‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത്’. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകമാണിത്. അധ്യാപകൻ ഒരു ശില്പിയാണ്, സമൂഹത്തെ വാർത്തെടുക്കുന്ന ശില്പി.ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും ഒക്കെ പിന്നില്‍ ദൃശ്യമായോ, അദൃശ്യമായോ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നതായി ചരിത്ര സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ ബോധ്യമാകും.
ആന്ധ്രയിലെ തിരുത്തണി ഗ്രാമത്തില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ, വിദ്യാഭ്യാസ വിചക്ഷണനും ദാര്‍ശനികനുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച്, അധ്യാപകദിനമായി 1962 മുതല്‍ ആചരിച്ചു പോരുന്നു. അധ്യാപകർ ഏവർക്കും പ്രിയപ്പെട്ടവരാണ്. മനുഷ്യന്റെ ജീവിതാരംഭത്തിൽ അവന്റെ അധ്യാപകരാകുന്നത് മാതാപിതാക്കളാണ്. പിന്നീട് കടന്നുപോകുന്ന ഓരോ മേഖലകളിലും വ്യത്യസ്ത അധ്യാപകരെ അവൻ കണ്ടുമുട്ടുന്നു. ചില അധ്യാപകരെ പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല, കാരണം അവർ വിദ്യാർഥികൾക്ക് നല്കുന്ന പരിഗണനയും സ്നേഹവും മറ്റാരെക്കാളും അവരെ സ്വാധീനിക്കും.
ഒരു കോളേജിൽ അധ്യാപകൻ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ രണ്ടു വിദ്യാർഥികൾ പരസ്പരം സംസാരിച്ചു. ഇതു കണ്ട അധ്യാപകൻ അതിലൊരു വിദ്യർഥിയെ തമാശയ്ക്കൊന്ന് പുറത്ത് തട്ടി. വിദ്യാർഥികൾ വീണ്ടും ഇതാവർത്തിച്ചപ്പോൾ അധ്യാപകൻ വിദ്യാർഥിയുടെ പുറത്ത് ഒന്നുകൂടി തട്ടി. ദേഷ്യം പിടിച്ച വിദ്യാർഥി എഴുന്നേറ്റ് നിന്ന് അധ്യാപകനെ കുറേ ചീത്ത വിളിച്ചു. സ്നേഹനിധിയായ അധ്യാപകൻ വിദ്യാർഥിയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ വിദ്യാർഥിയുടെ കണ്ണുനിറഞ്ഞു പോയി, താൻ ഇങ്ങനെയൊക്കെ ചീത്ത വിളിച്ചിട്ടും മറുത്തൊന്നും പറയാതെ നിന്ന ആ അധ്യാപകൻ എത്ര മഹോന്നതനാണ് എന്നു വിദ്യാർഥിക്ക് ചെറു പുഞ്ചിരിയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
ഒരു ചെറു പുഞ്ചിരിയിലൂടെ അനേകം കാര്യങ്ങൾ കൈമാറാനാകും എന്നു പറയുന്നത് അതു കൊണ്ടായിരിക്കാം. എറ്റവും നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് ഹൃദയത്തിൽ നിന്നായിരിക്കും, ഗ്രന്ഥങ്ങളിൽ നിന്നല്ല. മഹാനായ ഖലീൽ ജിബ്രാൻ പറയുന്നു: “സ്വന്തം അറിവിന്റെ ആഴങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നവരല്ല, മറിച്ച് അവരുടെ തന്നെ ബോധത്തിന്റെ ഉമ്മറപ്പടിയിലേക്കു കുട്ടികളെ നയിക്കുന്നവരാണ് ജ്ഞാനികളായ അധ്യാപകർ”.

“ഒരു നല്ല അധ്യാപകനോടൊത്തു ചെലവഴിക്കുന്ന ഒരൊറ്റ ദിവസം ആയിരം ദിവസത്തെ ഉത്സുകമായ പഠനത്തെക്കാൾ ഗുണം ചെയ്യും.” ഈ ജാപ്പനീസ് പഴമൊഴി അറിയിക്കുന്നത് നല്ല അധ്യാപകർ വിദ്യാർഥികളിൽ എന്നും ആവേശമുണ്ടാക്കുകയും ഏതു കാര്യത്തിനും പ്രോത്സാഹനം നല്കുകയും ചെയ്യുമെന്നുള്ളതാണ്.
ഇന്ത്യയിൽനിന്നുള്ള മധ്യവയസ്‌കനായ ഒരു ബിസിനസ്സുകാരൻ തന്റെ അനുഭവം പങ്കുവെക്കുന്നു. കൊൽക്കത്തയിലെ സ്‌കൂളിൽവെച്ച് തന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അധ്യാപകനെ സ്‌നേഹപൂർവം അനുസ്‌മരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “നല്ല പഠിപ്പിക്കൽ രീതികളായിരുന്നു സാസ്സൂൻ സാറിന്റേത്. അവ എന്നിൽ ഭാഷയോടുള്ള താത്‌പര്യം മാത്രമല്ല ആത്മാഭിമാനവും വളർത്തി. പലപ്പോഴും അദ്ദേഹം എന്റെ ഏറ്റവും നല്ല രചനകൾ തിരഞ്ഞെടുത്ത് അല്പ്പം ‘മിനുക്കുപണികൾ’ ഒക്കെ നടത്തി അവ വിവിധ പത്രങ്ങൾക്കും മാസികകൾക്കും അയച്ചുകൊടുക്കുമായിരുന്നു. ആ പ്രബന്ധങ്ങളിൽ ചിലതു തിരസ്‌കരിക്കപ്പെട്ടെങ്കിലും പലതും അവർ സ്വീകരിച്ചു. പത്രങ്ങൾ പ്രതിഫലമായി നൽകിയ പണത്തെക്കാൾ പ്രധാനമായി, എന്റെ കൃതികൾ അച്ചടിച്ചുവരുന്നതു കാണുന്നതിലുള്ള സന്തോഷം എഴുതാനുള്ള എന്റെ പ്രാപ്‌തിയിൽ വിശ്വാസം നട്ടുവളർത്താൻ സഹായിച്ചു.”
ജർമനിയിലെ മ്യൂണിക്കിൽനിന്നുള്ള 50 കഴിഞ്ഞ പ്രസന്നവതിയായ ഒരു സ്‌ത്രീയാണു മാർഗിറ്റ്. അവർ പറയുന്നു: “എനിക്കു വളരെ ഇഷ്ടമുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു. കടുകട്ടിയായിട്ടുള്ള വിഷയങ്ങൾ പോലും എത്ര ലളിതമായിട്ടാണെന്നോ ടീച്ചർ വിശദീകരിച്ചിരുന്നത്. എന്തെങ്കിലും മനസ്സിലായില്ലെങ്കിൽ ചോദിക്കാൻ അവർ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. വളരെ സൗഹാർദത്തോടെയാണ് ടീച്ചർ ഞങ്ങളോട് ഇടപെട്ടിരുന്നത്. അതുകൊണ്ട് അവരുടെ ക്ലാസ്സുകൾ ഞാൻ വളരെ ആസ്വദിച്ചിരുന്നു.”
ഏത് അധ്യാപകരാണ് വിദ്യാർഥികളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത്? “അധ്യാപനം —ഒരു അധ്യാപകന്റെ യാത്ര”(ഇംഗ്ലീഷ്) എന്ന തന്റെ പുസ്‌തകത്തിൽ വില്ല്യം ഏയെഴ്‌സ് ഉത്തരം നൽകുന്നു: “നല്ല അധ്യാപനം കാഴ്‌ചവെക്കണമെങ്കിൽ ഏറ്റവും പ്രധാനമായി ഒരു അധ്യാപകൻ കരുതലും ചിന്തയും ഉള്ളവനും വിദ്യാർഥികൾക്കായി തന്നെത്തന്നെ ഉഴിഞ്ഞുവെച്ചവനും ആയിരിക്കണം. . . . പഠിപ്പിക്കലിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത് സ്‌നേഹമാണ്. . . . അല്ലാതെ ഏതെങ്കിലും പ്രത്യേക രീതികളോ ശൈലികളോ പദ്ധതികളോ ഒക്കെ ബാധകമാക്കുന്നതല്ല.” അപ്പോൾ വിജയപ്രദനായ അധ്യാപകൻ ആരാണ്? അദ്ദേഹം പറയുന്നു: “നിങ്ങളുടെ ഹൃദയത്തെ സ്‌പർശിച്ച, നിങ്ങളെ മനസ്സിലാക്കുകയും ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്കായി കരുതുകയും ചെയ്‌ത, എന്തിനോടെങ്കിലുമുള്ള —സംഗീതം, കണക്ക്, ലാറ്റിൻ, പട്ടം പറത്തൽ അങ്ങനെ എന്തിനോടെങ്കിലുമുള്ള —സ്‌നേഹം നിങ്ങളിലേക്കു പകർത്തിയ, നിങ്ങളെ പ്രവർത്തനത്തിനു പ്രചോദിപ്പിച്ച അധ്യാപകൻ”.

മഹാനായ അലക്സാണ്ടർ പറയാറുണ്ട്: ‘എനിക്ക് ജീവന്‍ തന്നത് സ്വന്തം മാതാപിതാക്കളാണ്, എങ്കിലും ജീവിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് അധ്യാപകരാണ്’.
വിദ്യ പകര്‍ന്നു തരുന്നത് ആരായാലും അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് ഇന്ത്യക്കാരുടേത്. അതിനാല്‍ നാം എത്ര ഉന്നതരായാലും അതിനു പിന്നില്‍ ആത്മാർഥമായി പരിശ്രമിച്ച നമ്മുടെ അധ്യാപകർ ഉണ്ടെന്ന് ഓർക്കുക. വളരെ വലിയൊരു സേവനമാണ് അവർ ചെയ്യുന്നത്. പഴയ അധ്യാപകരെ ജീവിത വഴിയിൽ കണ്ടുമുട്ടുമ്പോൾ അവരെ ആദരിക്കുക, ബഹുമാനിക്കുക. അതാണ് അവർക്ക് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം.