99ലെ പ്രളയം

329
2

മഴയൊന്നു കനത്താൽ ഇന്ന് നമുക്ക് പേടിയാണ്. 2018, 2019 കളിലെ പോലെ പ്രളയം വീണ്ടും വരുമോ? കവളപ്പാറ, വയനാട് ദുരന്തങ്ങൾ ആവർത്തിക്കുമോ? തുടങ്ങിയ ഭീതി നമ്മെ വലയം ചെയ്യും. എന്നാൽ ഇതിനേക്കാൾ വലിയ പ്രളയദുരന്തം കേരളത്തെ മുഴുവൻ ബാധിച്ചിരുന്നു. നൂറു വർഷങ്ങൾക്കു മുമ്പ്, അവർണ്ണരെയും സവർണ്ണരെയും വരെ ഒന്നിപ്പിച്ച പ്രളയം, ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം… 99 ലെ വെള്ളപ്പൊക്കം! കൊല്ലവർഷം 1099 (കർക്കടകം)ൽ സംഭവിച്ചതിനാൽ “99ലെ വെള്ളപ്പൊക്കം” എന്നും 1924 (ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ) ഉണ്ടായതിനാൽ “1924 ലെ വെള്ളപ്പൊക്കം” എന്നും ചരിത്രത്തിൽ ഈ പ്രളയം അറിയപ്പെടുന്നു.

പ്രളയത്തിൻറെ പ്രധാന കാരണം മൂന്നാഴ്ചയോളം തുടർച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവും അധികം ബാധിച്ചത് ഇന്നത്തെ മധ്യകേരളത്തെ തന്നെയായിരുന്നു. തൃശൂർ, കോട്ടയം,എറണാകുളം, ആലപ്പുഴ,ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും ഏകദേശം ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ ആ പ്രളയത്തിൽ നഷ്ടമായി. നിരവധി പക്ഷിമൃഗാദികളും കണക്കാക്കാൻ പറ്റാത്ത അത്രയും കൃഷിയും നഷ്ടമായി. ശ്രീമൂലം തിരുന്നാൾ ആയിരുന്നു അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത്.
‘ഏഷ്യയിലെ സ്വിറ്റ്സർലൻഡ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളവും സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരവുമുള്ള മൂന്നാറിനെ പ്രളയം ശക്തമായി ബാധിച്ചു. അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോ റെയിൽ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കനത്ത പേമാരിയിൽ മൂന്നാറിലെ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്നിടത്ത് ഒരു ബണ്ട് തനിയെ ഉണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാകാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് തകർന്ന പോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകി വന്ന വെള്ളവും മരങ്ങളും കൂടി മൂന്നാർ പട്ടണത്തെ തകർത്തു തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു, റെയിൽവേ സ്റ്റേഷനും റെയിൽപാതയും മൂന്നാറിന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മഴക്കൊപ്പം ഡാമുകളും തുറന്നതോടെ പുഴകൾ കവിഞ്ഞൊഴുകി, അന്ന് പെരിയാറിൽ മുല്ലപെരിയാർ ഡാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചൽ പോസ്റ്റൽ സംവിധാനങ്ങൾ എല്ലാം മുടങ്ങി.

വൈക്കം സത്യാഗ്രഹത്തിന്റെ അതേ കാലഘട്ടത്തിലാണ് വെള്ളപ്പൊക്കം കേരളത്തിൽ ഉണ്ടായത്. ചരിത്രത്തിൽ മാത്രമല്ല പിന്നീട് പല സാഹിത്യ സൃഷ്ടികളിലും 1924ലെ വെള്ളപ്പൊക്കം ഇടം നേടിയിട്ടുണ്ട്. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’എന്ന ചെറുകഥയിലും കാക്കനാടൻ്റെ ‘ഓ റോത’ എന്ന നോവലിലും ചെറുക്കാടിന്റെ ‘ജീവിതപാത’യിലും എല്ലാം മഹാപ്രളയത്തിന്റെ ഓർമ്മപ്പെടുത്തലുകളുണ്ട്.

ദുരന്തങ്ങൾ ഓർമ്മപ്പെടുത്തലാകേണ്ടത് തന്നെയാണ്. കാരണം പ്രകൃതി ദുരന്തങ്ങൾക്ക് ഒരു നാടിൻ്റെ ജീവിതത്തേയും സംസ്കാരത്തെയും മാറ്റിമറിക്കാൻ തക്ക ശക്തിയുണ്ട്. ദുരന്തങ്ങൾക്ക് ആവർത്തന സ്വഭാവമുണ്ടെങ്കിൽ അതിന് കാരണമായേക്കാവുന്ന മനുഷ്യ ഇടപെടലുകൾ പരമാവധി ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ ആസൂത്രണം ചെയ്യാനും അവ നടപ്പിലാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “99ലെ പ്രളയം