗമഭൂമി. എന്നാൽ ഇന്ന് പറയാൻ പോവുന്ന കഥ കടലും കടൽത്തീരവുമില്ലാത്ത കന്യാകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. കന്യാകുമാരി ജില്ലയിലെ പ്രധാന പട്ടണമായ നാഗർ കോവിലിൽ നിന്നും ഏകദേശം 35 കി.മി മാറി സ്ഥിതി ചെയ്യുന്ന, കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന കടയാൽ എന്ന ശാന്തമായ ഗ്രാമം. കുന്നും മലയും വെള്ളച്ചാട്ടങ്ങളും അരുവികളും ആറും എല്ലാമായി, ചങ്ങമ്പുഴയുടെ കവിതയിലെ പോലെ:
“കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമ ഭംഗി”
അതെ, ഒരു കവിത പോലെ ഭംഗിയുള്ള ഗ്രാമം . ഇവിടെ കന്യാകുമാരി കടലിന്റെ കഥയല്ല, പകരം ഒരു കടയാൽക്കവിതയാണ്.

ക്രിസ്മസ്ദിന സായാഹ്നത്തിലാണ് കടയാലിലെത്തിയത്. ഏറെക്കുറെ വിജനമായ വളഞ്ഞു പുളഞ്ഞ് പോകുന്ന ടാറിട്ട ചെറിയ റോഡുകൾ. സന്ധ്യയാകുമ്പോഴുള്ള ഇരുട്ടിന് തന്നെ ഒരു ഇളം തണുപ്പ്. അരികിലൂടെ ശാന്തമായി ഒഴുകുന്ന ചിന്നാർ നദിയും നാലുപാടുമുള്ള കൈവഴികളും കനാലുകളും. ചിന്നാർ ഡാമും വെള്ളച്ചാട്ടങ്ങളും.
ആൾപ്പെരുമാറ്റം അധികമെത്താത്ത കുഞ്ഞുവഴികൾ. കിളിയൊച്ചകൾ. ഇടയ്ക്ക് കാറ്റാടി മരങ്ങളുടെ നേരിയ ചൂളംവിളികൾ. മറുവശത്ത് കാടിന്റെ കനമുള്ള നിശബ്ദത.

മേലോട്ട് നോക്കുമ്പോൾ തെളിഞ്ഞ ആകാശത്ത് വിരുന്നെത്തിയ നക്ഷത്രങ്ങളുടെ മായക്കാഴ്ച. പ്രകൃതിയുടെ സൗന്ദര്യവും അത്യാവശ്യം ആത്മനിർവൃതിയും ആഗ്രഹിച്ചെത്തുന്നവർക്ക് കടയാൽ ഒരുക്കി വയ്ക്കുന്ന സമ്മാനം. കടയാൽമൂട്, നെട്ട, പനച്ചുമൂട് തുടങ്ങിയ അനേകം ചെറു ഗ്രാമങ്ങൾ ഈ സൗന്ദര്യത്തെ ആവാഹിച്ചിരിക്കുന്നു. സമീപത്ത്
തൃപ്പരപ്പ് പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. പോക്കുവെയിലിന്റെ നേരങ്ങളിൽ കളിക്കാനിറങ്ങിയ കുട്ടിക്കൂട്ടങ്ങളെയും , നിരത്തുവക്കിലുള്ള കനാലുകളിൽ അലക്കു-കുളികളിൽ ഏർപ്പെട്ട മനുഷ്യരിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട്.

കേരളത്തിന്റെ തിരുവനന്തപുരം ജില്ലയും തമിഴ് നാടിന്റെ ജില്ലയും അതിർത്തി പങ്കിടുന്നതിനാൽ ഇവിടുത്തെ കാര്യങ്ങൾ അൽപം കൗതുകകരമാണ്. കേരളത്തിൽ വീടുള്ളവർ ഒരു പക്ഷെ വീട്ടിലേക്കുള്ള സാധനങ്ങൾ നടന്നു ചെന്ന് വാങ്ങുന്നത് തമിഴ്നാ തമിഴ്നാട്ടിലെ കടയിലായിരിക്കും. അതുപോലെ തന്നെ തിരിച്ചും . തമിഴ്നാട്ടിലെ വീട്ടിലെ കോലായിൽ കാലും നീട്ടിയിരിക്കുന്ന ആൾ റോട്ടിലേക്ക് നോക്കു നോക്കുമ്പോൾ എതിർവശത്ത് നിരത്തിനപ്പുറം കാണുക കേരളത്തിലെ വീട് ആയിരിക്കും. വാഹനത്തിൽ ഏതാനും കി.മീ പോകുപോകുമ്പോൾ തന്നെ പല തവണ കേരളം -തമിഴ്നാട് അതിർത്തികൾ മുറിച്ചു കടക്കേണ്ടി വരും. റോഡുകളിലെല്ലാം പേരിന് ഒരു ചെക് പോസ്റ്റുണ്ടാവും. അതിൽ ഒന്നോ രണ്ടോ പോലീസുകാർ ഈച്ചയെ തെളിച്ച് ഇരിപ്പുണ്ടാവും. തമിഴൻ മലയാളവും മലയാളി തമിഴും ഇവിടെ പച്ച വെള്ളം പോലെ പറയും. അതു കൊണ്ട് തന്നെ കിലോമീറ്ററുകളുടെ മാത്രം വ്യത്യാസം കൊണ്ട് തമിഴ്നാട്ടുകാരനായിപ്പോയ മുബീന്റെയും കേരളക്കാരനായ ജോപ്പന്റെയും അതിഥേയത്വം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു എന്ന് പറയാം. പെട്രോൾ വില കേരളത്തിൽ കൂടുതലായതിനാൽ തമിഴ് നാട്ടിലെ പമ്പിൽ നിന്ന് ഫുൾ ടാങ്ക് അടിച്ചു വരുന്ന ആളുകളുടെ ഒരു പ്രതിനിധി കൂടിയാണ് ജോപ്പൻ.

ഏതായാലും കടയാൽ ഒരു അനുഭവമായിരുന്നു. അസാധാരണമായ ഒന്നും തന്നെ ഇവിടെയില്ലാത്ത ഒരു സാധാരണ മലയോര അതിർത്തിഗ്രാമം എന്ന് വിളിക്കാമെങ്കിൽ പോലും അന്യം നിന്നു പോകുന്ന ഗ്രാമീണതയുടെ ഭംഗിയുള്ള തിരുശേഷിപ്പുകൾ ഇവിടെ ബാക്കിയാകുന്നു. ഒരു കവിത പോലെ . ഇവിടെ കന്യാകുമാരി കടലല്ല, കാതൽ പോൽ ഇനിപ്പിരിക്കും ഒരു കടയാൽ കവിതൈ