അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് ) വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഏഴ് കാമ്പസുകൾ
തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പൂനെ, ഭോപ്പാൽ,തിരുപ്പതി, ബെർഹാംപൂർ എന്നീ കാമ്പസുകളിൽ ശാസ്ത്രവിഷയങ്ങളിൽ ബാച്ച്ലർ, ഇൻ്റഗ്രേറ്റഡ് ബാച്ച്ലർ – മാസ്റ്റേഴ്സ്, പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകൾ ലഭ്യമാണ്.
പ്ലസ് ടുക്കാർക്ക് വിവിധ പ്രോഗ്രാമുകൾ
പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന ബാച്ച്ലർ, ഇൻ്റഗ്രേറ്റഡ് ബാച്ച്ലർ – മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്.
ബി.എസ് – എം.എസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ
വിവിധ ഐസറുകളിലായി ബയോളജിക്കൽ സയൻസസ്,കെമിക്കൽ സയൻസസ്, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ് / എർത്ത് ആൻഡ് എൻവയോൺമെൻ്റൽ സയൻസസ്, ജിയോളജിക്കൽ സയൻസസ്,മാത്തമറ്റിക്കൽ സയൻസസ്,ഫിസിക്കൽ സയൻസസ്, ഇൻ്റഗ്രേറ്റഡ് ആൻഡ് ഇൻറർ ഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ സയൻസസ്,കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഡേറ്റ സയൻസസ്, ഫിസിക്കൽ സയൻസസ്) തുടങ്ങിയ വിഷയങ്ങളിൽ അഞ്ചുവർഷത്തെ ബി.എസ് – എം.എസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളുണ്ട്. ആദ്യ രണ്ട് വർഷം എല്ലാ വിദ്യാർഥികൾക്കും പൊതുവായുള്ള ഫൗണ്ടേഷൻ കോഴ്സുകളാണ്. പിന്നീടുള്ള രണ്ടു വർഷം ഒരു മേജർ വിഷയത്തിൽ സ്പെഷ്യലൈസേഷൻ പഠനവും അവസാനവർഷം മുഖ്യമായും ഗവേഷണവുമാണ്.
തിരുവനന്തപുരം ഐസർ കാമ്പസിൽ ബേസിക് സയൻസസ് (ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ), ഇൻ്റഗ്രേറ്റഡ് ആൻഡ് ഇൻ്റർ ഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ, കെമിക്കൽ,ഡാറ്റാ സയൻസസ്, മാത്തമാറ്റിക്കൽ, ഫിസിക്കൽ) എന്നീ ബി.എസ് – എം.എസ് പ്രോഗ്രാമുകളാണുള്ളത്
ബി.എസ് പ്രോഗ്രാമുകൾ
ഐസർ ഭോപ്പാലിൽ മാത്രമാണ് നാല് വർഷ ബാച്ച്ലർ ഓഫ് സയൻസ് (ബി.എസ് ) പ്രോഗ്രാമുകളുള്ളത്. എൻജിനീയറിങ് സയൻസസ് (കെമിക്കൽ എൻജിനീയറിങ്,ഡാറ്റാ സയൻസ് ആൻഡ് എൻജിനീയറിങ്,ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ), ഇക്കണോമിക് സയൻസസ് എന്നീ പ്രോഗ്രാമുകളാണുള്ളത്
യോഗ്യത
2022/ 2023/ 2024 വർഷങ്ങളിൽ പ്ലസ് ടു സയൻസ് സ്ട്രീമിൽ 60% മാർക്ക് (പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 55% ) ലഭിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനാവസരം. രണ്ടാം വർഷ മാർക്കാണ് പരിഗണിക്കുക. ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ്,ബയോളജി എന്നിവയിൽ മൂന്ന് വിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം. എന്നാൽ നാല് വർഷ ബി.എസ് പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു വിൽ മാത്തമാറ്റിക്സ് നിർബന്ധമായും പഠിച്ചിരിക്കണം.
പ്രവേശനം ഐ.എ.ടി വഴി മാത്രം
ഈ വർഷം മുതൽ മുഴുവൻ സീറ്റുകളും ഐ.എ.ടി (ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ) വഴിയാണ് നികത്തുന്നത്. ജൂൺ 9 നാണ് പരീക്ഷ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളിൽ നിന്ന് 15 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് 4 മാർക്ക് .ഉത്തരം തെറ്റിയാൽ ഒരു മാർക്ക് കുറയും. ആകെ 240 മാർക്ക് . പരിക്ഷയുടെ സിലബസും മുൻ വർഷങ്ങളിലെ ചോദ്യങ്ങളും മോക്ക് ടെസ്റ്റും ഓദ്യോഗിക വെബ്സൈറ്റായ www.iiseradmission.in ൽ ലഭിക്കും.
അപേക്ഷ
ഏപ്രിൽ ഒന്നു മുതൽ മെയ് 13 വരെ www.iiseradmission.in വഴി അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ മതി. ഏഴ് ക്യാമ്പസുകളിലേക്കും പൊതുവായി ഒരു അപേക്ഷ മതി. പരീക്ഷാ ഫലം വന്നതിന് ശേഷം ചേരാനാഗ്രഹിക്കുന്ന ഐസറുകളുടെ മുൻഗണനാക്രമം ഓൺലൈനായി നൽകണം.
സ്കോളർഷിപ്പ്
ഏതാനും വിദ്യാർത്ഥികൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ മാനദണ്ഡപ്രകാരം ഇൻസ്പെയർ സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.
ഐ.എ.ടി സ്കോർ മറ്റ് പ്രവേശനങ്ങൾക്കും
ഐ.ഐ.എസ് സി ബെംഗളൂരുവിലെ ബാച്ച്ലർ ഓഫ് സയൻസ് (ബി.എസ് ) റിസർച്ച് പ്രോഗ്രാം പ്രവേശനത്തിന് ഐ.എ.ടി സ്കോറും പരിഗണിക്കും. മെയ് ഏഴിനകം ഐ.ഐ.എസ് സി വെബ്സൈറ്റിൽ പ്രത്യേകം അപേക്ഷിക്കണം. കൂടാതെ ഐ.ഐ.ടി മദ്രാസ് നടത്തുന്ന നാലുവർഷ ബാച്ച്ലർ ഓഫ് സയൻസ് (ബി.എസ്) മെഡിക്കൽ സയൻസ് ആൻഡ് എൻജിനീയറിങ് പ്രോഗ്രാമിൻ്റെ പ്രവേശനത്തിനും ഐ.എ.ടി സ്കോർ പരിഗണിക്കാറുണ്ട്.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.