സിനിമാലോകവും ഇസ്‌ലാമോഫോബിയയും

350
0

സാധാരണക്കാർക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഒരു മാധ്യമമാണ് സിനിമ. ചരിത്രസംഭവങ്ങളെയും അതുമായി ബന്ധപ്പെട്ടവരെയും മഹത്വവത്കരിക്കുകയും കരിവാരിത്തേക്കുകയും ചെയ്യുക എന്നത് ഒരു തിരക്കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം അത്ര ദുഷ്കരമായ പണിയൊന്നുമല്ല. അതുകൊണ്ട് തന്നെ അത്തരത്തിൽ കാലികപ്രസക്തമായ സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അയഥാർത്ഥമായതും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ സിനിമകൾ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല.

വർത്തമാന ലോകത്ത് ഈ പഴുത് ഏറെ ഉപയോഗപ്പെടുത്തുന്നത് വർഗ്ഗീയ താല്പര്യങ്ങൾക്ക് പിൻബലമേകാനാണെന്നത് ഒരു വസ്തുതയാണ്. വിശിഷ്യാ, പൊതുമധ്യത്തിൽ ഇസ്ലാം മതത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പടർത്തുന്നതിൽ സിനിമകൾ വഹിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്. ഇസ്ലാമിനെ പ്രാകൃതവും പുരുഷമേധാവിത്വപൂർണവും അപരിഷ്കൃതവുമായി ചിത്രീകരിക്കുന്ന നിരവധി സിനിമകൾ കാണാൻ സാധിക്കും. ഇന്ത്യയുടെ ബഹുസ്വര സാമൂഹിക ഘടന തകർക്കാനുള്ള സംഘ്പരിവാർ ഒളിയജണ്ടയുടെ ഭാഗമാണ് ഇത്തരം സിനിമകൾ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് ഇത്തരം ഇസ്ലാമാഫോബിയ കലർന്ന സിനിമകൾ വളരെ വ്യാപകമായത്. അധികാര കേന്ദ്രങ്ങളുടെ തണലിലാണ് ഈ പ്രവണത ശക്തിയാർജ്ജിച്ചത്.
ബോളിവുഡ് ഇൻഡസ്ട്രി പലതവണ ഈ വിദ്വേഷപ്രചരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ(2016) , ദി കശ്മീർ ഫയൽസ് (2022) ,പത്മാവത്(2018) , തൻഹാജി(2020), ദി കേരള സ്റ്റോറി (2023) തുടങ്ങി ഒട്ടനവധി പ്രൊപ്പഗണ്ട സിനിമകളാണ് ഈ ചുരുങ്ങിയ കാലയളവിൽ ബോളിവുഡിൽ റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്. അവസാനമായി പുറത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച ഭരണകൂടത്തിൻ്റെ പരസ്യമായ പിന്തുണയും ഹിഡൻ അജണ്ടയെ സാധൂകരിക്കുന്നു. ഉത്തരേന്ത്യർക്കിടയിൽ കേരളീയ മുസ്ലിങ്ങളെ തീവ്രവാദികളായി മുദ്രകുത്താനാണ് ‘ദി കേരള സ്റ്റോറി’ എന്ന ബംഗാളി സിനിമ പുറത്തിറക്കിയത്. പ്രണയം നടിച്ച് മതപരിവർത്തനം നടത്തി സിറിയയിലേക്ക് കയറ്റിയയക്കപ്പെട്ട പെൺകുട്ടികളുടെ കഥയാണിതിൽ പറയുന്നത്. ഇസ്ലാം മതനിയമപ്രകാരം ലൗ ജിഹാദ് ഒരു പുണ്യകർമ്മമാണെന്ന് സ്ഥാപിക്കാനാണ് സിനിമ ശ്രമിക്കുന്നത്. കാശ്മീരി മുസ്ലിങ്ങളെ തീവ്രവാദികളും അവിടുത്തെ ഹിന്ദുക്കളെ പീഢിതരുമാക്കി ചിത്രീകരിച്ചും ഇസ്ലാമിനെ പ്രാകൃതവും ഭീകരവുമാക്കി തെറ്റിധരിപ്പിച്ചും മുസ്ലിം ജനതയെ വയലൻസിൻ്റെ പര്യായമാക്കി മാറ്റാനുള്ള ശ്രമമാണ് കശ്മീർ ഫയൽസ് കൊണ്ട് ലക്ഷ്യമിട്ടത്.

ഇത്തരം വിദ്വേഷസിനിമകൾ അന്യഭാഷകളിൽ ഒതുങ്ങുന്നില്ല. മോളിവുഡിലും ഇസ്ലാമോഫോബിക് സിനിമകൾ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. യഥാർഥ സംഭവങ്ങൾ വളച്ചൊടിച്ച് അതിൽ വർഗീയ ചേരുവകൾ ചേർത്ത് കൃത്യമായ അറിവും രാഷ്ട്രീയബോധവുമില്ലാത്ത പ്രേക്ഷകരിൽ വിഷം കുത്തിവെക്കുകയാണിവ നിറവേറ്റുന്ന ദൗത്യം. വിശ്വസനീയമെന്ന മട്ടിൽ മികച്ച ദൃശ്യാനുഭവം നൽകി സംഭവങ്ങളെ വഴിതിരിച്ച് വിട്ട് വെറുപ്പ് പടർത്തുന്ന ഒരു പ്രവണത മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നുണ്ട്. മഹേഷ് നാരായണൻ പുറത്തിറക്കിയ ടേക്ക് ഓഫും മാലിക്കും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഈ സിനിമകൾക്ക് കാരണമായ സംഭവങ്ങളിലെ ദൃക്സാക്ഷികൾ പോലും ഈ കെട്ടുകഥകളെ നിഷേധിച്ചിട്ടുണ്ട്. 2014 ലെ ഇറാഖ് കലാപത്തിൽ ഇന്ത്യൻ നഴ്സുമാരെ ബന്ധിയാക്കിയതും തുടർന്ന് മോചിപ്പിച്ചതുമായി ബന്ധപ്പെട്ട കഥപറയുന്ന ടേക്ക് ഓഫിൽ മെറിൻ ജോസ് എന്ന മലയാളി നഴ്സിനെ സമീറയാക്കിയതും നമസ്കാരവും ഖുർആൻ പാരായണവും അറിയാവുന്നതിൻ്റെ പേരിൽ ഐ എസ് ഭീകരരിൽ നിന്ന് മോചിതരാകുന്നതും തുടങ്ങി പ്രത്യക്ഷമായും പരോക്ഷമായും നിരവധി ഇസ്ലാം വിദ്വേഷ, ഇസ്ലാം ഭീതി ചിന്തകളിലേക്കാണ് ഈ സിനിമ പ്രചോദിപ്പിക്കുന്നത്. ഈ ചിത്രത്തിൻ്റെ റിലീസിന് ശേഷം മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാർവ്വതി തിരുവോത്ത് സിനിമയിലെ ഇസ്സാമോഫോബിയ തിരിച്ചറിയുകയും കുറ്റബോധം പ്രകടിപ്പിക്കുകയുമുണ്ടായി. സിനിമയുമായി ബന്ധപ്പെട്ട യഥാർഥ സംഭവത്തിന് ഇരയായവരുടെ മൊഴിയും സിനിമയും തമ്മിൽ അജഗജാന്തരമുണ്ടെന്നതും ശ്രദ്ധേയമാണ്.

2009 ലെ ബീമാപ്പളളി വെടിവെയ്പ്പും അതിലേക്ക് നയിച്ച സംഭവങ്ങളും വളച്ചൊടിച്ച് ചരിത്രമറിയാത്ത പുതുതലമുറയെ ലക്ഷ്യം വെച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു മാലിക്. സിനിമ വിവാദമായതിന് ശേഷം ചിത്രത്തിന് ബീമാപ്പള്ളി സംഭവവുമായി ബന്ധമില്ലെന്ന് സംവിധായകൻ പ്രഖ്യാപിച്ചെങ്കിലും സിനിമയിലെ റമദാപള്ളി പ്രതിനിധീകരിക്കുന്നത് ബീമാപള്ളിയെയാണെന്ന് ചരിത്രമറിയുന്നവർക്ക് മനസിലാകും.. ഈ വെടിവയ്പ്പിന് ഉത്തരവാദിയായ അന്നത്തെ ആഭ്യന്തരമന്ത്രിയെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയോ കുറിച്ച് സിനിമയിൽ ഒരു സൂചനയും നൽകാതിരിക്കുന്നതിൽ സംവിധായകൻ ദുരൂഹമായ സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. സുരേന്ദ്രൻ പിള്ള എന്ന അന്നത്തെ സ്ഥലം MLA സിനിമയിലെത്തുമ്പോൾ അബൂബക്കറാവുന്നത് അത്ര നിഷ്കളങ്കമായ സ്വാഭാവികതയല്ല. കള്ളക്കടത്തും തീവ്രതയും വർഗീയതയും ഒരു പ്രത്യേക സമുദായത്തിന് തലയിൽ ചാർത്താൻ കാണിച്ച വ്യഗ്രതയും സദുദ്ദേശപരമല്ല.


വിവിധങ്ങളായ ഇസ്ലാമോഫോബിക് ചേരുവകൾ ചേർത്ത് സജിൻ ബാബു തയ്യാറാക്കിയ സിനിമയാണ് ബിരിയാണി. മതവിശ്വാസികളെല്ലാം തീവ്രവാദികളാണെന്ന പരോക്ഷമായ പ്രഖ്യാപനം സിനിമയിലെ ചില സീനുകളിൽ കാണാം. കേരളത്തിലെ ഒന്നോ രണ്ടോ ശതമാനം മുസ്ലിങ്ങളിൽ കണ്ടുവരുന്ന അന്ധവിശ്വാസങ്ങളെ അഡ്രസ് ചെയ്യാനെന്ന പേരിൽ ഇറക്കിയ ഈ സിനിമ യഥാർഥത്തിൽ മുസ്ലിങ്ങൾക്ക് മേലുള്ള തെറ്റിദ്ധാരണകൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്. മതാടിത്തറ ഒട്ടുമില്ലാത്ത സ്ത്രീ ചേലാകർമ്മം, ഓൺലൈൻ മുത്ത്വലാഖ് , ലൗ ജിഹാദ് തുടങ്ങിയ പല വിഷയങ്ങളെയും സ്ഥാപിച്ചെടുക്കുന്ന വിധത്തിലാണ് ബിരിയാണി ചിത്രീകരിച്ചിരിക്കുന്നത്

ഇത്തരം സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ സെൻസർ ബോർഡ് അംഗങ്ങളുടെ പങ്കും എടുത്ത് പറയേണ്ടതാണ്. സെൻഡ്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കമ്മിറ്റിയിൽ അംഗങ്ങളെ നിയമിക്കാനുള്ള അധികാരം കേന്ദ്ര ഗവൺമെൻ്റിനാണെന്നതും പ്രസക്തമാണ്. പണ്ടു കാലങ്ങളിൽ ഇത്തരം വിദ്വേഷ സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കാതിരിക്കുന്ന സാഹചര്യമായിരുന്നുവെങ്കിൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം സിനിമകളെ കാര്യമായി പരിഗണിക്കുകയും ചരിത്രത്തോട് ഒട്ടും നീതി പുലർത്താത്ത സിനിമകൾ “based on true story” എന്ന ടാഗ്‌ലൈനോട് കൂടിയുള്ള പ്രദർശനത്തിന് വേഗത്തിൽ അനുമതി ലഭിക്കുകയും ചെയ്യുന്നുവെന്നത് ഏതൊരു ഒളിയജണ്ടയുടെ പ്രേരണാഫലമാണെന്ന് സാമാന്യബോധമുള്ളവർക്ക് ഊഹിക്കാം.

മലയാള സിനിമകൾ ദക്ഷിണകേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന ചിന്താഗതിയുടെ പ്രൊമോട്ടിങ്ങും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ട വിഷയമാണ്. സ്റ്റീരീയോടൈപ്പുകൾക്ക് വിരുദ്ധമായി പുറത്തിറങ്ങുന്ന മലബാറി പശ്ചാതലമുള്ള ചിത്രങ്ങളെല്ലാം ചികഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കാൻ തക്കം പാർത്തിരിക്കുന്ന ചിലരുണ്ട്. കള്ളിമുണ്ടും ബനിയനും അരപ്പട്ടയും ധരിച്ച് അടിമ കണക്കെ നാല് ഭാര്യമാരുള്ള, മലപ്പുറക്കാർ ഇന്നേവരേ കേട്ടിട്ടില്ലാത്ത മലയാളം സംസാരിക്കുന്ന, സ്ത്രീസ്വാതന്ത്ര്യത്തെ വിലവെയ്ക്കാത്ത ഇക്കാമാർ ഇല്ലാത്ത മലബാറി ചിത്രങ്ങൾ ഇവരെ സംബന്ധിച്ചിടത്തോളം അപൂർണമാണ്. അതുകൊണ്ട് തന്നെ മലബാറിലെ യഥാർഥ ജീവിതശൈലി ചിത്രീകരിക്കുന്ന സിനിമകൾ ഇവർക്ക് ദഹിക്കാൻ പ്രയാസമാണ്. സുഡാനി ഫ്രം നൈജീരിയ, KL പത്ത്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ഒട്ടനവധി ചിത്രങ്ങൾ ഇത്തരക്കാരുടെ അക്രമത്തിന് വിധേയമായിട്ടുണ്ട്. സ്റ്റീരിയോടെപ്പുകളെ നിർവീര്യമാക്കി സിനിമകളെടുക്കാൻ ശ്രമിച്ച മുഹ്സിൻ പരാരി എന്ന പ്രമുഖ യുവ തിരക്കഥാകൃത്തും ദൗത്യത്തിൻ പൂർണമായി വിജയിച്ചുവെന്ന് പറയാനാവില്ല. മറ്റു സിനിമകളിലെ പൊളിറ്റിക്കൽ കറക്ട്സ് ചികയുന്ന ചില പ്രത്യേക വിഭാഗത്തിൻ്റെ ശുഷ്കാന്തി പരാരിയുടെ ‘തല്ലുമാല’യുടെയും മറ്റും കാര്യത്തിലും കാണിച്ച് നേരത്തിന് തിരുത്തിക്കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ നല്ല മലബാറി സിനിമകൾ പിറവിയെടുക്കുമായിരുന്നു..


വാസ്തവത്തിൽ പൊതുബോധത്തെ മുസ്ലിങ്ങൾക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നതിന് പുറമേ പല സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും ജനമനസുകളുടെ ശ്രദ്ധ തിരിക്കാനും മാധ്യമശ്രദ്ധയെ വഴിതിരിച്ച് വിടാനും ഈ വിദ്വേഷസിനിമാ തന്ത്രം പ്രയോഗിക്കുന്നുണ്ട്. കാലങ്ങളായി പുറത്തിറങ്ങുന്ന ഇത്തരം ചിത്രങ്ങൾക്ക് സ്വാഭാവികതയുടെ ന്യായീകരണം ലഭിക്കുന്നുവെന്നത് ഭീതിയുണർത്തുന്ന സത്യമാണ്. ഇത്തരം സിനിമകൾക്ക് നേരെ ഇനിയും മൗനം തുടർന്നാൽ ചരിത്രം തുടച്ച് നീക്കി വർഗ്ഗീയ ശക്തികളുടെ താൽപര്യത്തിനനുസരിച്ച് പുതിയ (വികല) ചരിത്രം എഴുതിച്ചേർക്കുന്ന കാലം വിദൂരമല്ല.

Leave a Reply

Your email address will not be published. Required fields are marked *