രണ്ടാം കല്യാണം

706
0

ഇരുട്ട് നിറഞ്ഞ തെക്കേമുറിയാണ് അവൾക്കെന്നും പ്രിയം. മൂലോടിന്റെ ചെറിയ വിടവിലൂടെ സൂര്യപ്രകാശത്തിന്റെ നേർത്ത വെള്ളിവരകൾ ഇരുൾ കട്ടപിടിച്ച മുറിയിൽ മങ്ങിയ വെട്ടമുണ്ടാക്കി. കിടക്ക വിരിക്കാത്ത മരക്കട്ടിലിൽ നുരുമ്പിത്തുടങ്ങിയ പുൽപ്പായയില്ലാതെ അവൾക്കുറക്കം വരില്ല. പരിഭവങ്ങൾ കേട്ടുമടുത്ത ചെറിയ ബെഞ്ചു പടിക്ക് ക്ഷയം വന്ന് തുടങ്ങി. രാവിനെ പകലാക്കി പ്രിയപ്പെട്ടവന്റെ ഓർമയിൽ അവൾ വരച്ച കണ്ണീർ ചിത്രങ്ങൾ തലയിണയെ പൊതിർത്തിയിട്ടുണ്ട്. ഉപ്പ് ഘനീഭവിച്ച് അതിന് കനം വെച്ചിട്ടുണ്ട്.

അൻവർ അവളെ തനിച്ചാക്കി പോയിട്ട് ഒന്നര വർഷമായി. പ്രാണന്റെ പാതിയുടെ ആത്മാവ് പരലോകം പൂണ്ടപ്പോൾ അവളും മരിച്ചിരുന്നു. മരവിച്ച ഹൃദയവും ശരീരവും മാത്രം ബാക്കിയായി.. ഇദ്ദ കഴിഞ്ഞ് , വെളിച്ചം കാണാതെ കാറ്റും വീപ്പുമേൽക്കാതെ മുഷിഞ്ഞ ഗന്ധം പരക്കുന്ന മുറിവിട്ട് ഒന്ന് പുറത്തിറങ്ങണം എന്ന് അവൾ വല്ലാതെ ആശിച്ചു. വെന്തു നീറുന്ന തന്റെ മനസ്സിൽ തെളിനീരു തേവാൻ പഴയ അത്തിക്കുളത്തിനും ആനപ്പാറയ്ക്കും പനയം കുന്നിനും മാത്രേ കഴിയൂ…… സീതയെക്കൂട്ടി അവിടം പോണം. വേദനകൾ തെക്കൻ കാറ്റിനോട് പറഞ്ഞ് തീർക്കണം….

അയ്ഷൂ…. ഡി ….

എന്തോ ഗാഢമായ ചിന്തയിലാണല്ലൊ…

സീത ചാരിവെച്ചിരുന്ന വാതിൽ തള്ളിത്തുറന്ന് ജനാലയിലൂടെ പുറത്തേക്ക് കണ്ണുംനട്ടിരിക്കുന്ന ആയിഷയുടെ അരികിൽ വന്നിരുന്നു. ഇരു കവിളിലും നുള്ളിക്കൊണ്ട് ചോദിച്ചു…… നീ ഇവിടെ ഇങ്ങനെ ചടഞ്ഞിരിക്കാണോ ജീവിതകാലം മുഴുവൻ…. ആയിഷ സീതയെ നോക്കി. നിറം വറ്റിയ ചൊടികൾ വിടർത്തി വേദനയോടെ പുഞ്ചിരിച്ചു.

സീത എഴുന്നേറ്റു അവളുടെ തലയിലെ തട്ടം മാറ്റി, എണ്ണമയമില്ലാത്ത അവളുടെ ജഡപിടിച്ച മുടി എണ്ണ തേച്ച് ചീകിയൊതുക്കി. കണ്ണിൽ സുറുമ വരച്ചു കൊടുത്തു. ആയിഷ ഒന്നും അറിയുന്നതെ ഉണ്ടായിരുന്നില്ല.

ചെറുപ്പം തൊട്ടെ ഉള്ള കൂട്ടാണ് സീതയും ആയിഷയും. ഇരു മതസ്ഥർ, ഇരുവീട്ടുകാർ എങ്കിലും അവർ ഒരേ ചോരയാണെന്നെ കാണുന്നവർ പറയൂ. ആയിഷയുടെത് തികച്ചും ഇസ്ലാമിക ചിട്ടയിൽ ജീവിക്കുന്ന കുടുംബം. പ്ലസ്ടു കഴിഞ്ഞ് കല്യാണം കഴിപ്പിച്ചു വിടാനൊരുങ്ങിയ ആയിഷക്ക് വേണ്ടി
വക്കാലത്ത് പറഞ്ഞ് വാദിച്ച് അവളെ തുടർപഠനത്തിന് പറഞ്ഞയച്ചത് സീത കാരണമാണ്. അങ്ങനെ B.com രണ്ടാം വർഷം, പഠനത്തെ പാതി വഴിയിൽ തളച്ച് വീട്ടുകാർ ആയിഷയെ അൻവറിന് കൈപിടിച്ചേൽപിച്ചു. മധുവിധു തീരും മുന്നെ അവനെ റബ്ബ് തിരികെ വിളിച്ചു.

ഇന്ന് ആയിഷ റൂഹ് നഷ്ടപ്പെട്ട വെറും ജസദ് മാത്രമാണ്..
22 വയസ്സായപ്പോഴേക്ക് വിധവയാവേണ്ടി വന്ന പെൺക്കുട്ടി ചുട്ടു പഴുത്ത മണലിലൂടെ മരുപ്പച്ച തേടി ഓടുകയാണ്. വേവുന്ന ഹൃദയത്തിൽ തൂമഞ്ഞിൻ കണമായി ഇടയ്ക്ക് പെയ്തിറങ്ങി അവിടം തണുപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്…..

ഐഷൂ …നമുക്ക് പുറത്ത് പോയാലോ,
പനയം കുന്നിൽ….. സീത അവളുടെ തോളിൽ കൈയിട്ടു കൊണ്ട് ചോദിച്ചു.
ആയിഷയുടെ കണ്ണുകൾ നിറഞ്ഞു. അവൾ സീതയെ ഇരു കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കി.
മ്.. പോവാം…

അടുക്കളയിൽ ഉമ്മയും ഉമ്മാമയും തിരക്കിട്ട പണിയിലാണ്. ഉപ്പ കോലായിലിരുന്ന് പത്രം വായിക്കുന്നു. തട്ടം നേരെയാക്കി പുറത്തേക്ക് വരുന്ന ആയിഷയെക്കണ്ട് ഉമ്മാമ്മയുടെ നെറ്റി ചുളിഞ്ഞു. മുറിവിട്ട് പുറത്തിറങ്ങാത്തവൾ ഇന്നെവിടെ പോവുന്നു.

ഉമ്മാ…. ഞങ്ങളൊന്ന് പുറത്ത് പോകുവാണേ…. കുന്നിൽ പോയി ഇപ്പൊ വരാം. സീതയാണ് പറഞ്ഞത്.

പുട്ടുപൊടി കുറ്റിയിലിടുന്നതിനിടയിൽ അവൾ പറയുന്നത് കേട്ട് ഉമ്മ ഞെട്ടിത്തിരിഞ്ഞു. ഉമ്മാമ്മ അരിഞ്ഞു കൊണ്ടിരുന്ന ചേമ്പിൻ തണ്ടും കത്തിയും മുറത്തിലേക്കിട്ടു.

എവിടെയും പോവണ്ട ആയിഷാനെക്കൂട്ടി. അവളെ പുയ്യാപ്ല മയ്യത്തായിട്ട് രണ്ട് കൊല്ലം തികഞ്ഞില്ല. കേൾക്കാൻ പറ്റാത്ത എന്തോ കേട്ട പോലെ കവിൾ വിറപ്പിച്ച് ഉമ്മാമ്മ പറഞ്ഞു. കണ്ണിൽ നിറഞ്ഞ കണ്ണുനീര് തട്ടത്തലപ്പ് കൊണ്ട് ഒപ്പിയെടുത്ത് ഉമ്മയും അതിനെ ശരി വെച്ചു. ആയിഷ മൗനിയായി. യാതൊന്നും ഗൗനിക്കാതെ സീത അവളുടെ കയ്യും പിടിച്ച് കുന്നോരത്തേക്ക് നടന്നു.

ആനപ്പാറയുടെ ഏറ്റവും ഉച്ചിയിൽ ഇരുവരും ഇരുന്നു . പരസ്പരം മിണ്ടാതെ. ആയിഷ എല്ലാം ആസ്വദിക്കുകയായിരുന്നു. നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ ഒരു കുഞ്ഞുകുട്ടിയുടെ കൗതുകവും ഉത്സാഹവുമായിരുന്നു അവളുടെ മുഖത്ത്. സീത മാറിയിരുന്ന് എല്ലാം നോക്കിക്കണ്ടു. മിഴികൾ നിറഞ്ഞു. തന്റെ പ്രിയകൂട്ടുകാരി, അവളെ പഴയ ഐഷു ആക്കണം…. അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു.

മൗനത്തിന്റെ കൂരമ്പുകളെ ഭേദിച്ചു കൊണ്ട് സീത ആയിഷയോട് ചോദിച്ചു. ഐഷു…. നിനക്ക് നിർത്തി വെച്ച പഠനം പു:നരാരംഭിച്ചൂടെ…? ആയിഷ ഒന്ന് മൂളുക മാത്രം ചെയ്തു. ഞാനെല്ലാം ശരിയാക്കാം. ഡിഗ്രി ഫസ്റ്റ് മുതൽ തുടങ്ങാം. അഡ്മിഷൻ ഒക്കെ ഞാൻ റെഡിയാക്കാം. എന്റെ വല്യച്ചനോട് പറഞ്ഞാ മതി. നമ്മുടെ കോളേജിന്റെ മാനേജ്മെന്റിൽ ഉണ്ട് വല്യച്ചൻ…. ഞാൻ തന്നെ വീട്ടിൽ സംസാരിക്കാം. ആയിഷയുടെ നീര് വറ്റിയ കണ്ണിൽ പ്രതീക്ഷയുടെ തിരിവെട്ടം തെളിഞ്ഞു.

വീട്ടിലെത്തിയ ഉടനെ സീത ആയിഷയുടെ പഠന കാര്യം ഉണർത്തി. ഉമ്മാമ്മ എപ്പോഴും പറയുന്നത് പോലെ അപ്പഴും പ്രതികരിച്ചു. ഉമ്മ അതിനെ പിന്താങ്ങി മൗനം ഭുജിച്ചു. അർദ്ധ സമ്മതത്തോടെ ആണെങ്കിലും ഉപ്പ എസ് മൂളി. അത് മാത്രം മതിയായിരുന്നു ഇരുവർക്കും.

ക്ലാസിന് പോയിത്തുടങ്ങിയതോടെ ആയിഷ നാട്ടിലെ ചർച്ചാ വിഷയമായി. നാല് പെണ്ണുങ്ങൾ കൂടിയാൽ അവിടെ പുകില് തന്നെ.! അയൽക്കൂട്ടം നടക്കുന്ന അന്ത്രുവിന്റെ വീടിന്റെ തൂണ് മുതൽ ഹൈദരിന്റെ ചായപ്പീടികയിലെ കാലിളകിയ ബെഞ്ച് വരെ ചർച്ചയ്ക്ക് സാക്ഷികളായി.

ഒളിഞ്ഞും തെളിഞ്ഞും അമ്പുകൾ. അതൊന്നും പക്ഷെ ആയിഷ ശ്രദ്ധിച്ചതെയില്ല. ഉമ്മാമ്മക്ക് ഉറക്കം കെട്ടു. ഉമ്മാക്ക് വിശപ്പടങ്ങി. മകൾ അഴിഞ്ഞാട്ടക്കാരിയായി പോലും. ചെറുപ്പത്തിലെ ഭർത്താവ് മരിച്ചവൾ ഇപ്പഴെ ഇങ്ങനെ പുറത്തിറങ്ങി നടക്കുകയോ.!!

ഒരിക്കെ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ബ്രോക്കർ ഖാദർ കോലായിലിരിക്കുന്നു’. അടുക്കളയിലേക്ക് കയറുമ്പഴെ ഉമ്മാന്റെ തേങ്ങൽ കേട്ടു. ഉമ്മാമ്മാന്റെ നെടു വിർപ്പുകൾ..
അയലത്തെ സൈനാത്ത മസ്അല പറയുന്നുണ്ട്. മാപ്പള മരിച്ചാൽ പിന്നെ പെണ്ണുങ്ങൾ പുറത്തിറങ്ങാൻ പറ്റോ. ഉള്ളത് തിന്ന് ഉടുത്തത് പുതച്ച് ഇരുട്ടു മുറിയിൽ കഴിയണം, കൊറേക്കാലം. ഓന്റെ മരണത്തിന്റെ ചൂരും മണവും അടങ്ങീട്ടെ പുറം കാണാവൂ. ഇതിപ്പൊ രണ്ട് കൊല്ലം തികഞ്ഞില്ല. അപ്പോഴേക്ക് ഓളെ ഇങ്ങള് കയറൂരി വിട്ടേക്ക്ണ്. ഇതൊന്നും ദീനുൽ ഇസ്ലാമിൽ പറഞ്ഞതല്ല. ഇപ്പൊ ദാ കല്യാണോം വന്ന്ക്ക്ണ്.
ലഅനത്തിറങ്ങും ഇബടെ……

വട്ടക്കണ്ണട നേരെയാക്കി തട്ടം ഒന്നുകൂടെ പുതച്ച് സൈനാത്ത ഉമ്മമ്മാനോട് ചേർന്നിരുന്നു, ശബ്ദം താഴ്ത്തി പറഞ്ഞു,
അങ്ങേത്തൊട്ടൂലെ കരീമിന്റെ പെണ്ണിനെ മാപ്പള മരിച്ച് മൂന്നാണ്ട് തെകയ്ണ മുന്നെ കെട്ടിച്ച് ഒരു കുട്ടിണ്ടായി, കുട്ടി മൂന്ന് വയസ് ആവണ മുന്നെ മയ്യത്തായി….. ഉമ്മാമ്മ വായ പൊത്തിപ്പിടിച്ചു. ന്റെ റബ്ബേ…

സൈനാത്ത തുടർന്നു , ഹാ… അതന്നെ, ഓന്റെ പൊര്ത്തം ഇല്ലാഞ്ഞി ട്ടാ… ഇതൊക്കെ ഞമ്മള് കണ്ടും അറിഞ്ഞും ചെയ്യണ്ടതാ…. പണ്ടത്തെ കാലത്തൊക്കെ ആണുങ്ങൾ മരിച്ചാൽ, അതും ചെറ്പ്പക്കാരി പെങ്കുട്ട്യാള്, പിന്നെ പൊരേന്ന് പൊറ്ത്തെറങ്ങോ ഇപ്പത്തെ കുട്ട്യാള്ക്ക് അന്തം ണ്ടോ. ഓല്ക്ക് പോച്ചത് പോലെ കാട്ടാ. സൈനാത്ത പറഞ്ഞു നിർത്തി.

ആയിഷ റൂമിൽക്കയറി, തലയ്ക്ക് കൈ കൊടുത്തു, ആരോടെന്നില്ലാതെ പറഞ്ഞു, വല്ലാത്തൊരു മൻഷന്മാര്. ഉമ്മാമ്മ കഴിയുന്ന പോലെ കല്യാണം മുടക്കാൻ നോക്കി. സൈനാത്ത അവർക്കറിവുള്ള ദുരന്ത കഥകളുടെയും ബലാഅ് മുസീബത്തുകളുടെ കെട്ടഴിച്ചു..

ഉപ്പ തീരുമാനത്തിൽ നിന്നും ഒരടി പിന്നോട്ടു വെച്ചില്ല. സീതയ്ക്ക് വേണ്ടി ആയിഷയും മൗനത്താൽ സമ്മതമറിയിച്ചു. ഉമ്മ പതിവു പോലെ കണ്ണീരു തുടച്ചു.

മദ്റസയിൽപ്പോകുന്ന കുട്ടികളുടെ അടുത്ത് ഉമ്മാമ്മ എന്തോ പേപ്പർ ചുരുട്ടിക്കൊടുക്കുന്നത് കണ്ടു . അന്ന് വൈകീട്ട് നാട്ടിലെ കാര്യപ്പെട്ട ഹസ്സൻമൊല്ല ഉസ്താദ്, ആയിഷയുടെ വന്ദ്യ ഗുരു, ഉമ്മമ്മാന്റെ വകയിലെ ആങ്ങളയായിട്ട് വരും, വീട്ടിലേക്കു വന്നു. ഉമ്മാമ്മ വിളിപ്പിച്ചതാണ്. ഉമ്മാമ്മ കാര്യം അവതരിപ്പിച്ചു. കൊല്ലം രണ്ട് തെകയുന്ന മുന്നേ കെട്ടിച്ചയച്ചാൽ തന്റെ പേരക്കുട്ടിക്ക് വല്ല ആപത്തും വരുമെന്ന് ആധി ഉമ്മാമ്മാക്ക്.
നെഞ്ച് തടവിക്കൊണ്ട് ഉമാമ്മ വേവലാതിപ്പെട്ടു.
ഹസ്സൻ മൊല്ലാക്ക പുഞ്ചിരിച്ചു , പതിയെ പറഞ്ഞു തുടങ്ങി ,
കഥിയാ…. മസ്അല പറയാൻ പലരുണ്ടാവും. ദീനുൽ ഇസ്ലാമിൽ ഇത് തെറ്റാന്ന് കര്തൂണ്ടോ ഇയ്യ്. യുദ്ധത്തിൽ ശഹീദായ സ്വഹബാക്കളുടെ ഭാര്യമാരെ നിക്കാഹ് ചെയ്ത് അവർക്ക് സംരക്ഷണം നൽകിയ സ്വഹബാക്കളുണ്ട്..

നമ്മളെ മുത്ത് നബിയുടെ ഭാര്യമാര്, അവര് യുദ്ധത്തിൽ ശഹീദായ ശുഹദാക്കളുടെ ഭാര്യമാരാണ്. റസൂലുള്ള അവരെ നിക്കാഹ് കഴിച്ച് കൂടെ കൂട്ടി, അവക്ക് അഭയം നൽകി.
ആയിഷ ചെറിയ കുട്ടിയാണ്. അവൾ ജീവിതം തുടങ്ങീട്ടില്ല. ഇങ്ങനെ വീടിന്റെ ഉള്ളിലിട്ട് അതിനെ എടങ്ങേറാക്കുന്നതിനേക്കാൾ നല്ലത് ഓൾക്കൊരു കൂട്ട് കൊടുക്കലാണ്.
ഹസൻ മൊല്ല യാത്ര പറഞ്ഞിറങ്ങി നടക്കുമ്പഴും ഉമ്മാമ്മാന്റെ മുഖം തെളിച്ചമില്ലായിരുന്നു.

ആയിഷയുടെ കല്യാണം കഴിഞ്ഞന്നു രാത്രി ഉമ്മാമ്മാക്ക് പെട്ടെന്ന് നെഞ്ചു വേദന. അയൽപക്കക്കാര് ഓടി വന്നു. സൈനാത്ത കിതപ്പടക്കി, കൂടി നിന്ന വരെ നോക്കി പറഞ്ഞു, ഖബറിൽക്കെടക്ക്ണോ ന്റെ പൊരുത്തം ണ്ടാവൂല. ഉമ്മാമ്മ വിളറി വെളുത്തു. തൊണ്ട വറ്റി.
എവിടുന്നോ ചിലച്ച കുറ്റിചുളിന്റെ ഒച്ച കാതിൽപ്പതിച്ച ഉമ്മാമ്മ
നെഞ്ച് അമർത്തിത്തടവി, അസ്റാഈലിനെ കാത്ത് കണ്ണുകളടച്ചു കിടന്നു.

ഉമ്മ ഒരു കുപ്പിയിൽ നിന്നും വായുഗുളിക എടുത്ത് ഉമ്മാമ്മയുടെ വായിലിട്ട് കൊടുത്തു കൂടി നിന്നവരോട് പറഞ്ഞു, ഗ്യാസിന്റെ ആവും, ഇടക്ക് ഉണ്ടാവാറുണ്ട്. ഇന്ന് ഉമ്മ ബേജാറിൽ ഗുളിക കുടിക്കാൻ മറന്നതാവും.

ഉമ്മാമ്മ ഗുളിക സാവധാനം ചവച്ചിറക്കി. ജീരകം വായിലിട്ട്, ചൂടുവെള്ളം കുടിച്ചപ്പോൾ ഉമ്മാമ്മ മൗത്തിൽ നിന്ന് തിരിച്ചു വന്നു. അപ്പോഴും പനയംകുന്നിലെ മാവിലിരുന്ന് കുറ്റിച്ചൂളാൻ ചിലച്ചു കൊണ്ടേയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *