ഹേമാ കമ്മിറ്റി റിപ്പോർട്ടാണ് നാട്ടിലെങ്ങും ചർച്ചാ വിഷയം. ചാനലുകളും ഓൺലൈൻ മീഡിയകളും എന്തിനേറെ പറയുന്നു നാട്ടിൻ പുറങ്ങളിലെ ചായകടകളിലടക്കം ഹേമാ കമിറ്റി റിപ്പോർട്ട് തന്നെ താരം!.
2017 ൽ മലയാള സിനിമയിലെ പ്രമുഖയായ നടി ആക്രമിക്കപെട്ട സംഭവത്തിനു ശേഷമാണ് ജൂലൈ ഒന്നിന് സർക്കാർ സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുന്നത്. ഹൈകോടതി മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹേമ യായിരുന്നു അധ്യക്ഷ. രണ്ടു വർഷത്തിനു ശേഷം 2019ൽ കമിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പക്ഷെ സർക്കാരും സിനിമാ മേഖലയിലുള്ളവരും റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ പരമാവധി ശ്രമിച്ചു. അവസാന നിമിഷം വരെ കോടതിയിൽ പോയെങ്കിലും വിവരവകാശ കമ്മീഷനറുടെ ശക്തമായ ഇടപെടൽ മൂലമാണ് ഇപ്പോൾ റിപ്പോർട്ട് പുറം ലോകം കാണുന്നത്.

എന്താണ് ഹേമാ കമിറ്റി റിപ്പോർട്ട് പറയുന്നത്? സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് സമ്പൂർണ്ണമായ ചൂഷണമാണെന്നും സമൂഹമാരാധിക്കുന്ന താരങ്ങളടക്കം ചൂഷണത്തിന് ചുക്കാൻ പിടിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ തങ്ങളുടെ ശരീരം പങ്കുവെക്കണമെതാണ് അവസ്ഥ എന്ന് റിപ്പോർട്ട് തുറന്നു കാണിക്കുന്നു. സെക്സും ഡ്രഗ്സുമാണ് സിനിമയിലെ യഥാർഥ താരങ്ങൾ. വെള്ളിത്തിരയിൽ അനീതിക്കെതിരിൽ ‘പോരാടുന്ന ‘ താരരാജാക്കന്മാർ കൂടെ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ശരീരത്തിൽ കണ്ണു വെക്കുന്ന കഴുകന്മാരാണെന്ന് ഇതോടെ വ്യക്തമാകുന്നു. സ്ത്രീ സ്വാതന്ത്രത്തിന്റെ അപ്പോസ്തലന്മാരായി രംഗത്തു വരുന്നവർ കൂടെ അഭിനയിക്കുന്നവർക്ക് മാന്യമായി വസ്ത്രം മാറാൻ, മൂത്രമൊഴിക്കാൻ പോലും അവസരം നൽകുന്നില്ല എന്ന് പറയുമ്പോൾ, എത്രമേൽ കപടമാണ് ഇവരുടെ നിലപാടുകൾ!
അത് പോലെത്തന്നെയാണ് ഡ്രഗ്സിന്റെ ഉപയോഗവും. പുതു തലമുറയിലെ നടൻമാരിൽ ഏറെപേരും ഡ്രഗ്സിന് അടിമകളാണെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നു. സമൂഹത്തിന്റെ, പ്രതേകിച്ചും പുതു തലമുറയെ ഗ്രസിച്ചിരിക്കുന്ന മയക്കു മരുന്നെന്ന മാരക വിപത്തു തടയണമെങ്കിൽ വെള്ളിത്തിരയിലെ ഈ ഡ്രഗ്സ് ലോബിയെ കൂടെ ഇല്ലാതാക്കേണ്ടി വരും. പക്ഷെ അതിനുള്ള ആർജ്ജവം ഭരിക്കുന്നവർക്കുണ്ടാകുമോയെന്നു കണ്ടറിയേണ്ടിവരും.
ചുരുക്കി പറഞ്ഞാൽ മതം നൽകിയ ധാർമിക പാഠങ്ങളുടെ പ്രസക്തിയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് നമ്മോട് പറയുന്നത്. സ്ത്രീകളോട് മാന്യമായി പെരുമാറാനും സ്ത്രീ ശരീരത്തെ കച്ചവടവത്കരിക്കുന്നതിൽ നിന്നും വിട്ടു നിൽക്കാനും മാന്യമായ വസ്ത്രധാരണമുൾപ്പെടെ ‘ആറാം നൂറ്റാണ്ടിന്റെ ‘ അധ്യാപനങ്ങളാണ്, വായ തുറന്നാൽ പുരോഗമനം മാത്രം പറയുന്നവരുടെ കയ്യിലിരുപ്പിനുള്ള യഥാർത്ഥ പരിഹാരം. ഒപ്പം മിന്നും താരങ്ങളൊന്നും മിന്നുന്നില്ലെന്നും അവരൊക്കെ യഥാർത്ഥ ജീവിതത്തിൽ തിന്മയുടെ അന്ധകാരത്തിൽ ഊളിയിട്ടിരിക്കുകയാണെന്നും ഈ റിപ്പോർട്ട് നമ്മോട് പറഞ്ഞു വെക്കുന്നു.