മനശ്ശുദ്ധിയാണ് വിജയമാർഗം

228

സൂര്യൻ, ചന്ദ്രൻ, പകൽ, രാത്രി, ആകാശം, ഭൂമി, മനസ്സ് എന്നീ ഏഴ് കാര്യങ്ങളെ സംബന്ധിച്ച് അല്ലാഹു സത്യം ചെയ്ത് പറഞ്ഞു തുടങ്ങുന്ന ഒരു സവിശേഷ സൂറത്താണ് സൂറത്തുശ്ശംസ്. അവസാനം പറഞ്ഞ മനസ്സിൻ്റെ വിശകലനമാണ് ഈ സൂറത്തിൻ്റെ പ്രധാന പ്രതിപാദ്യ വിഷയം. അതിപ്രകാരം:

“മനസ്സിനെയും അതിനെ ശരിയായ വിധത്തിലാക്കിയ സംവിധാനത്തെയും തന്നെ സത്യം, അതിന് (മനസ്സിന്) അതിൻ്റെ അധർമവും ധർമബോധവും ഉൾച്ചേർത്തു വെച്ചു. തീർച്ചയായും അതിനെ (മനസ്സിനെ) സംസ്കരിച്ചവൻ വിജയിച്ചു. അതിനെ മലിനപ്പെടുത്തിയവൻ പരാജയപ്പെട്ടു.”
(അശ്ശംസ്: 7-10)

വിശുദ്ധ ഖുർആനിലെ 91 ആം അധ്യായമായ സൂറത്തുശ്ശംസിൽ 15 ആയത്തുകളാണുള്ളത്. രണ്ട് വിഷയങ്ങളാണിതിലെ പ്രതിപാദ്യ വിഷയം .

1 മുതൽ 10 വരെ ആയത്തുകളിൽ മനുഷ്യ മനസ്സിൻ്റെ അവസ്ഥകളെയും അത് പരിശുദ്ധമാക്കി വെക്കുന്നതിൻ്റെയും ആവശ്യകതയാണ് പറയുന്നത്. മനസ്സിൻ്റെ ശുദ്ധിയാണ് ജീവിത വിശുദ്ധി. അത് തന്നെയാണ് വിജയമാർഗവും. മനസ്സിനെ മലിനപ്പെടുത്തിയവൻ പരാജയപ്പെടും എന്ന കാര്യവും അല്ലാഹു ഊന്നിപ്പറയുന്നു.

11 മുതൽൽ 15 വരെ ആയത്തുകളിൽ സമൂദ് ഗോത്രം പ്രവാചകനെയും പ്രവാചക ദൃഷ്ടാന്തത്തെയും നിഷേധിച്ചു തള്ളിയതിൻ്റെയും അതിൻ്റെ പ്രത്യാഘാതമായി അവരിലേക്ക് അല്ലാഹുവിൻ്റെ ശിക്ഷയിറങ്ങിയതിൻ്റെയും കാര്യമാണ് വിശദീകരിക്കുന്നത്.

വെളിച്ചം :
എല്ലാ സമുദായത്തിലേക്കും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. ആ പ്രവാചകന്മാരിൽ പലർക്കും വ്യക്തമായ ദൃഷ്ടാന്തങ്ങളുമുണ്ടായിരുന്നു. അവർ പ്രവാചകന്മാരാണ് എന്നതിൻ്റെ സാക്ഷീകരണവുമാണത്. ഇതിനെയാണ് മുഅജിസത്ത് അഥവാ അമാനുഷിക സംഭവം എന്ന് പറയുന്നത്.സ്വാലിഹ് നബിക്ക് പാറ തുരന്ന് പുറത്ത് വന്ന ഒരു ഒട്ടകമായിരുന്നു മുഅജിസത്ത്.

പ്രവാചകന്മാരെ ആദരിക്കുന്നത് പോലെ അവരുടെ മുഅജിസത്തിനെയും നാം പരിഗണിക്കുകയും ആദരിക്കുകയും വേണം. അല്ലങ്കിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. സ്വാലിഹ് നബിയെ ധിക്കരിക്കുകയും ദൃഷ്ടാന്തമായ ഒട്ടകത്തെ അറുക്കുകയും ചെയ്തപ്പോൾ സമൂദ് ഗോത്രത്തിൻ്റെ നേരെ ദൈവികശിക്ഷയിറങ്ങിയത് ഒരുദാഹരണം.
പ്രവാചകന്മാരെയും അവരുടെ മുഅജിസത്തിനെയും പരിഗണിക്കുകയും ആദരിക്കുകയും ചെയ്യാൻ കഴിയണമെങ്കിൽ പ്രഥമവും പ്രധാനവുമായി വേണ്ടത് മനസ്സിൻ്റെ വിശുദ്ധിയാണ്. ഇതാണ് ഈ സൂറത്ത് പകർന്നു തരുന്ന വേദ വെളിച്ചം.