2024 ജൂണ്‍ 18 ന് നടന്ന യു.ജി.സി നെറ്റ് എക്‌സാം റദ്ദാക്കി കൊണ്ട് ഇന്നലെ രാത്രി സര്‍ക്കാര്‍ ഉത്തരവിറക്കിയത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് നെറ്റ് എക്‌സാമിലും ക്രമക്കേടുകള്‍ സംഭവിച്ചതായി പുറത്ത് വരുന്നത്. മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ ഭാവി സുരക്ഷിതമാക്കുവാന്‍ കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഇതോടെ വലിയ ആശങ്കയിലായിരിക്കുകയാണ്.
നെറ്റ് എക്‌സാമില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രമാണ് നിലവില്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടുള്ള വാര്‍ത്ത. എന്നാല്‍ ജൂണ്‍ 17 ന് പല ടെലഗ്രാം ഗ്രൂപ്പുകളിലും നെറ്റ് എക്‌സാം പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ ഉത്തര സൂചികയടക്കം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ നിലവില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാണെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയൊരു പരീക്ഷാ ക്രമക്കേടായി 2024 ജൂണ്‍ മാസത്തെ നെറ്റ് എക്‌സാം മാറുമെന്നതില്‍ സംശയമില്ല.
ഇത്തവണ 1121225 പേരാണ് നെറ്റ് എക്‌സാം പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍. ഇതില്‍ 908580 പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓ.എം.ആര്‍ ടൈപ്പ് പരീക്ഷയിലേക്ക് തിരിച്ചു പോയ പരീക്ഷയായിരിന്നു ഇത്തവണത്തെ നെറ്റ് എക്‌സാം. കൂടാതെ ജെ.ആര്‍.എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ രണ്ട് കാറ്റഗറിക്ക് പുറമേ പി.എച്ച്.ഡി എന്‍ട്രസിനുള്ള യോഗ്യതാ പരീക്ഷയായിക്കൂടി നെറ്റ് എക്‌സാം നടന്ന പരീക്ഷയാണ് ഈ കഴിഞ്ഞത്. അതിനാല്‍ വിവിധ ഉദ്ദേശ്യങ്ങളില്‍ പരീക്ഷയെഴുതിയ ധാരാളം വിദ്യാര്‍ഥികളുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണ് ഇടിത്തീ പോലെ പരീക്ഷാ റദ്ദാക്കല്‍ നടന്നത്.

രാഷ്ട്രീയ, ഭരണ സംവിധാനങ്ങളുടെ കെടു കാര്യസ്ഥതയും ഉദ്യോഗസ്ഥര്‍ക്കിടയിലെ സ്വജന പക്ഷപാതിത്വവും അഴിമതിയുമെല്ലാം ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടണം എന്നതില്‍ സംശയമില്ല. എന്നാല്‍ പരമപ്രധാനം രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവിയും പ്രതീക്ഷകളും തന്നെയാണ്. ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കണ്ട് നല്ല ജോലികള്‍ക്ക് വേണ്ടി കഠിന പരിശ്രമം നടത്തുന്ന വിദ്യാര്‍ഥികള്‍, രാജ്യത്തെ ഉന്നത പരീക്ഷകള്‍ സുതാര്യതയോടെയല്ല നടത്തപ്പെടുന്നത് എന്നറിയുന്ന അവസ്ഥ വിവരണാതീതമാണ്. രാജ്യത്തെ വിദ്യാര്‍ഥി സമ്പത്ത് മറ്റു രാജ്യങ്ങളിലേക്ക് പോവുന്നു എന്ന് വിലപിക്കുകയല്ല വേണ്ടത്. മറിച്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ട രീതിയില്‍ ഭൗതിക സംവിധാനങ്ങള്‍ ഒരുക്കാനും അവരെ ഇവിടെ പിടിച്ചു നിര്‍ത്താനും കഴിയണം. അതിന് കഴിയുന്നില്ല എങ്കില്‍ സര്‍ക്കാര്‍ പരാജപ്പെടുന്നു എന്നതാണ് അര്‍ഥം.
വലിയ സുരക്ഷാ സംവിധാനങ്ങളും മുന്നൊരുക്കങ്ങളുമെല്ലാം നടത്തിയാണ് നെറ്റ് എക്‌സാം പോലുള്ള പരീക്ഷകള്‍ നടത്താറുള്ളത് എന്ന് എന്‍.ടി.എ അവകാശപ്പെടുമ്പോള്‍ ഇത്തവണ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മറുപടി നല്‍കാന്‍ ഭരണകൂടം തയ്യാറാവണം. അത് പരീക്ഷാര്‍ഥികളുടെ അവകാശമാണ്. അല്ലാത്തപക്ഷം രാജ്യത്തെ ഉന്നത പരീക്ഷകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല മികച്ച പഠന സംവിധാനവും വിശ്വാസ്യതയും വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലേക്ക് ഭാവി തലമുറ പൂര്‍ണമായും ചേക്കേറും.
അതോടൊപ്പം ഇങ്ങനെ ഒരു വീഴ്ചയുണ്ടാവുന്നതിലേക്ക് നയിച്ച കാരണങ്ങള്‍ കൃത്യമായി പഠിച്ച് ഇല്ലായ്മ ചെയ്യാന്‍ കഴിയണം. ഭരണ സംവിധാനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം രാജ്യത്തിന്റെയും ജനങ്ങളുടെയും വളര്‍ച്ചയ്ക്കും അവരുടെ സുരക്ഷിതത്വത്തിന്നും മാത്രമായി ഉപയോഗിക്കുന്ന ഒരു നയനിലപാട് ഭരണസിരാ കേന്ദ്രങ്ങളിലിരിക്കുന്നവര്‍ സ്വീകരിക്കേണ്ടതുണ്ട്. ഇവയെല്ലാം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വ്യക്തിതാല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുമ്പോള്‍ കീഴ്ഘടകങ്ങളിലും താഴേ തട്ടു വരെയുള്ള ഭരണ സംവിധാനങ്ങളിലും ഇത്തരം താല്‍പര്യങ്ങള്‍ നിഴലിക്കുമെന്നതില്‍ സംശയമില്ല.